വലിയ ചുടുകാട്ടില്‍ ചെങ്കടലിരമ്പം കേട്ട് വിഎസ് മടങ്ങി

ആലപ്പുഴ: കേരളത്തിന്റെ വിപ്ലവ നായകന്‍ വിഎസ് അച്യുതാനന്ദന്‍ ഇനി ജ്വലിക്കുന്ന നക്ഷത്രം. മുന്‍ മുഖ്യമന്ത്രിയും സിപിഎം അതികായനുമായ അദ്ദേഹത്തിന്റെ ഭൗതികശരീരം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. പുന്നപ്ര വയലാര്‍ സമരരക്തസാക്ഷികള്‍ക്കൊപ്പമാണ് വിഎസ്സിന്റെ അന്ത്യവിശ്രമം. രാഷ്ട്രീയ കേരളത്തിന്റെയാകെ അഭിവാദ്യം സ്വീകരിച്ചുകൊണ്ടാണ് സമരസഫലമായ ജീവിതത്തിന് വിഎസ് വിരാമമിട്ടിരിക്കുന്നത്. മകന്‍ വിഎ അരുണ്‍കുമാര്‍ ചിതയ്ക്ക് തീ കൊളുത്തി. ഇനി വിഎസ് ജീവിക്കും, ജനഹൃദയങ്ങളില്‍.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ വിഎസ്സിന്റെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്തു. തിങ്കളാഴ്ച വൈകുന്നേരം 3.20ന് തിരുവനന്തപുരത്തെ എസ്.യു.ടി ആശുപത്രിയിലായിരുന്നു വിഎസ്സിന്റെ അന്ത്യം. ഒരു മാസത്തോളം ചികിത്സയില്‍ തുടര്‍ന്ന ശേഷമായിരുന്നു മരണം. തുടര്‍ന്ന് എകെജി പഠന ഗവേഷണ കേന്ദ്രത്തില്‍ (പഴയ എകെജി സെന്റര്‍) പൊതുദര്‍ശനം. വന്‍ ജനാവലിയാണ് പ്രിയ നേതാവിന്റെ മരണവാര്‍ത്തയറിഞ്ഞ് ആശുപത്രിയിലേക്കും പൊതുദര്‍ശനം നടന്ന എകെജി സെന്ററിലേക്കും ഒഴുകിയെത്തിയത്.

തുടര്‍ന്ന് അന്ന് രാത്രി തന്നെ തിരുവനന്തപുരം ബാര്‍ട്ടണ്‍ഹില്ലിലെ ‘വേലിക്കകത്ത്’ വീട്ടിലേക്ക് കൊണ്ടുപോയി. ചൊവ്വാഴ്ച രാവിലെ സെക്രട്ടേറിയറ്റിലെ ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനം. സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുള്ളവര്‍ പ്രിയ നേതാവിനെ അവസാനമായി കാണാന്‍ ഇവിടേക്ക് ഒഴുകിയെത്തി. ഉച്ചയ്ക്ക് രണ്ട് മണിയോടെ ജന്മനാടായ ആലപ്പുഴയിലേക്ക് വിലാപയാത്ര. സ്ത്രീകളും കൊച്ചുകുട്ടികളും പ്രായമായവരും ഉള്‍പ്പെടെയുള്ളവര്‍ തിരുവനന്തപുരം മുതല്‍ ആലപ്പുഴ വരെയുള്ള റോഡിന്റെ ഇരുവശത്തും വിഎസിനെ അവസാനമായി കാണാന്‍ കാത്തുനിന്നു.

തുടര്‍ന്ന് ആലപ്പുഴ ജില്ലയിലെത്തിയ ശേഷം വേലിക്കകത്ത് വീട്ടിലും പിന്നീട് പാര്‍ട്ടി ജില്ലാ കമ്മിറ്റി ഓഫീസിലും പൊതുദര്‍ശനം, റിക്രിയേഷന്‍ ഗ്രൗണ്ടില്‍ നിന്ന് വലിയ ചുടുകാട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഇവിടെ മാത്രം പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല. പിന്നിട്ട എല്ലാ വഴികളിലും വന്‍ ജനാവലിയാണ് ആലപ്പുഴ ജില്ലയില്‍ തങ്ങളുടെ പ്രിയ നേതാവിനെ അവസാനമായി ഒരു നോക്ക് കാണാനായി കാത്ത് നിന്നത്.

കനത്ത മഴയെപ്പോലും വകവയ്ക്കാതെയാണ് വഴിനീളെ പ്രിയ സഖാവിനെ കാണാന്‍ കാത്തുനിന്നത്. തീരുമാനിച്ചുറപ്പിച്ച സമയത്തെയെല്ലാം മറികടക്കുന്നതായിരുന്നു ജനത്തിരക്ക്. കണ്ണേ…കരളേ വിഎസ്സേ, ഞങ്ങട നെഞ്ചിലെ റോസാപ്പൂവെ…, ആരുപറഞ്ഞു മരിച്ചെന്ന്..ജീവിക്കുന്നൂ ഞങ്ങളിലൂടെ…എന്നീ മുദ്രാവാക്യം വിളികളാലും അഭിവാദ്യമര്‍പ്പിക്കലുകളും തിരുവനന്തപുരം – ആലപ്പുഴ ദേശീയപാതയെ പ്രകമ്പനം കൊള്ളിച്ച മണിക്കൂറുകളാണ് കേരളം സാക്ഷ്യം വഹിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *