വാഷിംഗ്‌ടൺ: വാഹന ഇറക്കുമതിക്ക് 25 ശതമാനം തീരുവ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. യുഎസ് വിമോചന ദിനമായി ആചരിക്കുന്ന ഏപ്രിൽ രണ്ട് മുതലാണ് തീരുവ പ്രാബല്യത്തിൽ വരുന്നത്. വിദേശത്ത് നിർമിച്ച കാറുകൾക്കാണ് 25 ശതമാനം തീരുവ ഏർപ്പെടുത്തുന്നത്. യുഎസിൽ നിർമിച്ചവയ്ക്ക് ഇത് ബാധകമാകില്ലെന്നും ട്രംപ് വ്യക്തമാക്കി. വിദേശ നിർമിത കാറുകളെയും ലൈറ്റ് ട്രക്കുകളെയുമായിരിക്കും ട്രംപിന്റെ പുതിയ പ്രഖ്യാപനം കൂടുതലായി സ്വാധീനിക്കുക.
ഈ വർഷം ജനുവരിയിൽ വൈറ്റ് ഹൗസിൽ തിരിച്ചെത്തിയതിനുശേഷം, ഇതിനകം തന്നെ ട്രംപ് കാനഡ, മെക്സിക്കോ, ചൈന തുടങ്ങിയ പ്രധാന വ്യാപാര പങ്കാളികളിൽ നിന്നുള്ള ഇറക്കുമതിക്ക് തീരുവ ചുമത്തിക്കഴിഞ്ഞു. ഇതിനുപുറമെ സ്റ്റീൽ, അലുമിനിയം ഇറക്കുമതിക്ക് 25 ശതമാനം തീരുവയും ചുമത്തിയിട്ടുണ്ട്. എന്നാൽ കാർ നിർമാതാക്കൾക്ക് നികുതിയിൽ നിന്ന് ഇടവേള നൽകിയിരുന്നു.
ആർത്തവ വിരാമം നേരത്തേ വന്നാൽ ഡോ.സതി എം.എസ്
ഇറക്കുമതി ചെയ്ത പാസഞ്ചർ വാഹനങ്ങളായ സെഡാൻ, എസ്‌യുവി, ക്രോസ് ഓവേഴ്‌സ്, മിനി വാനുകൾ, കാർഗോ വാനുകൾ, ലൈറ്റ് ട്രൈക്ക് എന്നിവയ്ക്കും ഓട്ടോമൊബൈൽ ഭാഗങ്ങളായ എഞ്ചിൻ, ട്രാൻസ്‌മിഷനുകൾ, പവർട്രെയിൻ ഭാഗങ്ങൾ, ഇലക്‌ട്രിക്കൽ ഉപകരണങ്ങൾ എന്നിവയ്ക്കാണ് 25 ശതമാനം തീരുവ ചുമത്തുക.സർക്കാരിന്റെ വരുമാനം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് തീരുവ ഏർപ്പെടുത്തുന്നതെന്നാണ് ട്രംപ് സർക്കാരിന്റെ വിശദീകരണം. അമേരിക്കൻ വ്യവസായത്തെ പുനരുജ്ജീവിപ്പിക്കാനും മറ്റ് രാജ്യങ്ങളെ യുഎസ് നിയമങ്ങൾക്ക് വിധേയരാകാൻ പ്രാപ്‌തമാക്കുമെന്നും സർക്കാർ വ്യക്തമാക്കുന്നു. യുഎസിന്റെ ഏറ്റവും അടുത്ത പങ്കാളികളായ ജപ്പാൻ, ദക്ഷിണ കൊറിയ, കാനഡ, മെക്‌സിക്കോ, ജർമനി എന്നിവരെയായിരിക്കും തീരുവ കൂടുതലായും ബാധിക്കുക.