സതീശനെ ‘ഡിസ്‌ലൈക്ക്’ ചെയ്തവരെ ‘അൺഫ്രണ്ട്’ ചെയ്യും; ഡിജിറ്റൽ മീഡിയ സെല്ലിൽ സമ്പൂർണ അഴിച്ചുപണി

കോട്ടയം ∙ കെപിസിസി ഡിജിറ്റൽ മീഡിയ സെല്ലിൽ അഴിച്ചുപണിക്ക് ഒരുങ്ങി കോൺഗ്രസ് ദേശീയ നേതൃത്വം. പാർട്ടിക്ക് വിധേയരായവരെ ഉൾപ്പെടുത്തി സെൽ ശക്തിപ്പെടുത്താനാണു നീക്കം. രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് എതിരെ നടക്കുന്ന സൈബർ ആക്രമണം അതിരുവിട്ടതോടെയാണു ദേശീയ നേതൃത്വത്തിന്റെ ഇടപെടൽ. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, ദേശീയ നേതൃത്വത്തിന്റെ നേരിട്ടുള്ള നിരീക്ഷണത്തിൽ ആയിരിക്കും പുതിയ ടീമിന്റെ പ്രവർത്തനം.

നിലവിലുള്ള ടീം കാര്യക്ഷമമല്ലെന്നു സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി ദേശീയ നേതൃത്വത്തെ അറിയിച്ചു. ഡിജിറ്റൽ മീഡിയ സെൽ അഴിച്ചുപണിയണമെന്ന് താൻ ആറു മാസം മുൻപേ ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാൽ സംസ്ഥാനത്ത് അത് നടന്നില്ലെന്നുമാണു ദീപയുടെ നിലപാട്.

വി.ഡി.സതീശന് എതിരെ 25 വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ടുകളിൽ നിന്നു സൈബർ ആക്രമണം നടക്കുന്നതായി കണ്ടെത്തിയിരുന്നു. ഡിജിറ്റൽ മീഡിയ സെല്ലിലെ രാഹുൽ മാങ്കൂട്ടത്തിൽ അനുകൂലികളാണ് ഇതിനു നേതൃത്വം നൽകിയിരുന്നത്. ഇക്കാര്യം പാർട്ടി നേതൃത്വത്തെ സതീശൻ അറിയിക്കുമെന്നു ‘മനോരമ ഓൺലൈൻ’ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. പരാതി നേതൃത്വത്തിനു ബോധ്യപ്പെട്ടതിനു പിന്നാലെയാണ് അടിയന്തര ഇടപെടൽ‌.

നേതൃത്വത്തിന്റെ കണ്ടെത്തലുകൾ

∙ മുതിർന്ന നേതാക്കളെയും വനിതാ നേതാക്കളെയും പോലും കോൺഗ്രസുമായി ബന്ധപ്പെട്ട സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ നിരന്തരം ആക്രമിക്കുന്നു.

∙ ഡിജിറ്റൽ മീഡിയ സെല്ലിലെ നേതൃത്വത്തിന്റെ ഇടപെടലിൽ അലംഭാവം.

ഇതു ദീർഘകാലാടിസ്ഥാനത്തിൽ സംഘടനയ്ക്ക് ആപത്താകും.

∙ സർക്കാരിന് എതിരെ തിരിയേണ്ട സമയത്ത് ആഭ്യന്തര തർക്കം കോൺഗ്രസ് സമൂഹമാധ്യമ അക്കൗണ്ടുകളിൽ നിറയുന്നു.

∙ ഇൻസ്റ്റഗ്രാം റീലുകളിലും ഉപരിപ്ലവമായ പ്രവണതകളിലുമാണ് കൂടുതൽ ശ്രദ്ധ.

∙ ഡിജിറ്റൽ‌ മീഡിയ സെല്ലിലുള്ളവർ തന്നെ വിഭാഗീയതയ്ക്കു നേതൃത്വം നൽകുന്നത് തെറ്റായ പ്രവണത.

∙ ബിഹാറിനെയും ബീഡിയെയും താരതമ്യം ചെയ്ത എക്സ് പോസ്റ്റ് രാജ്യവ്യാപകമായി വിവാദങ്ങൾ സൃഷ്ടിച്ചു.

ഇക്കാര്യങ്ങൾ ചർച്ചയിൽ

∙ സമൂഹമാധ്യമ പ്രവർത്തനങ്ങളുടെ മേൽനോട്ടത്തിനു മുതിർന്ന നേതാക്കളുടെ മോണിറ്ററിങ് ടീം.

∙ ഉത്തരവാദിത്തമുള്ള ഡിജിറ്റൽ ആശയവിനിമയം ഉറപ്പാക്കുന്നതിനു കർശനമായ മാർഗനിർദ്ദേശങ്ങളും നിയന്ത്രണ സംവിധാനങ്ങളും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *