ഓച്ചിറയിൽ കെഎസ്ആർടിസി ബസും ജീപ്പും കൂട്ടിയിടിച്ച് അപകടം, മൂന്ന് പേർക്ക് ദാരുണാന്ത്യം

കൊല്ലം: ഓച്ചിറയിൽ കെഎസ്ആർടിസി ഫാസ്​റ്റ് പാസഞ്ചർ ബസും ഥാർ ജീപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് മരണം. ജീപ്പ് പൂർണമായും തകർന്നു. ഇന്ന് രാവിലെ ആറ് മണിയോടുകൂടിയായിരുന്നു അപകടം. ചേർത്തലയിലേക്കുപോയ ഫാസ്​റ്റ് പാസഞ്ചർ ബസും എതിർദിശയിൽ നിന്നുവന്ന ഥാർ ജീപ്പും ദേശീയ പാതയിൽ നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. ബസിന്റെ മുൻഭാഗവും തകർന്നു.

തേവലക്കര സ്വദേശി പ്രിൻസ് തോമസും (44) കുടുംബവും സഞ്ചരിച്ച ഥാർ ജീപ്പാണ് അപകടത്തിൽപ്പെട്ടത്. അഞ്ച് പേരാണ് ജീപ്പിൽ ഉണ്ടായിരുന്നത്. പ്രിൻസും മക്കളായ അതുൽ (14), അൽക്ക (അഞ്ച്) എന്നിവരാണ് മരിച്ചത്. പ്രിൻസിന്റെ ഭാര്യ ബിന്ദ്യ സൂസൻ വർഗീസും മറ്റൊരു മകൾ ഐശ്വര്യയും ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. ജീപ്പ് വെട്ടിപൊളിച്ചാണ് ഇവരെ പുറത്തെടുത്തത്.

ജീപ്പോടിച്ചിരുന്നയാൾ ഉറങ്ങിപോയതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. പൊലീസും ഫയർഫോഴ്സും സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരെ അടുത്തുളള ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.യുഎസിലേക്ക് പോകുന്നതിനായി ബിന്ദ്യയുടെ സഹോദരന്റെ മകനെ നെടുമ്പാശേരി വിമാനത്താവളത്തിലാക്കി മടങ്ങി വരികയായിരുന്നു കുടുംബം. മരിച്ച അതുല്‍ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയും അൽക്ക എല്‍കെജി വിദ്യാർത്ഥിയുമാണ്. പരിക്കേറ്റ ഐശ്വര്യ പ്ലസ്ടു വിദ്യാർത്ഥിയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *