നിലമ്പൂരില്‍ അന്‍വറിന്റെ സ്ഥാനാര്‍ത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്

മലപ്പുറം: മുന്‍ എംഎല്‍എ പി വി അന്‍വറിന്റെ സ്ഥാനാര്‍ത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം. നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് അന്‍വര്‍ വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് തൃണമൂല്‍ കോണ്‍ഗ്രസ് ഔദ്യോഗികമായി പത്രക്കുറിപ്പ് ഇറക്കിയിരിക്കുന്നത്. ഇതോടെ പാര്‍ട്ടി ചിഹ്നത്തിലായിരിക്കും അന്‍വര്‍ മത്സരിക്കുകയെന്ന് വ്യക്തമായിരിക്കുകയാണ്.

അന്‍വര്‍ നാളെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. തന്റെ ജീവന്‍ നിലമ്പൂരുകാര്‍ക്ക് സമര്‍പ്പിക്കുകയാണെന്നായിരുന്നു നേരത്തെ അന്‍വര്‍ പറഞ്ഞത്. താനല്ല സ്ഥാനാര്‍ത്ഥി, മറിച്ച് നിലമ്പൂരിലെ ജനങ്ങളാണെന്നും അന്‍വര്‍ പറഞ്ഞിരുന്നു. തനിക്ക് മത്സരിക്കാന്‍ താല്‍പര്യമുണ്ടെന്നും എന്നാല്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും അന്‍വര്‍ നേരത്തെ പറഞ്ഞിരുന്നു.

ഇതിന് പിന്നാലെ പണം വന്നുകൊണ്ടേയിരിക്കുന്നുണ്ടെന്നും പ്രചാരണം ഏറ്റെടുത്തവര്‍ നിരവധിയാണെന്നും അൻവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വീടിന്റെ ആധാരം വരെ കൊണ്ടുവന്നവരുണ്ട്. വി ഡി സതീശന്റെ കാലുനക്കി മുന്നോട്ട് പോകാന്‍ ഇനി താനില്ല. പോരാടി മരിക്കാന്‍ തയ്യാറാണ്. യുഡിഎഫ് ജയിച്ചാലും താൻ പിടിക്കുന്ന വോട്ടുകളാവും പിണറായിസത്തിനെതിരായ വോട്ടുകളെന്നും അൻവർ പറഞ്ഞിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *