ഏറ്റുമാനൂരിൽ വീണാ നായർക്ക് പകരം പുതിയ സ്ഥാനാർത്ഥിയെ തീരുമാനിച്ച് ട്വന്‍റി ട്വന്‍റി

കോട്ടയം: ഏറ്റുമാനൂരിൽ വീണാ നായർക്ക് പകരം പുതിയ സ്ഥാനാർത്ഥിയെ തീരുമാനിച്ച് ട്വന്‍റി ട്വന്‍റി. ആതിര ഡി നായർ എൻഡിഎ സ്ഥാനാർഥിയാകും. ശാസ്ത്രീയ സംഗീതജ്ഞയും നർത്തകിയുമാണ് അതിര ഡി നായർ. ഏറ്റുമാനൂർ സ്വദേശിയാണ് 25 വയസ്സുകാരിയായ ആതിര. ആദ്യം തീരുമാനിച്ച ട്വന്‍റി ട്വന്‍റി സ്ഥാനാർത്ഥി വീണാ നായർക്ക് വോട്ടർ പട്ടികയിൽ പേരില്ലാത്തതിനെ തുടർന്നാണ് മാറ്റം. ട്വന്‍റി ട്വന്‍റിയുടെ ഭാഗമായിത്തന്നെ ഉണ്ടാകുമെന്നും ഏറ്റുമാനൂരില്‍ ആര് സ്ഥാനാര്‍ത്ഥിയായി വന്നാലും പ്രചാരണത്തിനുണ്ടാകുമെന്നും വീണാ നായർ പറഞ്ഞു.

നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള നടപടികൾ ചെയ്തിരുന്നുവെന്ന് വീണ പറഞ്ഞു. ചങ്ങനാശ്ശേരിയിൽ മുൻപ് വോട്ട് ചെയ്തിട്ടുണ്ടെന്നും അവിടെ വോട്ട് ഉണ്ടാകും എന്നാണ് കരുതിയതെന്നും വീണ മാധ്യമങ്ങളോട് പ്രതികരിക്കവേ വിശദമാക്കി. തദ്ദേശ തെരഞ്ഞെടുപ്പിൽ ആണ് വോട്ട് ചെയ്തത്. ജീവിതത്തിൽ ആകെ ഒരു തവണയാണ് വോട്ട് ചെയ്തത്. പഞ്ചായത്ത്‌ തിരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും രണ്ട് വോട്ടേഴ്സ് ലിസ്റ്റാണ് എന്നറിയാമായിരുന്നു.

പക്ഷേ ഒരു തവണ വോട്ട് ചെയ്തതിനാൽ വോട്ട് ഉണ്ടാകും എന്നാണ് കരുതിയെന്നും വീണ പറഞ്ഞു. പൊതുപ്രവർത്തനത്തിൽ തുടരുമെന്നും ട്വന്റി 20യുടെ ഭാഗമായിത്തന്നെ ഉണ്ടാകുമെന്നും വീണ കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പ് പ്രചരണത്തിലും സജീവമായി ഉണ്ടാകും. ട്വന്റി 20യുടെ പ്രവർത്തനശൈലി കേരളത്തിൽ ഉണ്ടാകണം. കിഴക്കമ്പലത്തെ ജനങ്ങൾ അനുഭവിക്കുന്ന നേട്ടങ്ങൾ എല്ലാവരിലും എത്തണമെന്നും വീണ നായർ അഭിപ്രായപ്പെട്ടു.

നേരത്തെ പെരുമ്പാവൂരിലെ സ്ഥാനാർത്ഥിയെയും ട്വന്‍റി ട്വന്‍റി മാറ്റി നിശ്ചയിച്ചിരുന്നു. വോട്ടേഴ്സ് ലിസ്റ്റിൽ പേരില്ലാത്തതിനാൽ ലക്ഷ്മിപ്രിയയെ ഒഴിവാക്കിയതിനെ തുടർന്നാണ് പുതിയ സ്ഥാനാർഥിയെ തീരുമാനിച്ചത്. കോൺഗ്രസ് മുൻ നേതാവാണ് ട്വന്‍റി ട്വന്‍റി സ്ഥാനാർത്ഥിയാകുക. കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്‍റായിരുന്ന ജിബി പാത്തിക്കൽ ആണ് പെരുമ്പാവൂരിൽ എൻഡിഎ സ്ഥാനാർത്ഥി. യാക്കോബായ സഭ മാനേജിങ് കമ്മിറ്റി അംഗവും യൂത്ത് അസോസിയേഷൻ പെരുമ്പാവൂർ മേഖലയുടെ ഭാരവാഹിയും ആണ് ജിബി. പെരുമ്പാവൂരിൽ കോൺഗ്രസിന് വീണ്ടും തിരിച്ചടിയായിരിക്കുകയാണ് ജിബിയുടെ സ്ഥാനാർത്ഥിത്വം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *