മടക്കയാത്രയില്ലാതെ ജന്മനാട്ടിലേക്ക്, വിപ്ലവ വഴികൾ പിന്നിട്ട് വിഎസ്

ആലപ്പുഴ: കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം പടുത്തുയർത്താൻ പിന്നിട്ട സമരവഴികളിലൂടെ വിഎസിന്റെ അവസാന യാത്ര. ആലപ്പുഴ മണ്ണിൽ വിഎസ് വീണ്ടും എത്തിയതോടെ കണ്ണീർപ്പൂക്കളുമായാണ് ജനങ്ങൾ എതിരേൽക്കുന്നത്. സങ്കടം മാത്രം നിറഞ്ഞ മുഖങ്ങളുമായി മണിക്കൂറുകളോളമാണ് പ്രിയപ്പെട്ട നേതാവിനായി അവർ കാത്തിരിക്കുന്നത്.
പുന്നപ്ര എന്ന വിപ്ലവ ഭൂമിയിൽ നിന്ന് കുട്ടനാട്ടിലെ ചേറിലും ചെളിയിലും വളർന്ന പാർട്ടിയിലൂടെ കേരള രാഷ്ട്രീയത്തിലെ അതികായനായി മാറിയ ആലപ്പുഴയുടെയുടെ അഭിമാനമായ വിഎസിനെ ആലപ്പുഴ അവസാനമായി ഹൃദയപൂർവ്വമാണ് അവർ ഏറ്റുവാങ്ങിയത്. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെ സെക്രട്ടറിയേറ്റ് ദർബാർ ഹാളിൽ നിന്നും പുറപ്പെട്ട വിലാപയാത്ര തിരുവനന്തപുരം, കൊല്ലം ജില്ലകൾ പിന്നിട്ടാണ് ആലപ്പുഴയിലേക്ക് എത്തിയത്.
20 മണിക്കൂറിൽ 140 കിലോ മീറ്റർ പിന്നിട്ടാണ് വിലാപ യാത്ര ആലപ്പുഴയിൽ പ്രവേശിച്ചത്.കണ്ണേ കരളേ, വിഎസ്സേ.., ഇല്ലാ..ഇല്ല മരിക്കുന്നില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ എന്ന മുദ്രാവാക്യത്തിന്റെ അകമ്പടിയോടെയാണ് വിലാപയാത്ര ഓരോ കിലോമീറ്ററും പിന്നിടുന്നത്. നിലപാട് കൊണ്ടും ജീവിതം കൊണ്ടും ജനമനസുകളിൽ ഇടം നേടിയ ആലപ്പുഴക്കാരൻ.
കൗമാരക്കാരിലേറെയും ആദ്യമായിട്ടാണ് വിഎസിനെ നേരിൽ കാണുന്നത്. വിഎസ് ആലപ്പുഴയിൽ എത്തിയതോടെ ഇന്നോളം സാക്ഷ്യം വഹിച്ചിട്ടില്ലാത്ത ജനസഞ്ചയത്തിനാണ് വിപ്ലവ മണ്ണ് സാക്ഷിയാകുന്നത്.വിഎസിന്റെ മുഖമൊന്ന് കാണാൻ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ജനസഞ്ചയമാണ് കഴിഞ്ഞ രണ്ട് ദിവസമായി ആലപ്പുഴ നഗരത്തലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. വേലിക്കകത്ത് വീട്ടിലെ പൂമുഖത്ത് വിഎസ് ഇരുന്നിരുന്ന കസേരയെ വലം വച്ച് മൂകമായി മടങ്ങുകയായിരുന്നു ജനം.
സ്ത്രീകൾ കൂട്ടമായെത്തി കണ്ണേ…കരളേ വീയെസേ എന്ന് മുഷ്ടികൾ ഉയർത്തി ഗേറ്റിനു മുന്നിൽ മുദ്രാവാക്യം വിളിച്ചു. വരുന്നവരെല്ലാം മുദ്രാവാക്യം വിളിയുമായി ഇവരോടൊപ്പം ചേർന്നു. സ്വന്തം വീട്ടിലെ ഒരംഗത്തെ നഷ്ടമായ വേദനയായിരുന്നു എല്ലാവരുടേയും മുഖത്ത്. വിഎസ് വേലിക്കകത്ത് വീട്ടിലെത്താൻ നേരം വൈകുമെന്ന് അറിഞ്ഞിട്ടും സ്ത്രീകളും കുട്ടികളുമടക്കം കാത്തിരിപ്പ് തുടർന്നു. പൊതുദർശനത്തിനൊടുവിൽ ഇന്ന് വൈകിട്ട് നാല് മണിക്കാണ് സംസ്‌ക്കാരം നിശ്ചയിച്ചിരിക്കുന്നത്.