ട്രംപ് അടുത്ത മാസം സൗദി അറേബ്യയിലേക്ക്; യുഎഇയും ഖത്തറും സന്ദർശിക്കും

0

വാഷിങ്ടൻ: യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് അടുത്ത മാസം സൗദി അറേബ്യ സന്ദർശിച്ചേക്കും. അധികാരത്തിൽ തിരിച്ചെത്തിയതിനു ശേഷമുള്ള ആദ്യ വിദേശ യാത്രയാണിത്. ട്രംപ് തന്നെയാണ് ഇക്കാര്യം യുഎസ് മാധ്യമങ്ങളെ അറിയിച്ചത്.

ഏപ്രിൽ 27ന് സൗദി അറേബ്യ സന്ദർശിക്കാനാണ് തീരുമാനിച്ചിരുന്നതെന്നും പിന്നീട് വൈറ്റ്ഹൗസ് അത് മേയ് മാസത്തിലേക്ക് മാറ്റുകയായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. അടുത്ത മാസം അല്ലെങ്കിൽ അൽപം വൈകിയാണെങ്കിലും യുഎഇയിലേക്കും ഖത്തറിലേക്കും പോകുന്നുണ്ടെന്ന് ട്രംപ് യുഎസ് മാധ്യമങ്ങളെ അറിയിച്ചു. യുഎഇ വളരെ പ്രധാനമാണെന്നും ട്രംപ് വ്യക്തമാക്കി.

2017 ൽ പ്രസിഡന്റായ ശേഷം ട്രംപ് നടത്തിയ ആദ്യ വിദേശ സന്ദർശനം സൗദി അറേബ്യയിലേക്കായിരുന്നു. തൻ്റെ ആദ്യ ഭരണകാലത്ത് അദ്ദേഹം റിയാദുമായി അടുത്ത ബന്ധം സ്ഥാപിച്ചിരുന്നുവെന്നും പശ്ചിമേഷ്യൻ രാജ്യങ്ങളുമായി തനിക്ക് നല്ല ബന്ധമാണ് ഉള്ളതെന്നും ട്രംപ് പറഞ്ഞു. റഷ്യയും യുക്രെയ്‌നും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള യുഎസിൻ്റെ ശ്രമങ്ങളിൽ സൗദി അറേബ്യ പ്രധാന പങ്കാണ് വഹിക്കുന്നത്. യുഎസും റഷ്യയും തമ്മിലുള്ള മധ്യസ്ഥ ചർച്ചകൾക്ക് ആതിഥേയത്വം വഹിച്ചത് സൗദി ആയിരുന്നുവെന്നും ട്രംപ് വ്യക്തമാക്കി. 2017ലെ സന്ദർശനത്തിൽ 350 ബില്യൺ ഡോളർ വിലമതിക്കുന്ന സൗദി നിക്ഷേപങ്ങൾ ട്രംപ് പ്രഖ്യാപിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here