വിജയ് സേതുപതി- സംയുക്ത മേനോൻ- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രം പൂർത്തിയായി

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന പാൻ ഇന്ത്യൻ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. ചിത്രത്തിന്റെ ഷൂട്ടിന്റെ അവസാന ദിവസം, നായകൻ വിജയ് സേതുപതി, നിർമ്മാതാവ് ചാർമി കൗർ, സംവിധായകൻ പുരി ജഗനാഥ് എന്നിവർ പരസ്പരം സംവദിക്കുന്ന ഒരു മനോഹരമായ വീഡിയോ പുറത്തു വിട്ടു കൊണ്ടാണ് ചിത്രം പൂർത്തിയായ വിവരം അണിയറ പ്രവർത്തകർ അറിയിച്ചത്. ബിഗ് ബഡ്ജറ്റ് പാൻ ഇന്ത്യൻ ചിത്രമായി ഒരുക്കുന്ന ഈ പ്രൊജക്റ്റ് നിർമ്മിക്കുന്നത് പുരി കണക്റ്റിൻ്റെ ബാനറിൽ പുരി ജഗന്നാഥും ചാർമി കൌറും ഒപ്പം ജെ ബി മോഷൻ പിക്ചേഴ്സ് ബാനറിൽ ജെ ബി നാരായൺ റാവു കോൺഡ്രോള്ളയും ചേർന്നാണ്. സംയുക്ത മേനോൻ ആണ് ചിത്രത്തിലെ നായിക.

പുരി ജഗനാഥ് എന്ന സംവിധായകനെയും ചിത്രത്തിന്റെ മുഴുവൻ യൂണിറ്റിനേയും താൻ മിസ് ചെയ്യുമെന്ന് പറഞ്ഞു കൊണ്ടാണ് വിജയ് സേതുപതി വീഡിയോയിൽ സംസാരിച്ചത്. ഇത്രയും ദിവസങ്ങൾ കൊണ്ട് എല്ലാവരുമായും ഉണ്ടായ വൈകാരികമായ ബന്ധത്തെ കുറിച്ച് നിർമ്മാതാവ് ചാർമി കൗർ, സംവിധായകൻ പുരി ജഗനാഥ് എന്നിവരും സംസാരിച്ചു. പുരി ജഗനാഥിന്റെ ജാക്കറ്റിനെ കുറിച്ച് സരസമായി സംസാരിച്ചു കൊണ്ട് വിജയ് സേതുപതി വീഡിയോയിൽ ചിരി പടർത്തുകയും ചെയ്തു.

ബോളിവുഡ് താരം തബുവും കന്നഡ താരം വിജയ് കുമാറും ആണ് ഈ ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ബ്രഹ്മാജി, വി ടി വി ഗണേഷ് എന്നിവരും ചിത്രത്തിൻ്റെ താരനിരയിലുണ്ട്. ജൂലൈ മാസത്തിൽ ഹൈദരാബാദിൽ ആണ് ചിത്രത്തിൻ്റെ ആദ്യ ഷെഡ്യൂൾ ആരംഭിച്ചത്. ചിത്രത്തിന് സംഗീതമൊരുക്കുന്നത് ദേശീയ അവാർഡ് ജേതാവായ ഹർഷവർധൻ രാമേശ്വർ ആണ്. സൂപ്പർ ഹിറ്റുകളായ അർജുൻ റെഡ്ഡി, കബീർ സിങ്, അനിമൽ എന്നീ ചിത്രങ്ങൾക്ക് സംഗീതമൊരുക്കിയ ഹർഷവർധൻ രാമേശ്വർ ഒട്ടേറെ തെന്നിന്ത്യൻ ചിത്രങ്ങളിലൂടെ ഏറെ ശ്രദ്ധ നേടിയ സംഗീത സംവിധായകൻ ആണ്.

ആക്ഷൻ, ഇമോഷൻ, മാസ്, സംഗീതം, കോമഡി എന്നിവയെല്ലാം കോർത്തിണക്കിയാണ് ഈ മെഗാ ബഡ്ജറ്റ് ചിത്രം ഒരുക്കുന്നത്. തൻ്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായാണ് പുരി ജഗനാഥ് ഈ ചിത്രമൊരുക്കുന്നത്. ചിത്രം രചിച്ചിരിക്കുന്നതും സംവിധായകൻ തന്നെയാണ്. ചിത്രീകരണം അവസാനിച്ചതോടെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും വൈകാതെ പുറത്തു വരും. അതോടെ ചിത്രത്തിന്റെ പ്രമോഷൻ പരിപാടികൾ ആരംഭിക്കാനാണ് അണിയറ പ്രവർത്തകർ പ്ലാൻ ചെയ്യുന്നത്. പാൻ ഇന്ത്യൻ ചിത്രമായി തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ ചിത്രം റിലീസിനെത്തും.

രചന, സംവിധാനം- പുരി ജഗന്നാഥ്, നിർമ്മാതാക്കൾ- പുരി ജഗന്നാഥ്, ചാർമി കൌർ, ജെ ബി നാരായൺ റാവു കോൺഡ്രോള്ള, ബാനർ- പുരി കണക്ട്സ്, ജെ ബി മോഷൻ പിക്ചേഴ്സ്, സംഗീതം -ഹർഷവർധൻ രാമേശ്വർ, സിഇഒ- വിഷു റെഡ്ഡി, മാർക്കറ്റിംഗ്- ഹാഷ്ടാഗ് മീഡിയ, പിആർഒ- ശബരി

Related Articles

Leave a Reply

Your email address will not be published. Required fields are marked *