അമേരിക്ക പലിശ കുറച്ചു; സ്വര്‍ണവില കുതിക്കും

കോഴിക്കോട്: സ്വര്‍ണവിലയില്‍ കുതിപ്പ് തുടര്‍ന്നു. ഇന്നലെ ഗ്രാമിന് 75 രൂപയും പവന് 600 രൂപയും കൂടിയതോടെ 22 കാരറ്റ് സ്വര്‍ണം പവന് 82240 രൂപയായി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 60 രൂപയും പവന് 480 രൂപയും കൂടി. ഇതാടെ 18 കാരറ്റ് പവന്‍ 67520 രൂപയിലെത്തി റെക്കോര്‍ഡിട്ടു.
അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് നിലവിലെ നിക്ഷേപങ്ങള്‍ക്കു പലിശ കുറച്ചതോടെരാജ്യാന്തര തലത്തില്‍ സ്വര്‍ണവില ഉയര്‍ന്നിരുന്നു. ഇതുകണ്ട് കരുതല്‍ ശേഖരത്തില്‍ വാങ്ങിയ നിക്ഷേപകര്‍ ലാഭമെടുപ്പിനായി വിറ്റുതുടങ്ങിയതോടെ രണ്ടു ദിവസത്തിനിടെ ആഭ്യന്തരവില പവന് 560 രൂപ കുറഞ്ഞിരുന്നു.
രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഓണ്‍സിന് (31.1 ഗ്രാം) 3646 ഡോളറായും താഴ്ന്നിരുന്നു. എന്നാല്‍ പലിശനിരക്ക് കുറഞ്ഞതിനാല്‍ നിക്ഷേപകര്‍ വീണ്ടും സ്വര്‍ണം വാങ്ങാന്‍ തുടങ്ങിയതോടെ രാജ്യാന്തര വില ഔണ്‍സിന് 3686 ഡോളറായി ഉയര്‍ന്ന് വ്യാപാരം നിര്‍ത്തി. ഡോളറിനെ മറികടന്ന് നിക്ഷേപകര്‍ സ്വര്‍ണത്തില്‍ താത്പര്യം കാട്ടുന്നത് വരുംദിവസങ്ങളിലും സ്വര്‍ണവില ഉയരാന്‍ സാധ്യത കൂട്ടും. രാജ്യാന്തര വിപണിയില്‍ ഔണ്‍സിന് 3700 ഡോളര്‍ കടന്നാല്‍ 22 കാരറ്റ് സ്വര്‍ണത്തിന്റെ ആഭ്യന്തരവില പവന് ഒരുലക്ഷം രൂപയ്ക്കടുത്തു വരുമെന്ന് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു.
അമേരിക്കയിലെ പണപ്പെരുപ്പം, തൊഴില്‍ സാധ്യതക്കുറവ്, മറ്റ് സാമ്പത്തിക പ്രശ്‌നങ്ങള്‍ എന്നിവയും ട്രംപിന്റെ തീരുവയുദ്ധത്തിനു പുറമേ പലിശനിരക്ക് കുറച്ചതും സ്വര്‍ണവില ഉയരാനിടയാക്കിയെന്നു കരുതപ്പെടുന്നു. ഈ മാസത്തിന്റെ തുടക്കം മുതല്‍ ഇന്നലെവരെ പവന് 4600 രൂപയാണു കൂടിയത്. വെള്ളി ഗ്രാമിന് ഇന്നലെ രണ്ടുരൂപ കൂടി 146 രൂപയായി.