യുഎസ് വിസ നിഷേധിച്ചു; മനംനൊന്ത് വനിതാ ഡോക്ടർ ജീവനൊടുക്കി

അമരാവതി: യുഎസ് വിസ നിരസിച്ചതിനെത്തുടർന്ന് വനിതാ ഡോക്ടർ ആത്മഹത്യ ചെയ്തു. ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ സ്വദേശിയായ രോഹിണിയാണ് (38) മരിച്ചത്. ഹെെദരാബാദിലെ തന്റെ ഫ്ലാറ്റിലായിരുന്നു യുവതി ആത്മഹത്യ ചെയ്തത്. വാതിൽ തുറക്കാത്തതിനെത്തുടർന്ന് വീട്ടുജോലിക്കാരിയാണ് രോഹിണിയുടെ കുടുംബാംഗങ്ങളെ വിവരം അറിയിച്ചത്. ബന്ധുക്കളെത്തി വാതിൽ തകർത്ത് അകത്ത് കയറിയപ്പോഴാണ് രോഹിണിയെ മരിച്ചനിലയിൽ കണ്ടത്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം കുടുംബാംഗങ്ങൾക്ക് കെെമാറി.

വെള്ളിയാഴ്ച രാത്രി രോഹിണി അമിത അളവിൽ ഉറക്കഗുളിക കഴിക്കുകയോ സ്വയം മരുന്ന് കുത്തിവയ്ക്കുകയോ ചെയ്തിരിക്കാമെന്നാണ് പൊലീസ് പറയുന്നത്. ഫ്ലാറ്റിൽ നിന്ന് കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പിൽ വിസ നിഷേധിച്ചതിനെ തുടർന്ന് താൻ വിഷാദത്തിലാണെന്ന് രോഹിണി സൂചിപ്പിച്ചിരുന്നു.

ജോലിക്ക് യുഎസിലേക്ക് പോകാൻ മകൾ വളരെ ആഗ്രഹത്തോടെ കാത്തിരിക്കുകയായിരുന്നുവെന്നും പക്ഷേ വിസ നിരസിച്ചത് അവളെ വിഷാദത്തിലാക്കിയെന്നും രോഹിണിയുടെ അമ്മ ലക്ഷ്മി പറഞ്ഞു. ഹെെദരാബാദിലെ പദ്മ റാവു നഗറിലായിരുന്നു രോഹിണി താമസിച്ചിരുന്നത്. ഇന്റേണൽ മെഡിസിനിൽ സ്‌പെഷ്യലെെസ് ചെയ്യാനായിരുന്നു ആഗ്രഹിച്ചിരുന്നതെന്നും ലക്ഷ്മി വ്യക്തമാക്കി.

‘ഇന്ത്യയിൽ തന്നെ താമസിച്ച് പ്രാക്ടീസ് ചെയ്യാൻ ഞാൻ രോഹിണിയോട് പറഞ്ഞിരുന്നു. എന്നാൽ യുഎസിൽ പ്രതിദിനം പരിശോധിക്കേണ്ട രോഗികളുടെ എണ്ണം പരിമിതമാണെന്നും വരുമാനം മെച്ചപ്പെട്ടതാണെന്നുമാണ് അവൾ പറഞ്ഞത്’- ലക്ഷ്മി പറഞ്ഞു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *