സുരക്ഷാ ഉദ്യോഗസ്ഥരോട് അവനെ മര്‍ദിക്കരുതെന്ന് വിരാട് കോലി

0

കൊല്‍ക്കത്ത: ഐപിഎല്‍ പതിനെട്ടാം സീസണിലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്- റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ഉദ്ഘാടന മത്സരത്തില്‍ ഒരു നാടകീയ സംഭവം അരങ്ങേറിയിരുന്നു. വിഖ്യാതമായ കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സിലെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് വിരാട് കോലിയെ കാണാന്‍ ഒരു ആരാധകന്‍ മൈതാനത്ത് ഇറങ്ങിയതായിരുന്നു സംഭവം. ഇയാള്‍ കോലിയുടെ കാലില്‍ തൊടുകയും ആശ്ലേഷിക്കുകയും ചെയ്തു. എന്നാല്‍ അംപയര്‍മാര്‍ ഉടനടി ഇടപെടുകയും സുരക്ഷാ ഉദ്യോഗസ്ഥര്‍ മൈതാനത്തിറങ്ങിയ ആരാധകനെ പിടികൂടുകയും ചെയ്തു. ഈ ആരാധകന്‍ ഒരു ദിവസം പൊലീസ് കസ്റ്റഡിലായിരുന്നു എന്നാണ് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട്. 

കെകെആര്‍- ആര്‍സിബി മത്സരത്തിനിടെ മൈതാനത്തിറങ്ങിയയാള്‍ക്ക് 18 വയസ് മാത്രമാണ് പ്രായം. ഐപിഎല്‍ സീസണില്‍ അവശേഷിക്കുന്ന മത്സരങ്ങളിലൊന്നും ഇയാള്‍ക്ക് ഈഡനില്‍ പ്രവേശിക്കാന്‍ അനുമതിയില്ല. കോലിയുടെ അടുത്തെത്തിയതിന് പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളെ പിടികൂടുകയും പൊലീസിന് കൈമാറുകയും ചെയ്തു. ആരാധകന്‍ ഈഡന്‍ ഗാര്‍ഡന്‍സിലെ ഫെന്‍സിംഗ് ചാടിക്കടന്ന് മൈതാനത്തിറങ്ങുന്ന ദൃശ്യങ്ങള്‍ എക്സ് അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വൈറലായിരുന്നു.

ഞാന്‍ അദേഹത്തിന്‍റെ കാലില്‍ തൊട്ടതും വിരാട് കോലി സര്‍ എന്‍റെ പേര് ചോദിച്ചു. വേഗം ഓടി രക്ഷപ്പെടാനും പറഞ്ഞു. എന്നെ മര്‍ദിക്കരുതെന്ന് സുരക്ഷാ ഉദ്യോഗസ്ഥരോട് പറയുകയും ചെയ്തു’- മൈതാനത്തിറങ്ങിയതിന് പൊലീസ് കസ്റ്റഡിയിലായ 18-കാരന്‍ വ്യക്തമാക്കിയതായി ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. അതിക്രമിച്ചു കടക്കൽ, മറ്റുള്ളവരുടെ ജീവനോ സുരക്ഷയോ അപകടത്തിലാക്കുന്ന അശ്രദ്ധമായ നടപടി തുടങ്ങിയ കുറ്റങ്ങള്‍ ആരാധകനെതിരെ ചുമത്തി. 

മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു 7 വിക്കറ്റിന്‍റെ ജയം കോലിക്കരുത്തില്‍ സ്വന്തമാക്കിയിരുന്നു. സ്വന്തം തട്ടകത്തില്‍ ആദ്യം ബാറ്റ് ചെയ്ത കെകെആര്‍ നിശ്ചിത 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ കോലി തിളങ്ങിയതോടെ ആര്‍സിബി 16.2 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ജയത്തിലെത്തി. കോലി 36 പന്തുകളില്‍ 59 റണ്‍സുമായി പുറത്താവാതെ നിന്നു. 31 പന്തില്‍ 56 എടുത്ത ഫില്‍ സാള്‍ട്ടും ആര്‍സിബിക്ക് നിര്‍ണായകമായപ്പോള്‍ 29 റണ്‍സിന് മൂന്ന് വിക്കറ്റുമായി സ്പിന്നര്‍ ക്രുനാല്‍ പാണ്ഡ്യയായിരുന്നു കളിയിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടത്. 

LEAVE A REPLY

Please enter your comment!
Please enter your name here