ഇത് അസാധാരണം! ‘ലോക’ ആദ്യ 3 ദിനങ്ങളില്‍ നേടിയത്

മറ്റ് സിനിമാ മേഖലകള്‍ എപ്പോഴും കൗതുകത്തോടെ നോക്കുന്ന ഇന്‍ഡസ്ട്രിയാണ് മോളിവുഡ്. മറ്റ് ഭാഷാ ചലച്ചിത്ര വ്യവസായങ്ങളുടെ പണക്കൊഴുപ്പില്ലെങ്കിലും സാങ്കേതികമായും ഉള്ളടക്കത്തിലും അവരെ ഞെട്ടിക്കുന്ന ചിത്രങ്ങള്‍ മലയാളത്തില്‍ മുന്‍പും ഉണ്ടായിട്ടുണ്ട്. ഇപ്പോഴിതാ ഒരു സൂപ്പര്‍ഹീറോ ഫ്രാഞ്ചൈസിയിലെ ആദ്യ ചിത്രം ഭാഷയുടെ അതിര്‍വരമ്പുകള്‍ക്കപ്പുറത്ത് കൈയടി നേടുകയാണ്.
കല്യാണി പ്രിയദര്‍ശനെ ടൈറ്റില്‍ കഥാപാത്രമാക്കി ഡൊമിനിക് അരുണ്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ലോക: ചാപ്റ്റര്‍ 1 ചന്ദ്ര എന്ന ചിത്രമാണ് പ്രേക്ഷകാഭിപ്രായത്തിലും ബോക്സ് ഓഫീസിലും തരംഗം തീര്‍ക്കുന്നത്.
ദുല്‍ഖര്‍ സല്‍മാന്‍റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസ് നിര്‍മ്മിച്ച ചിത്രം ഓണം റിലീസ് ആയി 28 നാണ് എത്തിയത്. വലിയ പ്രീ റിലീസ് പബ്ലിസിറ്റി ഒന്നുമില്ലാതെ എത്തിയ ചിത്രം പക്ഷേ ആദ്യ ഷോയോടുകൂടിത്തന്നെ മസ്റ്റ് വാച്ച് എന്ന അഭിപ്രായം നേടി. ബോക്സ് ഓഫീസില്‍ പിന്നീട് കാണുന്നത് അത്ഭുതകരമായ കാഴ്ചയാണ്. റിലീസ് ദിനം മുതല്‍ ഓരോ ദിനവും ചിത്രത്തിന്‍റെ കളക്ഷന്‍ വര്‍ധിക്കുകയാണ്.
മൂന്നാം ദിനമായ ശനിയാഴ്ചയാണ് ഇതുവരെ ലഭിച്ചതില്‍ ഏറ്റവും മികച്ച കളക്ഷന്‍. ഞായറാഴ്ചയായ ഇന്നത്തെ കളക്ഷന്‍ അതിനും മുകളില്‍ പോകുമെന്നാണ് സൂചന. ഞായറാഴ്ച കേരളത്തില്‍ ചിത്രത്തിന്‍റെ ആദ്യ പ്രദര്‍ശനങ്ങള്‍ ആരംഭിച്ചത് പുലര്‍ച്ചെ ആറ് മണിക്കാണ്. ശനിയാഴ്ച കേരളത്തില്‍ ആഡ് ചെയ്യപ്പെട്ടത് 275 ലേറ്റ് നൈറ്റ് ഷോകളും. പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് അനുസരിച്ച് ആദ്യ ദിനം ചിത്രം ഇന്ത്യയില്‍ നിന്ന് നേടിയ നെറ്റ് കളക്ഷന്‍ 2.7 കോടി ആയിരുന്നു.
എന്നാല്‍ രണ്ടാം ദിനമായ വെള്ളിയാഴ്ച ഇത് 4 കോടിയായും ശനിയാഴ്ച ഇത് 7.25 കോടിയായും (ഇതുവരെയുള്ള കണക്ക്) ഉയര്‍ന്നു. അതായത് ഇന്ത്യയില്‍ നിന്നുള്ള ആദ്യ മൂന്ന് ദിനങ്ങളിലെ നെറ്റ് കളക്ഷന്‍ മാത്രം 14 കോടിയിലേറെ വരും. അതേസമയം റിലീസ് ചെയ്യപ്പെട്ട വിദേശ മാര്‍ക്കറ്റുകളിലും വന്‍ പ്രതികരണമാണ് ചിത്രം നേടിക്കൊണ്ടിരിക്കുന്നത്.
ആദ്യ മൂന്ന് ദിനങ്ങളില്‍ ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം 35 കോടി പിന്നിട്ടതായാണ് വിവരം. ഞായറാഴ്ച ഇത് 50 കോടി കടക്കുമെന്നാണ് ട്രാക്കര്‍മാരുടെ വിലയിരുത്തല്‍. തെലുങ്ക്, തമിഴ് ഭാഷാ പതിപ്പുകളും പ്രേക്ഷകശ്രദ്ധ നേടുന്നുണ്ട്. ഈ ഭാഷകളിലും കൂടി മെച്ചപ്പെട്ട കളക്ഷന്‍ വന്നാല്‍ ചിത്രത്തിന്‍റെ ലൈഫ് ടൈം ബോക്സ് ഓഫീസ് പ്രവചനാതീതമായിരിക്കും.