റഷ്യയുടെ എണ്ണ, ഊർജ്ജ ഉത്പന്നങ്ങൾ വാങ്ങുന്ന ചൈന, 500 ശതമാനം തീരുവയ്ക്ക് ട്രംപിന്റെ അംഗീകാരം

വാഷിംഗ്‌ടൺ: റഷ്യയുടെ എണ്ണ, ഊർജ്ജ ഉത്പന്നങ്ങൾ വാങ്ങുന്ന ചൈന, ഇന്ത്യ തുടങ്ങിയ രാജ്യങ്ങൾക്ക് 500 ശതമാനം തീരുവ ചുമത്താൻ സാദ്ധ്യതയുള്ള സെനറ്റ് ബില്ലിന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അംഗീകാരം. ഉപരോധ ബില്ലുകൾ വോട്ടിന് വയ്ക്കണമെന്ന് ട്രംപ് നിർദേശിച്ചതായി യുഎസ് സെനറ്റർ ലിൻഡ്‌സെ ഗ്രഹാം വെളിപ്പെടുത്തി.

യുക്രെയിൻ വിഷയത്തിൽ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനെ ചർച്ചയ്ക്കായി എത്തിക്കാൻ ഉദ്ദേശിച്ചുള്ളതാണ് ട്രംപിന്റെ നിർദേശമെന്നും നിർണായകമാണെന്നും സെനറ്റർ വ്യക്തമാക്കി. ‘നിങ്ങൾ യുക്രെയിനെ സഹായിക്കാതെ റഷ്യയിൽ നിന്ന് സാധനങ്ങൾ വാങ്ങുകയാണെങ്കിൽ അമേരിക്കയിലേയ്ക്ക് വരുന്ന നിങ്ങളുടെ ഉത്‌പന്നങ്ങൾക്ക് 500 ശതമാനം തീരുവ ചുമത്തപ്പെടും.

പുട്ടിന്റെ എണ്ണ 70 ശതമാനവും വാങ്ങുന്നത് ഇന്ത്യയും ചൈനയുമാണ്. അദ്ദേഹത്തിന്റെ യുദ്ധ ഉപകരണങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നത് അവരാണ്. യുക്രെയ്‌‌നിലെ റഷ്യയുടെ അധിനിവേശത്തിന് ചൈന, ഇന്ത്യ, റഷ്യ എന്നിവർക്കെതിരായ സാമ്പത്തിക ബങ്കർ ബസ്റ്ററാണ് റഷ്യൻ ഉപരോധ ബിൽ. ബില്ലിന് 84 സഹസ്‌പോൺസർമാരുണ്ട്. ബിൽ പാസാകുമെന്നാണ് കരുതുന്നത്’-

ഗ്രഹാം വ്യക്തമാക്കി.സെന്റർ ഫോർ റിസർച്ച് ഓൺ എനർജി ആന്റി ക്ളീൻ എയറിന്റെ 2025 മേയിലെ കണക്കുകൾ പ്രകാരം റഷ്യൻ ഫോസിൽ ഇന്ധനങ്ങളുടെ രണ്ടാമത്തെ ഏറ്റവും വലിയ ഇടപാടുകാരനാണ് ഇന്ത്യ. മേയിൽ 4.2 ബില്യൺ യൂറോയുടെ ഇന്ധനമാണ് റഷ്യയിൽ നിന്ന് ഇന്ത്യ വാങ്ങിയത്. മൊത്ത ക്രൂഡ് ഓയിലിന്റെ 72 ശതമാനവും ഇന്ത്യ വാങ്ങിയിരുന്നു. അതേസമയം, യുഎസ് ഉപരോധ ബില്ലിനെക്കുറിച്ച് ശ്രദ്ധയിൽപ്പെട്ടുവെന്നും വിഷയം പരിഗണിക്കുകയാണെന്നും റഷ്യൻ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *