വിപഞ്ചികയുടെ മരണം: ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ കേസെടുത്ത് പൊലീസ്

കൊല്ലം കേരളപുരം സ്വദേശി വിപഞ്ചിക ഷാര്‍ജയില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസിന്റേയും സൈബര്‍ സെല്ലിന്റേയും അന്വേഷണം. ആത്മഹത്യാ പ്രേരണയും സ്ത്രീധന നിരോധന നിയമപ്രകാരമുള്ള വകുപ്പുകളും ചുമത്തി കുണ്ടറ പൊലീസ് കേസെടുത്തു. ഭര്‍ത്താവ്, ഭര്‍തൃപിതാവ്, ഭര്‍ത്താവിന്റെ സഹോദരി എന്നിവര്‍ കുറ്റാരോപിതര്‍. വിപഞ്ചികയുടെ അമ്മയുടെ പരാതിയിലാണ് നടപടി.
മരണശേഷം വിപഞ്ചികയുടെ സാമൂഹ്യ മാധ്യമ പോസ്റ്റുകള്‍ അപ്രത്യക്ഷമായത് തെളിവ് നശിപ്പിക്കലെന്ന നിഗമനത്തിലാണ് സൈബര്‍ സെല്ലിന്റെ പ്രത്യേക അന്വേഷണം.ഭര്‍ത്താവ് നിതീഷില്‍ നിന്നു പീഡനമേറ്റതിന്റെ ചിത്രങ്ങളും ശബ്ദം സന്ദേശങ്ങളും വിപഞ്ചിക മരണത്തിനു മുന്‍പ് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇവയൊക്കെ ഡിജിറ്റല്‍ തെളിവായി പൊലീസിന് നല്‍കിയിട്ടുമുണ്ട്. ഭര്‍ത്താവിന്റെയും ഭര്‍തൃ വീട്ടുകാരുടെയും പീഡനം സഹിക്കവയ്യാതെയാണ് ആത്മഹത്യ ചെയ്തതെന്ന് വിപഞ്ചിക ആത്മഹത്യാക്കുറിപ്പില്‍ പറയുന്നുമുണ്ട്.
കല്യാണത്തിന് പിന്നാലെ തന്നെ സ്ത്രീധന തര്‍ക്കമുണ്ടായി. വീട്ടുകാര്‍ നല്‍കിയ രണ്ടര ലക്ഷം രൂപയില്‍ നിന്നും സ്വന്തം വിദ്യാഭ്യാസ ലോണിന്റെ തുക അടക്കാന്‍ പറഞ്ഞത് തര്‍ക്കത്തിന് കാരണമായി. ഒന്നേകാല്‍ ലക്ഷം രൂപയായിരുന്നു വിദ്യാഭ്യാസ ലോണ്‍. തങ്ങള്‍ തമ്മില്‍ നില്‍ക്കേണ്ട കാര്യം ലോകം മുഴുവന്‍ അറിയിച്ച ഭര്‍ത്താവ് നീതിഷിന് നാണം ഉണ്ടോയെന്നാണ് വിപഞ്ചികയുടെ ശബ്ദ സന്ദേശം.