തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാൻ വീണ്ടുo പൊലീസ് കസ്റ്റഡിയിൽ. മൂന്ന് ദിവസത്തേക്കാണ് അഫാനെ കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടത്. അഫാൻ്റെ പെൺ സുഹൃത്തായിരുന്ന ഫർസാനയെയും, സഹോദരൻ അഹ്സാനെയും കൊലപ്പെടുത്തിയ കേസിൽ പ്രതിയെ വീട്ടിലെത്തിച്ച് നാളെ തെളിവെടുപ്പ് നടത്തും.
കുടുബത്തിൻ്റെ കടബാധ്യത മകനെ ഏൽപ്പിച്ചിരുന്നില്ലെന്നാണ് അഫാൻ്റെ പിതാവ് റഹീം കഴിഞ്ഞ ദിവസം റിപ്പോർട്ടറിനോട് പറഞ്ഞത്. താനൊന്നും അവനെ ഏൽപ്പിച്ചില്ല. തനിയെ ഏറ്റെടുത്ത് ചെയ്യുകയായിരുന്നു. വീട് വിറ്റതും അവൻ മുൻകൈയെടുത്താണ്. എന്തിനാണ് ഇങ്ങനെ ചെയ്തതെന്ന് തനിക്ക് അറിയില്ലെന്നും റഹീം പറഞ്ഞിരുന്നു.
ഫെബ്രുവരി 24നായിരുന്നു വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം നടന്നത്. പിതൃമാതാവ് സൽമാ ബീവി, പിതൃസഹോദരൻ ലത്തീഫ്, ഭാര്യ ഷാഹിദ, സഹോദരൻ അഹ്സാൻ, പെൺസുഹൃത്ത് ഫർസാന എന്നിവരെയായിരുന്നു അഫാൻ കൊലപ്പെടുത്തിയത്. രാവിലെ പത്തിനും ആറിനുമിടയിലായിരുന്നു അഞ്ച് കൊലപാതകങ്ങൾ അരങ്ങേറിയത്. മാതാവ് ഷെമിയെ ആക്രമിച്ചപ്പോൾ മരിച്ചെന്നായിരുന്നു അഫാൻ കരുതിയിരുന്നത്. അഞ്ച് കൊലപാതകങ്ങൾക്ക് ശേഷം അഫാൻ എലിവിഷം കഴിക്കുകയും പൊലീസിൽ കീഴടങ്ങുകയുമായിരുന്നു. അതേസമയം ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ട ഷെമി അഗതിമന്ദിരത്തിലാണ്.