കാലിന് പരിക്കേറ്റ് ഏറെ നാളായി വീട്ടിൽ വിശ്രമത്തിൽ കഴിയുന്ന മുതിർന്ന സിപിഎം നേതാവ് ജി സുധാകരനെ സന്ദർശിച്ച് തിരുവനന്തപുരം മേയർ വിവി രാജേഷ്

ആലപ്പുഴ: കാലിന് പരിക്കേറ്റ് ഏറെ നാളായി വീട്ടിൽ വിശ്രമത്തിൽ കഴിയുന്ന മുതിർന്ന സിപിഎം നേതാവ് ജി സുധാകരനെ സന്ദർശിച്ച് തിരുവനന്തപുരം മേയർ വിവി രാജേഷ്. ആലപ്പുഴ പറവൂരിലെ വീട്ടിലെത്തിയാണ് രാജേഷ് സുധാകരനെ കണ്ടത്. സുധാകരനെ പൊന്നാടയണിയിച്ച് ആദരിച്ച് ആരോഗ്യവിവരം ചോദിച്ചറിഞ്ഞ ശേഷമാണ് മേയർ തിരുവനന്തപുരത്തേക്ക് മടങ്ങിയത്. ആലപ്പുഴയിലെ ബിജെപി നേതാക്കളും പ്രവർത്തകരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
സന്ദർശനത്തിനുശേഷം രാജേഷ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. പുതിയ ദൗത്യത്തിന് പിന്തുണ തേടിയുള്ള സന്ദർശനമെന്നാണ് രാജേഷ് പറഞ്ഞത്. പുതിയ ചുമതല ഏറ്റെടുത്ത മേയറിന് സുധാകരൻ ആശംസകളും അറിയിച്ചു. ഇന്ന് പെരുന്ന എൻഎസ്എസ് ആസ്ഥാനത്ത് മന്നം ജയന്തി ആഘോഷത്തിൽ
പങ്കെടുത്ത ശേഷം എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കാണാൻ രാജേഷ് ആലപ്പുഴയിലേക്ക് വന്നിരുന്നു. ഈ സന്ദർശനത്തിന് ശേഷം മടങ്ങും വഴിയാണ് പറവൂരിലെ വീട്ടിലെത്തി ജി സുധാകരനെയും കണ്ടത്.ചികിത്സയിലിരുന്ന സുധാകരനെ മുഖ്യമന്ത്രിയടക്കം മുതിർന്ന സിപിഎം നേതാക്കളെല്ലാം വീട്ടിലും ആശുപത്രിയിലുമെത്തി കണ്ടിരുന്നു.



