തിരുവനന്തപുരം: സിനിമകളിലെ അക്രമരംഗങ്ങൾ കേരളത്തിലെ യുവാക്കളെ സ്വാധീനിക്കുന്നുവെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്ത് അടുത്തിടെ നടന്ന കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ വർഷം തീയേറ്ററുകളിലെത്തിയ മാർക്കോ പോലുളള സിനിമകളുടെ പേരെടുത്ത് പറഞ്ഞാണ് രമേശ് ചെന്നിത്തല വിമർശിച്ചത്.
‘ഈ വിഷയത്തിൽ സർക്കാർ ഇടപെടൽ ആവശ്യമാണ്.സിനിമകളിൽ വയലൻസ് നിയന്ത്രിക്കണം. വ്യാപകമായ അക്രമങ്ങൾ നടക്കുകയാണ്. ആർഡിഎക്സ്, കൊത്ത്, മാർക്കോ പോലുളള സിനിമകൾ ചെറുപ്പക്കാരെ സ്വാധീനിക്കുകയാണ്. ഇതൊക്കെ തടയേണ്ടത് സർക്കാരിന്റെ ചുമതലയാണ്. സർക്കാർ ഇവിടെ നിഷ്‌ക്രിയമായിരിക്കുകയാണ്. ഏത് മാർഗത്തിലൂടെയും ജനങ്ങളെ വഴി തെറ്റിക്കാൻ ശ്രമിക്കുകയാണ്’- അദ്ദേഹം പറഞ്ഞു.കഴിഞ്ഞ കുറച്ച് നാളുകളായി മനുഷ്യ മനഃസാക്ഷിയെ ഞെട്ടിക്കുന്ന തരത്തിലുളള കുറ്റകൃത്യങ്ങളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
കഴിഞ്ഞ തിങ്കളാഴ്ച വെഞ്ഞാറമൂട്ടിലുണ്ടായ സംഭവമാണ് ഇപ്പോൾ ചർച്ചാവിഷയം. 23കാരൻ കുടുംബത്തിലെ നാല് പേരെയും കാമുകിയെയും ക്രൂരമായാണ് തലയ്ക്കടിച്ച് കൊന്നത്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തുകയാണ്. സാമ്പത്തിക ബാദ്ധ്യതയാണ് പ്രതിയായ അഫാനെ കൊലപാതകങ്ങളിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞിട്ടുളളത്.ചുറ്റിക ഉപയോഗിച്ചാണ് യുവാവ് ക്രൂരമായി ബന്ധുക്കളെ കൊലപ്പെടുത്തിയത്. കൃത്യം നടത്തിയതിനുശേഷം വിഷം കഴിച്ച പ്രതി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഡോക്ടർമാരുടെ അനുമതിപ്രകാരം ഇയാളെ അറസ്റ്റ് ചെയ്യാനാണ് പൊലീസ് നീക്കം