ത്യാഗസ്‌മരണയിൽ ഇന്ന് ബലിപെരുന്നാൾ; ആഘോഷിച്ച് വിശ്വാസികൾ

തിരുവനന്തപുരം: ത്യാഗസ്‌മരണയിൽ ഇന്ന് ബലിപെരുന്നാൾ ആഘോഷം. പള്ളികളിലും പ്രത്യേകം തയ്യാറാക്കിയ ഈദ് ഗാഹുകളിലും രാവിലെ പെരുന്നാൾ നമസ്‌കാരം നടന്നു. തുടർന്ന് പരസ്‌പരം ആശംസകൾ കൈമാറി പെരുന്നാൾ പരസ്‌പര സ്‌നേഹത്തിന്റെ ആഘോഷമാക്കി. ഗൾഫ് രാജ്യങ്ങളിൽ ഇന്നലെയായിരുന്നു പെരുന്നാൾ.

പാളയം മുസ്ലീം ജമാ അത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന പെരുന്നാൾ നമസ്‌കാരം ഇന്ന് രാവിലെ പാളയം ചന്ദ്രശേഖർ നായർ സ്റ്റേഡിയത്തിൽ നടന്നു. ഇമാം ഡോ. വിപി സുഹൈബ് മൗലവി സന്ദേശം നൽകി. നൂറുകണക്കിനുപേരാണ് നമസ്‌കാരത്തിൽ പങ്കെടുക്കാനെത്തിയത്. സെൻട്രൽ സ്റ്റേഡിയം, മണക്കാട് ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ വളപ്പ്, വള്ളക്കടവ് തുടങ്ങിയ സ്ഥലങ്ങളിൽ പെരുന്നാൾ നമസ്കാര ചടങ്ങുകൾ നടന്നു.ഈദുൽ അദ്ഹ, ബക്രീദ്, വലിയ പെരുന്നാൾ എന്നിങ്ങനെ പല പേരുകളിൽ അറിയപ്പെടുന്ന ബലി പെരുന്നാൾ സഹനത്തിന്റെ ഓർമകൾ കൂടിയാണ് സമ്മാനിക്കുന്നത്.

ഇബ്രാഹിം നബിയുടെ അടിയുറച്ച വിശ്വാസത്തിന്റെയും അർപ്പണ മനോഭാവത്തിന്റെയും ഓർമപ്പെടുത്തൽ കൂടിയാണ് ഈ ദിനം.ബലിപെരുന്നാൾ പകരുന്നത് മാനവികതയുടെ സന്ദേശമാണെന്നും അപരന്റെ വേദനകളിലും സങ്കടങ്ങളിലും സാന്ത്വനം പകരാൻ വിശ്വാസികൾ പ്രയത്‌നിക്കണമെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഈദ് സന്ദേശത്തിൽ പറഞ്ഞു. വിട്ടൊഴിയാത്ത മാരികൾക്കും വിടുതലില്ലാത്ത തിരിച്ചടികൾക്കുമുള്ള മറുപടി ക്ഷമയും സഹനവും അല്ലാഹുവിന്റെ കാരുണ്യത്തിലുള്ള പ്രതീക്ഷയുമാണെന്ന് ഓർമിപ്പിക്കുകയാണ് ബലിപെരുന്നാൾ എന്ന് മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറിയും മഅദിൻ അക്കാദമി ചെയർമാനുമായ സയ്യിദ് ഇബ്രാഹീമുൽ ഖലീൽ അൽ ബുഖാരി പെരുന്നാൾ സന്ദേശത്തിൽ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *