വിജയ് വീടിന് പുറത്തിറങ്ങി; വിമാനത്താവളത്തിലേക്കെന്ന് സൂചന

ചെന്നെെ: കരൂർ ദുരന്തത്തിന് പിന്നാലെ ചെന്നെെയിലെ വസതിയിലെത്തിയ ടിവികെ അദ്ധ്യക്ഷനും നടനുമായ വിജയ് ഇന്ന് രാവിലെ പുറത്തിറങ്ങി. ഇന്നലെ പുലർച്ചെ രണ്ട് മണിമുതൽ ഇന്ന് രാവിലെ 10 മണിവരെ വിജയ് തന്റെ നീലങ്കരയിലെ വസതിയിലായിരുന്നു. 10 മണിക്കാണ് വീട്ടിൽ നിന്ന് കറുത്ത നിറമുള്ള കാറിൽ പുറത്തേക്ക് പോയത്. എങ്ങോട്ടാണ് പോയതെന്ന് വ്യക്തമല്ല. പാർട്ടി ഓഫീസിലേക്കോ,​ വിമാനത്താവളത്തിലേക്കോ പോകാനാണ് സാദ്ധ്യത. പൊലീസ് സംരക്ഷണത്തിലാണ് നടൻ പുറത്തിറങ്ങിയത്.

അതേസമയം, 41 പേരുടെ ദാരുണാന്ത്യത്തിന് കാരണമായ റാലി സംഘടിപ്പി​ച്ച വിജയ്‌യെ പ്രതിയാക്കി തമിഴ്നാട് പൊലീസ് ഇന്ന് കേസ് രജിസ്റ്റർ ചെയ്യുമെന്നാണ് റിപ്പോർട്ട്. ഇക്കാര്യത്തിൽ കോടതിയുടെ നിർദേശം വന്നില്ലെങ്കിലും കേസ് എടുക്കാമെന്ന് സംസ്ഥാന പൊലീസ് മേധാവി മുഖ്യമന്ത്രി എം.കെ.സ്റ്റാലിനെ അറിയിച്ചതായാണ് വിവരം. അറസ്റ്റുണ്ടായാൽ ക്രമസമാധാന പ്രശ്നമുണ്ടാകാതിരിക്കാനുള്ള മുന്നൊരുക്കം പൊലീസ് നടത്തും.

വിജയ്‌ക്കെതിരെ കേസെടുത്ത് നിയമ നടപടിയുമായി മുന്നോട്ടു പോകാമെന്നുള്ള നിയമോപദേശവും മുഖ്യമന്ത്രിക്കു ലഭിച്ചിട്ടുണ്ട്.വിജയ്‌ക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്താൽ ടി.വി.കെ അത് ഡി.എം.കെയ്ക്കെതിരെ രാഷ്ട്രീയ ആയുധം ആക്കുമെന്ന ആശങ്കയിലാണ് ഇന്നലെ അതുണ്ടാകാത്തത്. എന്നാൽ ഇന്നലെ രാത്രി പാർട്ടി ഡെപ്യൂട്ടി ജനറൽ സെക്രട്ടറി കനിമൊഴി എം.പി ദുരന്തത്തിന്റെ ഉത്തരവാദിത്വം റാലി സംഘടിപ്പിച്ച പാർട്ടിക്കാണെന്ന് വ്യക്തമാക്കിയിരുന്നു.

വിജയ്‌യെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം തമിഴ്നാടിന്റ വിവിധഭാഗങ്ങളിൽ നിന്നും ഉയരുന്നുണ്ട്. വിജയ്‌യുടെ വീട്ടിലേക്ക് വിദ്യാർത്ഥികൾ പ്രകടനവും നടത്തിയിരുന്നു.റാലി നയിച്ചത് ടി.വി.കെ പ്രസിഡന്റ് വിജയ് ആണ്. എന്നാൽ ഇതുവരെ കേസെടുത്തത് ടി.വി.കെ സംസ്ഥാന ജനറൽ സെക്രട്ടറി ബുസി ആനന്ദ്, ജോയിന്റ് സെക്രട്ടറി സി.ടി നിർമൽ കുമാർ കരൂർ ജില്ലാ സെക്രട്ടറി മതിയഴകൻ എന്നിവർക്കെതിരെയാണ്. മനഃപ്പൂർവമല്ലാത്ത നരഹത്യ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് കേസ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *