തിരുവനന്തപുരം: തിരുവനന്തപുരത്ത് രണ്ട് സ്ഥലങ്ങളിലായി പത്താം ക്ലാസ് വിദ്യാർത്ഥികൾ ജീവനൊടുക്കി. ആറ്റിങ്ങൽ വലിയകുന്ന് ശിവത്തിൽ അമ്പാടി കണ്ണനാണ്(15) വീടിനുളളിൽ തൂങ്ങിമരിച്ചത്. പള്ളിപ്പുറം കേന്ദ്രിയ വിദ്യാലയത്തിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് അമ്പാടി കണ്ണൻ. ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ അസ്വഭാവിക മരണത്തിന് ആറ്റിങ്ങൽ പൊലീസ് കേസെടുത്തു.
മാറനല്ലൂരിലും പത്താം ക്ലാസുകാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മിന്നു നിവാസിൽ വീണയുടെ മകൾ വൈഷ്ണവിയാണ് മരിച്ചത്. വീട്ടിലെ കിടപ്പുമുറിയിൽ ഫാനിന്റെ ക്ലാമ്പിൽ കുരുക്കിട്ടാണ് തൂങ്ങിമരിച്ചത്. മാറനല്ലൂർ ഡിവിഎൻ എംഎംഎച്ച്എസ്എസ് വിദ്യാർത്ഥിനിയാണ് വൈഷ്ണവി. അസ്വഭാവിക മരണത്തിന് മാറനല്ലൂർ പൊലീസ് കേസെടുത്തിട്ടുണ്ട്.സംസ്ഥാനത്ത് പത്താം ക്ലാസ്, ഹയർ സെക്കൻഡറി പരീക്ഷകൾ ആരംഭിച്ച ശേഷം നിരവധി വിദ്യാർത്ഥികളാണ് ജീവനൊടുക്കിയിരിക്കുന്നത്. കൂടുതൽ ആത്മഹത്യകളും പരീക്ഷപ്പേടിയെ തുടർന്നുണ്ടായതാണ്. ഇന്നലെ ചിറയിൻകീഴിൽ പ്സ് വൺ വിദ്യാർത്ഥിനിയെയും തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയിരുന്നു. ശ്രീ ശാരദവിലാസം സ്കൂളിലെ വിദ്യാർത്ഥിനി സ്നേഹ സുനിലാണ് ജീവനൊടുക്കിയത്. സോഫ്റ്റ് ബോൾ, ബെയ്സ് ബോൾ താരമാണ് സ്നേഹ. മരണകാരണം വ്യക്തമല്ല. സംഭവത്തിൽ മംഗലാപുരം പൊലീസ് കേസെടുത്തിട്ടുണ്ട്. മാർച്ച് അഞ്ചിനും കല്ലമ്പലം നാവായിക്കുളം സ്വദേശിനിയായ പത്താംക്ലാസുകാരി പരീക്ഷാപ്പേടിയെ തുടർന്ന് ജീവനൊടുക്കിയിരുന്നു. 15കാരിയായ ഗ്രീഷ്മ ജി ഗിരീഷമാണ് മരിച്ചത്.