ശബരിമല സ്വർണക്കൊള്ളക്കേസിൽ തന്ത്രി കണ്ഠരര് രാജീവർക്ക് ഇന്ന് നിർണായകം

കൊല്ലം: ശബരിമല സ്വർണക്കൊള്ളക്കേസിൽ റിമാൻഡിൽ കഴിയുന്ന തന്ത്രി കണ്ഠരര് രാജീവർക്ക് ഇന്ന് നിർണായകം. തന്ത്രിയുടെ ജാമ്യഹർജി ഇന്ന് കൊല്ലം വിജിലൻസ് കോടതി പരിഗണിക്കും. കട്ടിളപ്പാളി കേസിലും ദ്വാരപാലക ശില്പ കേസിലും തന്ത്രി ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്. സ്വർണക്കൊള്ളയിൽ പങ്കില്ലെന്നും ആചാരങ്ങൾ പാലിച്ച് മാത്രം പ്രവർത്തിച്ചയാളാണ് താനെന്നുമാണ് തന്ത്രിയുടെ വാദം.കേസിലെ മറ്റ് പ്രതികളായ മുൻ അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബു, മുൻ എക്‌സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാർ എന്നിവർക്കും നേരത്തെ ജാമ്യം ലഭിച്ചിരുന്നു.

90 ദിവസം റിമാൻഡ് പൂർത്തിയായതിന് പിന്നാലെ ഇരുവർക്കും സ്വാഭാവിക ജാമ്യമാണ് ലഭിച്ചത്. കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷയിൽ നാളെ വാദം കേൾക്കും.അതേസമയം, തന്ത്രി കണ്ഠരര് രാജീവരെ ഇന്നലെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആൻജിയോഗ്രാമിന് വിധേയനാക്കി. ഇതിനായി​ അദ്ദേഹത്തെ ജയിലിൽ നിന്ന് ആശുപത്രിയിലെത്തിച്ച് കാർഡിയോളജി വിഭാഗത്തിൽ അഡ്മിറ്റ് ചെയ്തിരുന്നു.

ശബരിമല സ്വർണക്കൊള്ളക്കേസി​ൽ ജയിലിലായതിന് പിന്നാലെ രാജീവർക്ക് നെഞ്ചുവേദന അനുഭവപ്പെട്ടിരുന്നു. ഇതോടെ കഴിഞ്ഞമാസം 10ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. പരിശോധനയുടെ അടിസ്ഥാനത്തിൽ ആൻജിയോഗ്രാം ചെയ്യാൻ തീരുമാനിച്ചെങ്കി​ലും അടിയന്തര സാഹചര്യമില്ലാത്തതിനാൽ ഇന്നലെ നടത്താൻ നിശ്ചയിക്കുകയായിരുന്നു. നിലവിൽ നെഞ്ചുവേദനയോ മറ്റ് പ്രശ്നങ്ങളോ അദ്ദേഹത്തിനില്ലെന്നാണ് വിവരം. ആൻജിയോഗ്രാമിൽ തുടർചികിത്സയുടെ കാര്യത്തിൽ തീരുമാനമെടുക്കും. മറ്റ് പ്രശ്നങ്ങളില്ലെങ്കിൽ ഉടൻ ഡിസ്ചാർജ് ചെയ്യും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *