‘കാന്തപുരം എന്ത് കുന്തമെടുത്ത് എറിഞ്ഞാലും പറയാനുള്ളത് പറയും,വെള്ളാപ്പള്ളി

കൊച്ചി: കേസെടുക്കാന്‍ വെല്ലുവിളിച്ച് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. വര്‍ഗീയത പരത്തുന്നതിന് എനിക്കെതിരെ കേസടുത്തോളൂവെന്നാണ് വെള്ളാപ്പള്ളിയുടെ വെല്ലുവിളി. താനാണോ ഇവിടെ വര്‍ഗീയത പരത്തുന്നതെന്നും തന്റെ സമുദായത്തിന് വേണ്ടിയാണ് സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ക്കെതിരെയും വെള്ളാപ്പള്ളി പ്രതികരിച്ചു.

കാന്തപുരം എന്ത് കുന്തമെടുത്ത് എറിഞ്ഞാലും ഞാന്‍ പറയാനുള്ളത് പറയും. എന്നെ വേട്ടയാടുന്ന സ്ഥിതി വിശേഷമാണുള്ളത്. ഞാനൊരു സമുദായത്തിനുമെതിരല്ല. പക്ഷേ, സാമൂഹിക നീതിക്ക് വേണ്ടി ഇന്നും നാളെയും ഞാന്‍ പറയും. ഭൂരിപക്ഷ ന്യൂനപക്ഷ വ്യത്യാസമില്ലാതെ സാമൂഹിക നീതി നടപ്പാക്കണ്ടേ. മുസ്‌ലിം സമുദായത്തോട് നമുക്ക് ഒരു വിരോധവും ഇല്ല’, വെള്ളാപ്പള്ളി പറഞ്ഞു.

ഈ കസേരയില്‍ നിന്ന് മറ്റൊരു കസേരയിലേക്ക് ചാടുകയല്ല തന്റെ ധര്‍മമെന്നും വെള്ളാപ്പള്ളി പറഞ്ഞു. നമ്മള്‍ തുറന്നു പറഞ്ഞാല്‍ ജാതി മറ്റുള്ളവര്‍ പറഞ്ഞാല്‍ നീതിയെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം ജില്ലയില്‍ ഒരു വിദ്യാഭ്യാസ സ്ഥാപനം പോലും എസ്എന്‍ഡിപിക്കില്ലെന്നും കിട്ടാത്തത് ചോദിച്ചാല്‍ മുസ്‌ലിം വിരോധമാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു.

സത്യം പറഞ്ഞാല്‍ കോലം കത്തിക്കും. എന്നെ കത്തിച്ചാലും അഭിപ്രായം മാറില്ല. തീയില്‍ കുരുത്തവനാണ് വെയിലത്ത് വാടില്ല. ഞാന്‍ പാവങ്ങള്‍ക്കു വേണ്ടി നില്‍ക്കുന്നവന്‍. പണക്കാര്‍ക്ക് എന്നെ ഇഷ്ടമല്ല. സംഘടിത വോട്ട് ബാങ്ക് സമുദായങ്ങള്‍ പടര്‍ന്നു പന്തലിച്ചു. അസംഘടിത സമുദായം തകര്‍ന്ന് താഴെ വീണു. സാമ്പത്തിക സാമൂഹിക സര്‍വേ നടത്തണം. സംഘടിത സമുദായങ്ങള്‍ പന പോലെ വളര്‍ന്നു’, വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *