‘വിജയ് തൃഷയുടെ വീട് വിട്ട് പുറത്തുവരണം’; ബിജെപി നേതാവിന്റെ പരാമർശത്തിന് ചുട്ടമറുപടിയുമായി നടി

ചെന്നൈ: ടി.വി.കെ പ്രസിഡന്റും നടനുമായ വിജയ്‌‌യെ ബന്ധപ്പെടുത്തി തമിഴ്നാട് ബി.ജെ.പി പ്രസിഡന്റ് നൈനാർ നാഗേന്ദ്രൻ നടത്തിയ പരാമർശങ്ങളിൽ പ്രതികരിച്ച് നടി തൃഷ. രാഷ്ട്രീയത്തിലിറങ്ങണമെങ്കിൽ വിജയ് ആദ്യം തൃഷയുടെ വീട് വിട്ടുപുറത്തുവരണമെന്നായിരുന്നു ബിജെപി നേതാവിന്റെ പരാമർശം. ഇത് വലിയ വിവാദങ്ങൾക്ക് വഴിവച്ചതിന് പിന്നാലെയാണ് നിയമപരമായ നിലപാട് വ്യക്തമാക്കി തൃഷ രംഗത്തെത്തിയിരിക്കുന്നത്. തന്റെ അഭിഭാഷകൻ മുഖേനയാണ് താരം ‘അനാദരവ് എപ്പോഴും തുറന്നുകാട്ടപ്പെടണം’ എന്ന കുറിപ്പോടെ സമൂഹമാദ്ധ്യമത്തിൽ പ്രതികരണമറിയിച്ചത്.

കുറിപ്പിന്റെ പൂർണരൂപം എന്റെ ക്ലയിന്റ്, പ്രശസ്ത ഇന്ത്യൻ ചലച്ചിത്ര നടി തൃഷ കൃഷ്ണന്റെ നിർദ്ദേശപ്രകാരം, താഴെപ്പറയുന്ന കാര്യങ്ങൾ രേഖപ്പെടുത്തിക്കൊണ്ട് ഞാൻ ഈ കമ്മ്യൂണിക് പുറപ്പെടുവിക്കുന്നു:

1.എന്റെ ക്ലയിന്റിനെക്കുറിച്ച് മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന മോശം പരാമർശത്തെ കുറിച്ചുള്ളതാണിത്.

2. സംസ്ഥാനത്തെ രാഷ്ട്രീയ രംഗത്ത് ഉയർന്ന പദവി വഹിക്കുന്ന ഒരാൾ ഇത്രയും മോശമായതും അനുചിതവുമായ പരാമർശം നടത്തുമെന്ന് എന്റെ ക്ലയിന്റ് ഒരിക്കലും പ്രതീക്ഷിച്ചില്ല.

3. ഒരു രാഷ്ട്രീയ പാർട്ടിയുമായും തനിക്ക് ബന്ധമില്ലെന്നും അങ്ങനെ ചെയ്യാൻ ഉദ്ദേശിക്കുന്നില്ലെന്നും എന്റെ ക്ലയിന്റ് വ്യക്തമാക്കുന്നു. കൂടാതെ എന്റെ ക്ലയിന്റ് മുൻകാലങ്ങളിൽ നിലകൊണ്ടിരുന്നതുപോലെ രാഷ്ട്രീയത്തിന്റെ കാര്യത്തിൽ അവർ എപ്പോഴും നിഷ്പക്ഷ നിലപാടാണ് സ്വീകരിക്കുന്നത്.

4. എന്റെ ക്ലയിന്റ് രാഷ്ട്രീയ ചിന്തകളിലൂടെയല്ല മറിച്ച് അവരുടെ കലയാൽ മാത്രമേ നിർവചിക്കപ്പെടാൻ ആഗ്രഹിക്കുന്നുള്ളൂ. ഏറ്റവും പ്രധാനമായി വ്യക്തിജീവിതമൊരിക്കലും പൊതു വ്യാഖ്യാനത്തിനോ സംവാദത്തിനോ വിഷയമാക്കരുതെന്ന് അഭ്യർത്ഥിക്കുന്നു. ഉയർന്ന സ്ഥാനങ്ങൾ വഹിക്കുന്ന വ്യക്തികൾ പൊതു സംവാദത്തിൽ ഉത്തരവാദിത്തവും സമത്വവും നിലനിർത്തുമെന്ന് പ്രതീക്ഷിക്കുന്നു.

5. എന്റെ കക്ഷിയുടെ പേര് അവരെ ബാധിക്കാത്ത കാര്യങ്ങളിൽ ഉൾപ്പെടുത്തരുതെന്ന് അഭ്യർത്ഥിക്കുന്നു.

ഡി.എം.കെയുടെ ഏക എതിരാളി ടി.വി.കെയാണെന്ന വിജയ്‌യുടെ വാദത്തിന് മറുപടിയായി മാദ്ധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു നൈനാർ നാഗേന്ദ്രൻ. ‘രാഷ്ട്രീയത്തിലിറങ്ങണമെങ്കിൽ വിജയ് ആദ്യം തൃഷയുടെ വീട് വിട്ടുപുറത്തുവരണം. സ്വന്തം കുടുംബത്തോടെങ്കിലും സ്‌നേഹം കാണിക്കണം. അദ്ദേഹത്തിന് അനുഭവങ്ങളില്ല, പാവം. തൃഷയെ വിട്ട് പുറത്തിറങ്ങിയാൽ മാത്രമേ എല്ലാം നടക്കൂ. മുതിർന്നവർ പറയുന്നത് കേൾക്കണം. നല്ല നേതാക്കൾ നയിക്കുന്ന പ്രസ്ഥാനങ്ങളെക്കുറിച്ച് നല്ല രീതിയിൽ സംസാരിക്കണം. മേൽക്കൂരയിൽ കയറി കോഴിയെ പിടിക്കാനാകാത്ത ആൾക്ക് ആകാശത്തേറി വൈകുണ്ഠത്തിൽ പോകാനാകുമോ” എന്നായിരുന്നു പരാമർശം. പരാമർശത്തിനെതിരെ പ്രതിഷേധമുയർന്നെങ്കിലും നാഗേന്ദ്രൻ പരാമർശം പിൻവലിക്കാൻ വിസമ്മതിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *