മന്ത്രവാദത്തിന്റെ മറവിലെ പീഡനം; 16കാരിക്ക് ക്രൂരമര്‍ദനമേറ്റതായും കണ്ടെത്തല്‍

കൊല്ലം: പുത്തൂരില്‍ മന്ത്രവാദത്തിനിടെ 16 വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ പെണ്‍കുട്ടി ക്രൂര മര്‍ദനത്തിനും ഇരയായതായി കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മുരാരി തന്ത്രി എന്നറിയപ്പെടുന്ന രാജന്‍ ബാബുവിന്റെ മുറിയില്‍ രക്തപ്പാടുകള്‍ കണ്ടെത്തിയതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
പൂജ നടത്തണമെന്ന പേരില്‍ പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് റൂമിലേക്ക് കൊണ്ടുപോയതാണെന്ന് ബന്ധു പറഞ്ഞു. പൂജാമുറിയെന്ന പേരില്‍ കൊണ്ടുപോയത് ബെഡ്റൂമിലേക്കായിരുന്നുവെന്നും, അവിടെ വെച്ചാണ് പെണ്‍കുട്ടി ക്രൂരമായി മര്‍ദിക്കപ്പെട്ടതെന്നും വിവരം ലഭിച്ചിട്ടുണ്ട്.
ഒറ്റയ്ക്ക് വിടുന്നതിനെതിരെ പെണ്‍കുട്ടിയുടെ മാതാവ് എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നുവെങ്കിലും പ്രതിയുടെ ഭാര്യയും അമ്മയും ചേര്‍ന്ന് അവരെ അനുനയിപ്പിച്ചെന്നാണ് ബന്ധുവിന്റെ ആരോപണം. ഏകദേശം ഒരു മണിക്കൂറോളം പെണ്‍കുട്ടിയെ മുറിയില്‍ അടച്ചിട്ടിരുന്നതായും പറയുന്നു.
മുറി തുറന്ന് രക്ഷപ്പെട്ടെത്തിയ പെണ്‍കുട്ടിയുടെ ശരീരത്തില്‍ ബാധയുണ്ടെന്ന വ്യാജവാദമാണ് മുരാരി തന്ത്രി ഉയര്‍ത്തിയതെന്ന് ബന്ധുക്കള്‍ പറയുന്നു. പീഡന വിവരം പുറത്തറിഞ്ഞതോടെയാണ് പ്രതി വീട്ടില്‍ നിന്ന് കടന്നുകളഞ്ഞത്.



