ചെന്നൈ തുറമുഖത്തെ പിന്തള്ളി,വിഴിഞ്ഞം @ നമ്പർ 1

0

വിഴിഞ്ഞം തുറമുഖത്തിന് ചരിത്ര നേട്ടം. ഇന്ത്യയിലെ തെക്ക്, കിഴക്കൻ തുറമുഖങ്ങളിൽ ചരക്ക് നീക്കത്തിൽ ഫെബ്രുവരി മാസം ഒന്നാം സ്ഥാനമെന്ന നേട്ടമാണ് വിഴിഞ്ഞം സ്വന്തമാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചത്. ജനുവരിയിൽ രണ്ടാം സ്ഥാനത്തായിരുന്നു വിഴിഞ്ഞം. ഫെബ്രുവരിയിൽ 40 കപ്പലുകളിൽ നിന്നായി വിഴിഞ്ഞം തുറമുഖത്ത് കൈകാര്യം ചെയ്തത് 78833 കണ്ടെയ്നറുകളാണ്. ഇതോടെയാണ് വിഴിഞ്ഞം ഇന്ത്യയിലെ തെക്ക് കിഴക്കൻ മേഖലകളിലെ 15 തുറമുഖങ്ങളിൽ ഒന്നാം സ്ഥാനത്ത് എത്തിയതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ആഗോള മാരിടൈം രംഗത്ത് വിഴിഞ്ഞത്തിന്റെ പ്രാധാന്യം വർദ്ധിക്കുകയാണെന്നും കേരളത്തിന്റെ വികസനത്തിൽ വിഴിഞ്ഞം തുറമുഖത്തിന്റെ വളർച്ച മികച്ച രീതിയിൽ പ്രതിഫലിക്കുക തന്നെ ചെയ്യുമെന്നും മുഖ്യമന്ത്രി വിവരിച്ചു. ചെന്നൈ തുറമുഖത്തെയടക്കം പിന്തള്ളാനായത് വിഴിഞ്ഞത്തിന്‍റെ വലിയ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്. മുഖ്യമന്ത്രിയുടെ കുറിപ്പ് പൂർണരൂപത്തിൽ

അതിവേഗം ഉയരങ്ങളിലേയ്ക്ക് കുതിക്കുകയാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. ഫെബ്രുവരി മാസത്തിൽ കൈകാര്യം ചെയ്ത ചരക്കിന്റെ അളവിൽ ഇന്ത്യയിലെ തെക്കു, കിഴക്കൻ മേഖലകളിലെ 15 തുറമുഖങ്ങളിൽ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് വിഴിഞ്ഞം തുറമുഖം. ട്രയൽ റൺ തുടങ്ങി എട്ടു മാസവും കൊമേഴ്സ്യൽ ഓപ്പറേഷൻ തുടങ്ങി മൂന്നു മാസവും മാത്രം പിന്നിട്ട പദ്ധതിയുടെ ഈ നേട്ടം വിസ്മയകരമാണ്. ഫെബ്രുവരി മാസത്തിൽ 40 കപ്പലുകളിൽ നിന്നായി 78833 ടി ഇ യു ചരക്കാണ് വിഴിഞ്ഞം അന്താരാഷ്ട്ര കണ്ടെയ്നർ ടെർമിനൽ കൈകാര്യം ചെയ്തത്. ആഗോള മാരിടൈം രംഗത്ത് വിഴിഞ്ഞത്തിന്റെ പ്രാധാന്യം വർദ്ധിക്കുകയാണ്. കേരളത്തിന്റെ വികസനത്തിൽ തുറമുഖത്തിന്റെ വളർച്ച മികച്ച രീതിയിൽ പ്രതിഫലിക്കുക തന്നെ ചെയ്യും. ലോകത്തെ ഏറ്റവും മികച്ച തുറമുഖങ്ങളിൽ ഒന്നാക്കി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ മാറ്റുന്നതിനായി ദൃഢനിശ്ചയത്തോടെ സർക്കാർ മുന്നോട്ടു പോകും.

LEAVE A REPLY

Please enter your comment!
Please enter your name here