വിരാട് കൊഹ്ലി വിരമിക്കുന്നു? സൂചന ലഭിച്ചുവെന്ന് ആരാധകര്‍

അഡലെയ്ഡ്: ഓസ്‌ട്രേലിയക്ക് എതിരായ രണ്ടാം ഏകദിന മത്സരത്തിലും പൂജ്യത്തിന് പുറത്തായതോടെ മുന്‍ നായകന്‍ വിരാട് കൊഹ്ലി വിരമിക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ ശക്താകുന്നു. ഏഴ് മാസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തിയ കൊഹ്ലി ഓസീസിനെതിരായ രണ്ട് ഏകദിന മത്സരങ്ങളിലും ഡക്കായിരുന്നു. പെര്‍ത്തില്‍ എട്ട് പന്തുകളില്‍ നിന്ന് പൂജ്യം. തന്റെ ഇഷ്ട ഗ്രൗണ്ടായ അഡലെയ്ഡ് ഓവലില്‍ നാല് പന്തുകളില്‍ നിന്ന് പൂജ്യം. ഈ പരമ്പരയില്‍ 12 പന്തുകള്‍ നേരിട്ട താരം ഒരു റണ്‍ പോലും ഇനിയും നേടിയിട്ടില്ല.

2027 ഏകദിന ലോകകപ്പില്‍ കളിക്കുവാനുള്ള ആഗ്രഹം പരോക്ഷമായി ഇതിനോടകം തന്നെ കൊഹ്ലി പലകുറി വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ ഏകദിന ക്രിക്കറ്റില്‍ മാത്രമാണ് വിരാട് കൊഹ്ലി ഇന്ത്യക്കായി കളിക്കുന്നത്. 2024ല്‍ ട്വന്റി 20 ഫോര്‍മാറ്റില്‍ നിന്ന് വിരമിച്ച താരം ഈ വര്‍ഷം ആദ്യം ടെസ്റ്റ് ക്രിക്കറ്റിനോടും വിടപറഞ്ഞിരുന്നു. അടുത്ത ഏകദിന ലോകകപ്പില്‍ പോയിട്ട് അടുത്ത ഒരു പരമ്പരയില്‍ കൂടി സൂപ്പര്‍താരത്തെ ഇന്ത്യന്‍ ജേഴ്‌സിയില്‍ കാണാന്‍ കഴിയുമോ എന്ന ആശങ്കയിലാണ് ആരാധകര്‍.അഡലെയ്ഡ് ഏകദിനത്തില്‍ പൂജ്യത്തിന് പുറത്തായതോടെയാണ് കൊഹ്ലി അന്താരാഷ്ട്ര ക്രിക്കറ്റ് മതിയാക്കുന്നുവെന്ന വാര്‍ത്തകളും അഭ്യൂഹങ്ങളും പ്രചരിക്കുന്നത്.

ഇതിന് കാരണമായി ഉയര്‍ത്തിക്കാണിക്കപ്പെടുന്നത്. പുറത്തായ പവിലിയനിലേക്ക് മടങ്ങുമ്പോള്‍ താരം കാണികളെ ഗ്ലൗസ് ഉയര്‍ത്തി അഭിവാദ്യം ചെയ്തതാണ്. മോശം ഫോമില്‍ തുടരാന്‍ കഴിയില്ലെന്ന് മറ്റാരെക്കാളും നന്നായി മുന്‍ നായകന് അറിയാമെന്നാണ് ഒരു വിഭാഗം ആരാധകര്‍ പറയുന്നത്.എന്നാല്‍ ഓസ്‌ട്രേലിയയിലെ തന്റെ ഇഷ്ട ഗ്രൗണ്ടായ അഡലെയ്ഡ് ഓവലില്‍ ഇനിയൊരു മത്സരം കളിക്കാന്‍ കൊഹ്ലി എത്താന്‍ സാദ്ധ്യതയില്ല. ഈ ഗ്രൗണ്ടിലെ തന്റെ അവസാന മത്സരം കളിച്ച് മടങ്ങിയതിന് ശേഷം ആരാധകരെ അഭിവാദ്യം ചെയ്തതാണെന്നും വിരമിക്കലുമായി ഇതിനെ കൂട്ടിക്കെട്ടേണ്ടതില്ലെന്നും വാദിക്കുന്ന മറ്റൊരു വിഭാഗം ആരാധകരും ഉണ്ട്. എന്തായാലും പരമ്പരയിലെ അവസാന മത്സരത്തില്‍ താരം ബാറ്റിംഗില്‍ തിളങ്ങുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

Related Articles

Leave a Reply

Your email address will not be published. Required fields are marked *