വോട്ടർപട്ടിക അട്ടിമറി:രാഹുൽ ഗാന്ധി പറഞ്ഞ പലകാര്യങ്ങളും തൃശൂരിൽ നടന്നിട്ടുണ്ട് ;വി.എസ് സുനിൽ കുമാർ

തൃശൂർ: വോട്ടർപട്ടിക അട്ടിമറിയിൽ രാഹുൽ ഗാന്ധി പറഞ്ഞ പലകാര്യങ്ങളും തൃശൂരിൽ നടന്നിട്ടുണ്ടെന്ന് വി.എസ് സുനിൽ കുമാർ. കൃത്യമായ തെളിവുകളോട് കൂടിയാണ് രാഹുൽ കാര്യങ്ങൾ വിശദീകരിച്ചതെന്നും തൃശൂരിലെ വോട്ട് ചേർക്കലിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നിലപാട് ദുരൂഹമായിരുന്നുവെന്നും സുനിൽകുമാർ പറഞ്ഞു.
രാഹുൽ പറഞ്ഞത് ഗുരുതര കാര്യങ്ങൾ. തെരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി പറയണം. കമ്മീഷൻ സർക്കാർ ഡിപ്പാർട്മെന്റ് പോലെ പ്രവർത്തിക്കുന്നു. തൃശൂരിലെ വോട്ട് ചേർക്കൽ ലഘൂകരിച്ചു. ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ അവസാനിപ്പിച്ച് പേപ്പർ ബാലറ്റിലേക്ക് തിരിച്ചു പോകണം. രാഹുൽ ഗാന്ധി പറഞ്ഞത് തെറ്റെങ്കിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നിയമനടപടി സ്വീകരിക്കണമെന്നും ഇക്കാര്യത്തിൽ സുപ്രിംകോടതി ഇടപെടണമെന്നും വി.എസ് സുനിൽ കുമാർ വ്യക്തമാക്കി.
രാജ്യത്ത് തെരഞ്ഞെടുപ്പുകളിൽ ഗുരുതര ക്രമക്കേടുകൾ നടക്കുന്നതായും തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുമായി ചേർന്ന് ഒത്തുകളിച്ചുവെന്നുമായിരുന്നു രാഹുൽ ഗാന്ധി തെളിവുകൾ നിരത്തി ചൂണ്ടിക്കാട്ടിയത്. ഇന്ത്യൻ ജനാധിപത്യത്തിൻ്റെ യാഥാർത്ഥ്യം ഇതാണെന്നും തെളിവുകൾ നശിപ്പിക്കാനുള്ള തിരക്കിലാണ് ഇപ്പോൾ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉള്ളതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഭരണഘടനക്കെതിരായ കുറ്റകൃത്യമാണ് നടന്നത്. ആറുമാസം 40 പേരെ വെച്ച് ഓരോ മണ്ഡലവും പഠിച്ചതിനു ശേഷം ആധികാരികമായും ഉത്തരവാദിത്തത്തോടെയുമാണ് ഈ കാര്യങ്ങൾ വെളിപ്പെടുത്തുന്നതെന്നും രാഹുൽ വ്യക്തമാക്കി.