ഇതൊരു നാണക്കേടാണ്, മുഖം നോക്കാതെ നടപടി വേണം; വി.ഡി. സതീശൻ

തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ മരണപ്പെട്ട വിദ്യാർത്ഥി നിതിൻ രാജിന്റെ വസതിയിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സന്ദർശനം നടത്തി. നിതിന്റെ കുടുംബത്തെ ആശ്വസിപ്പിച്ച അദ്ദേഹം, അധ്യാപകർക്കെതിരെ ഉയർന്നിട്ടുള്ള ജാതി അധിക്ഷേപ ആരോപണങ്ങളിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. നിതിൻ നേരിട്ട പീഡനങ്ങൾ കേരളത്തിന് തന്നെ വലിയ നാണക്കേടാണെന്നും സാംസ്കാരിക കേരളം തലകുനിക്കേണ്ടി വന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

നിതിനെ ക്രൂരമായി അധിക്ഷേപിച്ചവർ അധ്യാപകരാണോ എന്ന് ചോദിച്ച വി.ഡി. സതീശൻ, കുറ്റക്കാർക്കെതിരെ മുഖംനോക്കാതെ കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു. പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാർത്ഥിന്റെ മരണം ഉണ്ടായപ്പോൾ തന്നെ അധികൃതർ ജാഗ്രത കാട്ടിയിരുന്നെങ്കിൽ ഇത്തരം ദാരുണ സംഭവങ്ങൾ ആവർത്തിക്കില്ലായിരുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പൂക്കോട് സംഭവത്തിൽ കർശനമായ മാതൃകാ നടപടികൾ എടുക്കാതിരുന്നതാണ് സമാനമായ പീഡനങ്ങൾ ഇന്നും തുടരാൻ കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മരണപ്പെട്ട സിദ്ധാർത്ഥിന്റെ അമ്മ, നിതിന്റെ അമ്മയെ ആശ്വസിപ്പിക്കാൻ എത്തിയത് കണ്ടുനിന്നവർക്ക് നൊമ്പരമായി. സമാനമായ ദുരന്തം നേരിട്ട രണ്ട് അമ്മമാരുടെ കൂടിക്കാഴ്ച ആ വസതിയെ കൂടുതൽ കണ്ണീരിലാഴ്ത്തി. നിതിന്റെ മരണത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ടെങ്കിലും കുറ്റാരോപിതരായ അധ്യാപകർക്കെതിരെ നടപടി വൈകുന്നതിനെതിരെ വൻ പ്രതിഷേധമാണ് ഉയരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *