കൊടി സുനിക്ക് മദ്യം വാങ്ങിക്കൊടുത്ത മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ

കൊലക്കേസ് പ്രതിയായ കൊടി സുനിക്ക് ജയിലിൽ നിന്ന് കോടതിയിലേക്ക് പോകുന്നതിനിടെ മദ്യം വാങ്ങി നൽകിയ മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ. തലശ്ശേരി കോടതിയിൽ നിന്ന് വരുന്ന വഴിയ്ക്കാണ് ടി പി വധക്കേസ് പ്രതികളായ കൊടി സുനി, ഷാഫി എന്നിവർക്ക് പൊലീസുകാർ മദ്യം വാങ്ങി നൽകിയത്. കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണറാണ് പ്രതികൾക്ക് എസ്കോർട്ട് പോയ ജില്ലാ ഹെഡ് ക്വാർട്ടേഴ്സിലെ മൂന്ന് പൊലീസുകാരെയും സസ്പെൻഡ് ചെയ്തത്. മാഹി ഇരട്ടകൊലപാതക്കേസിന്റെ വിചാരണ തലശ്ശേരി സെഷൻസ് കോടതിയിൽ നടക്കുന്നതിനിടെ കഴിഞ്ഞമാസമാണ് സംഭവം നടന്നത്.
സംഭവം പുറത്തുവന്നതോടെ പൊലീസുകാർക്കെതിരെ നടപടിയെടുക്കുകയായിരുന്നു. മറ്റൊരാൾ ഇവർക്കായി കൊണ്ട് വന്ന മദ്യം പൊലീസുകാർ വാങ്ങുകയും സുനിക്കും ഷാഫിക്കും കൈമാറുകയുമായിരുന്നു. ഇതിന്റെ സി സി ടി വി ദൃശ്യങ്ങളടക്കം പുറത്തുവരികയും പരാതിയുടെ അടിസ്ഥാനത്തിൽ സംഭവം പരിശോധിച്ച് വകുപ്പ് തല നടപടി ഉണ്ടാകുകയുമായിരുന്നു. നേരത്തെ, കൊടി സുനി ജയിലിൽ ഫോൺ ഉപയോഗിച്ചതടക്കം പുറത്തുവന്നിരുന്നു.