വിപഞ്ചികയുടെ മൃതദേഹം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്യും; ഇന്ന് കൊല്ലത്തെ വീട്ടിലെത്തിക്കും

തിരുവനന്തപുരം : ഷാര്‍ജയില്‍ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി വിപഞ്ചികയുടെ മൃതദേഹം ഇന്ന് വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. കുടുംബത്തിന്റെ ആവശ്യപ്രകാരമാണ് റീ പോസ്റ്റ്‌മോര്‍ട്ടം ചെയ്യാനൊരുങ്ങുന്നത്. പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായ ശേഷം മൃതദേഹം കൊല്ലത്തെ വീട്ടിലേക്ക് കൊണ്ടുപോകും.
കഴിഞ്ഞ ദിവസം തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം നിലവില്‍ മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ ആണ്. വിപഞ്ചികയുടെ അമ്മയും ബന്ധുക്കളും നാട്ടിലെത്തിയിട്ടുണ്ട്. നാട്ടില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ വരും ദിവസങ്ങളില്‍ തുടര്‍നടപടികള്‍ ഉണ്ടായേക്കും. ഈ മാസം എട്ടിന് ആണ് വിപഞ്ചികയെയും ഒന്നര വയസുകാരി വൈഭവിയെയും ഷാര്‍ജയിലെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിപഞ്ചികയുടെ കുഞ്ഞിന്റെ മൃതദേഹം ദിവസങ്ങള്‍ക്ക് മുമ്പ് ദുബായില്‍ സംസ്‌കരിച്ചിരുന്നു.