വാഷിംഗ്ടൺ: യുഎസിന്റെ 51-ാമത് സംസ്ഥാനമാകാൻ കാനഡയ്ക്ക് മുൻപാകെ കൂറ്റൻ ഓഫർ വെച്ച് ട്രംപ്. യുഎസ് പുതുതായി നിർമിക്കുന്ന ഗോൾഡൻ ഡോം മിസൈൽ പ്രതിരോധ സംവിധാനം സൗജന്യമായി നൽകാം എന്നതാണ് വാഗ്ദാനം.
യുഎസിന്റെ ഭാഗമായില്ലെങ്കിൽ ഗോൾഡൻ ഡോം സ്വന്തമാക്കാൻ കാനഡ 61 ബില്യൺ ഡോളർ നൽകണമെന്നും ട്രംപ് പറഞ്ഞു. ‘ ഞാൻ കാനഡയോഡ് പറഞ്ഞിട്ടുണ്ട്, യുഎസിന്റെ ഭാഗമായില്ലെങ്കിൽ ഗോൾഡൻ ഡോമിന് 61 ബില്യൺ ഡോളർ നൽകണമെന്ന്. പക്ഷെ യുഎസിന്റെ ഭാഗമായാൽ ഒറ്റ ഡോളർ പോലും നൽകേണ്ട, സൗജന്യമാണ്. അവർ ഈ ഓഫർ പരിഗണിക്കുന്നുവെന്നാണ് ഞാൻ മനസിലാകുന്നത്’; ട്രംപ് പറഞ്ഞതിങ്ങനെയാണ്.
നേരത്തെയും ട്രംപ് കാനഡയോട് യുഎസിന്റെ സംസ്ഥാനമാകാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ കനേഡിയൻ സർക്കാർ ഈ ആവശ്യത്തെ പൂർണമായും തള്ളിക്കളയുകയായിരുന്നു. നിലവിലെ ഈ പ്രസ്താവനയോട് കാനഡ പ്രതികരിച്ചിട്ടില്ല.
മിസൈൽ പ്രതിരോധ സംവിധാനമായ ഗോൾഡൻ ഡോം എത്രയും വേഗം പ്രവർത്തികമാക്കാനാണ് ട്രംപിന്റെ നീക്കം. യുഎസ് സ്പേസ് ഫോഴ്സ് ജനറൽ മൈക്കൽ ഗുട്ലെയ്നിനെ ദൗത്യത്തിന്റെ തലവനായി ട്രംപ് നിയമിച്ചിരുന്നു. റഷ്യ, ചൈന എന്നിവരുടെ ഭീഷണികൾ ഇല്ലാതെയാക്കാനും ‘അമേരിക്കൻ മാതൃഭൂമി’യെ സംരക്ഷിക്കാനുമാണ് ഈ നീക്കമെന്നായിരുന്നു ട്രംപിന്റെ വിശദീകരണം.
AlsoRead:വിദ്യാര്‍ത്ഥി വിസയില്‍ കടുത്ത നടപടിയുമായി ഡൊണാള്‍ഡ് ട്രംപ്;ഇന്ത്യക്കാരെയും ബാധിക്കും
മിസൈലുകൾ കണ്ടെത്തി പ്രതിരോധിക്കാനാണ് ഗോൾഡൻ ഡോം പ്രതിരോധ സംവിധാനം. ഇസ്രയേലിന്റെ അയേൺ ഡോം ആണ് മാതൃക. സർവൈലൻസ് സാറ്റ്ലൈറ്റുകൾ, ഇന്റർസെപ്റ്റർ സാറ്റ്ലൈറ്റുകൾ എന്നിവ ഉപയോഗിച്ച് കൂടിയാണ് ഈ പ്രതിരോധ സംവിധാനം പ്രാവർത്തികമാക്കാൻ യുഎസ് പദ്ധതിയിടുന്നത്. 100 ശതമാനം വിജയമായിരിക്കും ഈ സംവിധാനം എന്നാണ് ട്രംപ് അവകാശപ്പെടുന്നത്.