‘ബീഡിയും ബീഹാറും’ വിവാദ സോഷ്യൽ മീഡിയ പോസ്റ്റില്‍ നിലപാട് വിശദീകരിച്ച് വി ടി ബൽറാം

തിരുവനന്തപുരം: ‘ബീഡിയും ബീഹാറും’ വിവാദ സോഷ്യൽ മീഡിയ പോസ്റ്റില്‍ നിലപാട് വിശദീകരിച്ച് വി ടി ബൽറാം. കെപിസിസി നേതൃയോഗത്തിലാണ് വിശദീകരണം നല്‍കിയത്. തന്‍റെ അറിവോടെയല്ല പോസ്റ്റെന്നും വിവാദങ്ങള്‍ അനാവശ്യമാണെന്നും വി ടി ബല്‍റാം പറഞ്ഞു. സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്ന ടീമിന് പറ്റിയ വീഴ്ചയാണ് അതെന്നും പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ തിരുത്തിച്ചത് താനാണെന്നും അദ്ദേഹം പറഞ്ഞു. ദൈനംദിന കാര്യങ്ങളിൽ ഇടപെടാൻ കഴിയാത്തത് നേരത്തെ തന്നെ നേതൃത്വത്തെ ബോധ്യപ്പെടുത്തിയതാണെന്നും വി ടി ബൽറാം.

അതേസമയം, ദേശീയ വിഷയങ്ങളിൽ സ്വന്തം നിലയ്ക്ക് പ്രതികരണം വേണ്ട എന്ന് സോഷ്യൽ മീഡിയ വിഭാഗത്തിന് കെപിസിസി നിർദേശം നല്‍കി. കൂടാതെ പൊലീസ് അതിക്രമങ്ങൾക്ക് എതിരായ പ്രചാരണത്തില്‍ നിന്നും ശ്രദ്ധ മാറരുത് എന്നും നിർദേശം. നേതാക്കൾ ഈ വിഷയങ്ങളിൽ പ്രതികരണം തുടരണമെന്നും കെപിസിസി നേതൃയോഗത്തിൽ അറിയിച്ചു. ബീഡിയുടെ ജിഎസ്ടി കുറച്ചപ്പോൾ ബീഹാർ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്തുള്ള വിവാദ പോസ്റ്റ് ആണ് കോൺഗ്രസ് കേരളയുടെ പേരിൽ ഇറങ്ങിയത്. ബിഹാറിനെ ആക്ഷേപിച്ചു എന്ന വിമർശനം ദേശീയ തലത്തിൽ ബിജെപി ഉയർത്തിയതോടെ കെപിസിസി തന്നെ പ്രതിരോധത്തിലായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *