ട്രംപിന്റെ തീരുവയുദ്ധം കേരളത്തിനും തിരിച്ചടി: ധനമന്ത്രി

തിരുവനന്തപുരം: ഇന്ത്യൻ കയറ്റുമതിക്ക് 50 ശതമാനം താരിഫ് ഏർപ്പെടുത്താനുള്ള ട്രംപിന്റെ തീരുമാനം കേരളത്തെ വലിയ തോതിൽ ബാധിക്കുമെന്ന് ധനമന്ത്രി കെ.എം ബാലഗോപാൽ. സമുദ്ര ഉത്പന്നങ്ങൾ, കശുവണ്ടി, തേയില, ഏലം, കാപ്പി തുടങ്ങിയവ ഉത്പാദിപ്പിക്കുകയും കയറ്റുമതിയും ചെയ്യുന്ന സംസ്ഥാനമെന്ന നിലക്ക് തീരുവ നടപടി നമ്മയുടെ കയറ്റുമയെ സാരമായി ബാധിക്കും. ഇതിനുപുറമെ തുണിത്തരങ്ങൾ, സോഫ്റ്റ്വെയറുകൾ ഉൾപ്പടെയുള്ള കയറ്റുമതിയിലും വെല്ലുവിളി നേരിടുമെന്ന് ധനമന്ത്രി മീഡിയവണിനോട് പറഞ്ഞു.
പെട്രോളിയത്തിന് ഒരു ബാരലിന് നിലവിൽ ഉള്ളതിനേക്കാൾ പത്തോ ഇരുപതോ ഡോളർ അധികം കൊടുക്കേണ്ടി വരുമെന്നത് നമ്മുടെ ആഭ്യന്തര സ്ഥിതിയെ കൂടുതൽ ബാധിക്കുമെന്നും ധനമന്ത്രി പറഞ്ഞു. ഇതിനുപുറമെ ഇന്ത്യയിലേക്ക് കൂടുതൽ ഇറക്കുമതി വരുമെന്നും മന്ത്രി പറഞ്ഞു. കയറ്റുമതി ചെയ്യുന്നതിനോടൊപ്പം ഇന്ത്യയിലേക്ക് ഇറക്കുമതിയും ചെയ്യണമെന്ന് ആവശ്യം നിലവിൽ തന്നെയുണ്ട്. ഇതിൽ തന്നെ കാർഷിക ഉത്പന്നങ്ങൾ ധാരാളമായി വരുമെന്നാണ് കരുതുന്നത്. അമേരിക്കക്ക് പുറമെ യൂറോപ്പ്യൻ യൂണിയനുമായും കരാറുണ്ടാക്കാൻ സാധ്യതയുള്ളതായി മന്ത്രി പറഞ്ഞു.
യുകെയുമായി നിലവിൽ ഇന്ത്യ കരാർ ഒപ്പിട്ടിട്ടുണ്ട്. കരാർ പ്രകാരം ആഡംബര കാറുകളായ ജാഗുവർ, ലാൻഡ് റോവർ ഉൾപ്പടെയുള്ള പുറത്തുനിന്നുള്ള വണ്ടികൾക്ക് അറുപത് ശതമാനമുണ്ടായിരുന്ന ഓട്ടോമൊബൈൽ ഡ്യൂട്ടി പത്ത് ശതമാനത്തിലേക്ക് കുറച്ചു. ഇതിലൂടെ ഇന്ത്യയിലുള്ള ഉത്പാദനം കുറയുകയും വലിയ തോതിൽ ഫാക്ടറികളിൽ ജോലി ചെയ്യുന്നവരുടെ ജോലി നഷ്ടപ്പെടുമെന്നും ബാലഗോപാൽ പറഞ്ഞു. ഇതുകൂടാതെ ജിഎസ്ടി ഉൾപ്പടെയുള്ള ഇന്ത്യയിലെ ആഭ്യന്തര നികുതി അവർ പറയുന്ന രീതിയിലേക്ക് നിശ്ചയിക്കണമെന്ന ആവശ്യവും അന്തർദേശീയ തലത്തിൽ അമേരിക്ക ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്ന് വരുന്നുണ്ട്. അത്തരം തീരുമാനങ്ങൾ ഇന്ത്യയുടെ എല്ലാ സംസ്ഥാനങ്ങളുടെയും സാമ്പത്തിക നിലയെ ബാധിക്കുമെന്നും മന്ത്രി പറഞ്ഞു. അമേരിക്കയുടെ താരിഫ് യുദ്ധത്തിൽ സമാനമായ അനുഭവങ്ങളുള്ള രാജ്യങ്ങളുമായി ചേർന്ന് നിന്ന് കേന്ദ്രം നിലപാടെടുക്കണമെന്നും ബാലഗോപാൽ ആവശ്യപ്പെട്ടു.