പിൻബെഞ്ച് നീക്കാൻ; കുട്ടികളുടെ എണ്ണവും ക്ലാസ് മുറികളുടെ വലുപ്പവും പ്രശ്നം

തിരുവനന്തപുരം ∙ സ്കൂൾ ക്ലാസ് മുറികളിൽ ‘പിൻ ബെഞ്ച്’ ഒഴിവാക്കാൻ കുട്ടികളെ വട്ടത്തിലിരുത്തുന്നതുൾപ്പടെ പരിഗണിക്കുമെന്നു മന്ത്രി വി.ശിവൻകുട്ടി പറയുമ്പോഴും പ്രായോഗിക തലത്തിൽ അതിനു കടമ്പകൾ ഏറെ. കേരള വിദ്യാഭ്യാസ ചട്ടമനുസരിച്ച് ഓരോ ഡിവിഷനിലുമുള്ള കുട്ടികളുടെ എണ്ണവും ക്ലാസ് മുറികളുടെ വലുപ്പവുമാണു പ്രശ്നം.

ചട്ടത്തിലെ പുതിയ ഭേദഗതിയനുസരിച്ച് 1 മുതൽ 5 വരെ ക്ലാസുകളിൽ ഒരു ഡിവിഷനിൽ 30 കുട്ടികളും 6 മുതൽ 8 വരെ 35 കുട്ടികളും 9,10 ക്ലാസുകളിൽ 45 കുട്ടികളും ഹയർ സെക്കൻഡറിയിൽ 50 കുട്ടികളുമാണ് പരമാവധിയാകാവുന്നത്. ഇതിൽ ഹയർ സെക്കൻഡറിയിലെ സീറ്റ് ക്ഷാമം പരിഹരിക്കാൻ സർക്കാർ മാർജിനൽ സീറ്റ് അനുവദിക്കുന്നതു പതിവാക്കിയതോടെ മിക്ക ക്ലാസുകളിലും 60 മുതൽ 65 വരെ കുട്ടികളുണ്ട്.

അതായത് 66 കുട്ടികളെങ്കിലും ഉണ്ടെങ്കിലാണ് രണ്ടാമതൊരു ഡിവിഷൻ അനുവദിക്കുക. 9,10 ക്ലാസുകളിൽ 51 കുട്ടികൾ (അധികമായി 6) ഉണ്ടെങ്കിൽ രണ്ടാമത്തെ ഡിവിഷൻ അനുവദിക്കാം. എന്നാൽ 8–ാം ക്ലാസ് വരെ ഒരു കുട്ടി അധികമുണ്ടെങ്കിലും പുതിയ ഡിവിഷൻ അനുവദിക്കാമെന്നാണു ചട്ടം.

കൂട്ടേണ്ടി വരും ക്ലാസ് മുറി വലുപ്പം ക്ലാസ് മുറികളുടെ വലുപ്പമാകട്ടെ ഹൈസ്കൂൾ തലം വരെ 6 മീറ്റർ വീതം നീളവും വീതിയുമുള്ളതാണെങ്കിൽ ഹയർ സെക്കൻഡറിയിൽ 9 മീറ്റർ നീളവും 6 മീറ്റർ വീതിയുമാണ് ചട്ടപ്രകാരം വേണ്ടത്. ചട്ടഭേദഗതി വരും മുൻപ് നിർമിച്ച കെട്ടിടങ്ങളിലെ ക്ലാസ് മുറികൾക്ക് ഈ വലുപ്പവുമില്ല. ഇത്രയേറെ കുട്ടികളെ ഈ വലുപ്പമുള്ള ക്ലാസ് മുറികളിൽ വളഞ്ഞ ഒറ്റവരിയിൽ ഇരുത്തുക പ്രായോഗികമല്ല. കുട്ടികൾ കുറവുളള ക്ലാസ് മുറികളിലാണ് ഇത് നടപ്പാക്കാനാവുക. ഇല്ലെങ്കിൽ ക്ലാസ് മുറികളുടെ വലുപ്പമോ എണ്ണമോ കൂട്ടേണ്ടി വരും. ഡിവിഷനുകളിലെ കുട്ടികളുടെ എണ്ണവും ഗണ്യമായി കുറയ്ക്കണം. അതിനായി ചട്ടഭേദഗതി വേണ്ടി വരും.

റൊട്ടേഷൻ പരിഹാരം; പ്രായോഗിക മാതൃക ഒരു വിഭാഗം കുട്ടികൾ പിൻ ബെഞ്ചുകാരായി ഒതുങ്ങുന്നത് ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് വകുപ്പ് മന്ത്രിയുടെ നിർദേശം. കേരളത്തിലെ നിലവിലെ സാഹചര്യത്തിൽ പ്രായോഗികമായി ഇതു പരിഹരിക്കാനുള്ള മാതൃക അധ്യാപകർ തന്നെ ചൂണ്ടിക്കാട്ടുന്നുണ്ട്. ഒരേ കുട്ടികളെത്തന്നെ എന്നും പിൻബെഞ്ചിലിരുത്താതെ കുട്ടികളെ മുന്നിലേക്കും പിന്നിലേക്കും ദിനം തോറുമോ ആഴ്ച തോറുമോ മാറ്റിയിരുത്തുന്ന റൊട്ടേഷൻ സമ്പ്രദായമാണത്. പല സ്കൂളുകളിലും നിലവിൽ ഇതു നടപ്പാക്കുന്നുമുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *