ഇറാനെ ആക്രമിക്കുന്നതിൽ നിന്ന് പിൻമാറി ട്രംപ്; വെടിനിറുത്തലിന് തയ്യാർ

വാഷിംഗ്‌ടൺ: ഇറാനെ ഒറ്റരാത്രി കൊണ്ട് ഇല്ലാതാക്കുമെന്ന് ഭീഷണി മുഴക്കിയ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആക്രമണത്തിൽ നിന്ന് പിൻമാറി. ട്രംപിന്റെ ഭീഷണിക്കെതിരെ ലോക രാജ്യങ്ങളിൽ നിന്നും യു.എന്നിൽ നിന്നും യു,എസ് കോൺഗ്രസിൽ നിന്നും വ്യാപക എതിർപ്പുയർന്നതിന് പിന്നാലെയാണ് പിൻമാറ്റം. രണ്ടാഴ്ചത്തെ വെടിനിറുത്തലിന് തയ്യാറെന്ന് ട്രംപ് അറിയിച്ചു. ഇറാൻ ഹോർമുസ് കടലിടുക്ക് തുറക്കണമെന്ന നിബന്ധനയും ട്രംപ് മുന്നോട്ടു വച്ചു. അതേസമയം പാകിസ്ഥാന്റെ അഭ്യർത്ഥന പ്രകാരമാണ് ആക്രമണത്തിൽ നിന്ന് പിൻമാറുന്നതെന്നാണ് ട്രംപിന്റെ വിശദീകരണം.
ഇറാനെതിരെയുള്ള അന്ത്യശാസനം രണ്ടാഴ്ച കൂടി നീട്ടണമെന്ന് പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് ട്രംപിനോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. അതിനുള്ളിൽ പരിഹാരം കാണാൻ കഴിയുമെന്നും നയതന്ത്ര ശ്രമങ്ങൾ അതിവേഗം പുരോഗമിക്കുന്നെന്നും അതുവരെ ഇറാൻ ഹോർമുസ് തുറക്കണമെന്നും പാകിസ്ഥാൻ നിർദ്ദേശിച്ചിരുന്നു. പാകിസ്ഥാന്റെ ആവശ്യം ട്രംപിനെ അറിയിച്ചിട്ടുണ്ടെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ നേരത്തെ അറിയിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് ആക്രമണത്തിൽ നിന്ന് ട്രംപ് പിൻമാറിയത്.ഒറ്റ രാത്രിക്കൊണ്ട് ഇറാൻ എന്നെന്നേക്കുമായി അവസാനിക്കുമെന്നായിരുന്നു ട്രംപിന്റെ ഇന്നലത്തെ ഭീഷണി. അലക്സാണ്ടർ ചക്രവർത്തിക്കും മംഗോളിയൻ പടയ്ക്കും തങ്ങളെ ഇല്ലാതാക്കാനായിട്ടില്ലെന്ന് ഇറാൻ തിരിച്ചടിച്ചു. ട്രംപ് മനോരോഗിയാണെന്നും ആക്ഷേപിച്ചു. അവർ വിട്ടുവീഴ്ച്ചയ്ക്ക് തയാറാണെങ്കിൽ ഞങ്ങൾ തയ്യാറാണെന്നും ഇറാൻ അറിയിച്ചു. അതിനിടെ ഹോർമുസ് കടലിടുക്ക് തുറക്കണമെന്നാവശ്യപ്പെട്ട് യു.എൻ രക്ഷാസമിതിയിൽ ബഹ്റൈൻ കൊണ്ടുവന്ന പ്രമേയം റഷ്യയും ചൈനയും വീറ്റോ ചെയ്തു. 11 രാജ്യങ്ങൾ പ്രമേയത്തെ അനുകൂലിച്ചു.



