വിജയ് എത്തിയത് മുടിയൊന്നും ചീകാതെ, പല തവണ കരഞ്ഞു; അനുഭവം വെളിപ്പെടുത്തി യുവാവ്

ചെന്നൈ: കരൂരിൽ നടന്ന റാലിയിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ കുടുംബാംഗങ്ങളെ നടനും തമിഴക വെട്രി കഴകം (ടിവികെ) നേതാവുമായ വിജയ് സന്ദർശിച്ചതിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. മുടിയൊന്നും ചീകാതെയായിരുന്നു വിജയ് ഉണ്ടായിരുന്നതെന്നും അദ്ദേഹത്തിന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ടപ്പോൾ സങ്കടം തോന്നിയെന്നും ദുരന്തത്തിൽ ഭാര്യയേയും കുഞ്ഞിനെയും നഷ്ടപ്പെട്ട യുവാവ് പറഞ്ഞു.
തന്റെ അമ്മയുടെ കാലിൽ പിടിച്ച് വിജയ് കരഞ്ഞെന്നും മാപ്പ് ചോദിച്ചെന്നും യുവാവ് കൂട്ടിച്ചേർത്തു. ചെന്നൈയ്ക്കടുത്തുള്ള മാമല്ലപുരത്തെ ഒരു റിസോർട്ടിൽവച്ചായിരുന്നു കൂടിക്കാഴ്ച നടന്നത്. ദുരന്തമുണ്ടായതിനും കുടുംബാംഗങ്ങളെ കരൂരിലെത്തി ആശ്വസിപ്പിക്കാൻ സാധിക്കാത്തതിനും വിജയ് ക്ഷമ ചോദിച്ചു.കരൂർ സന്ദർശിക്കുമെന്ന് വിജയ് ഉറപ്പ് നൽകിയതായി ദുരന്തത്തിൽ മരിച്ചവരുടെ ബന്ധുക്കൾ ദേശീയ മാദ്ധ്യമത്തോട് പറഞ്ഞു.
കരൂർ ദുരന്തത്തിൽ 41 പേരാണ് മരിച്ചത്. ഇതിൽ 37 പേരുടെ കുടുംബാംഗങ്ങൾ വിജയ്‌യെ കാണാനായി മാമല്ലപുരം റിസോർട്ടിലെത്തിയിരുന്നെന്നാണ് വിവരം. അഞ്ച് ആഡംബര ബസുകളിലാണ് ടിവികെ മരിച്ചവരുടെ കുടുംബാംഗങ്ങളെ റിസോർട്ടിലെത്തിച്ചത്. ഇവർക്കായി അമ്പത് മുറികളുമെടുത്തിരുന്നു. ആദ്യം എല്ലാവരെയും വട്ടമേശയ്ക്ക് ചുറ്റുമിരുത്തി ഭക്ഷണം വിളമ്പിയെന്നാണ് റിപ്പോർട്ടുകൾ. ശേഷം വിജയ് ഓരോരുത്തരുടെയും മുറിയിലെത്തി കുടുംബത്തോട് സ്വകാര്യമായി സംസാരിച്ചു.
ഓരോ കുടുംബത്തിൽ നിന്നും നാലോ അഞ്ചോ പേരാണ് വിജയ്‌യെ കാണാൻ എത്തിയത്. ഇവരെയെല്ലാം അദ്ദേഹം ആശ്വസിപ്പിച്ചു. വിജയ് കാലിൽ വീണ് മാപ്പ് പറഞ്ഞെന്നും തൊണ്ടയിടറിയാണ് സംസാരിച്ചതെന്നും കൂട്ടത്തിലുണ്ടായിരുന്ന സ്ത്രീകൾ പറഞ്ഞതായി റിപ്പോർട്ടുകളുണ്ട്. പതിഞ്ഞ ശബ്ദത്തിലായിരുന്നു സംസാരിച്ചത്, പല തവണ കരഞ്ഞു.



