‘കൊന്നുകഷ്ണങ്ങളാക്കി എല്ലുകൾ കത്തിച്ചു’; ബിന്ദു പത്മനാഭൻ കൊലക്കേസിൽ സെബാസ്റ്റ്യന്റെ മൊഴി പുറത്ത്

ആലപ്പുഴ: കടക്കരപ്പള്ളി സ്വദേശിനി ബിന്ദു പത്മനാഭന്റെ തിരോധാനക്കേസിൽ പ്രതി സെബാസ്റ്റ്യന്റെ കുറ്റസമ്മത മൊഴി പുറത്ത്. 2006 മേയിലാണ് കൊലപാതകം നടന്നത്. ബിന്ദു പത്മനാഭനെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി പള്ളിപ്പുറത്തെ വീടിന്റെ പല ഭാഗങ്ങളിലായി കുഴിച്ചിടുകയായിരുന്നു.

മൃതദേഹം അഴുകിയെന്ന് ഉറപ്പാക്കിയതിനുശേഷം എല്ലുകൾ കത്തിച്ചു. ശേഷം അവശിഷ്ടങ്ങൾ പലയിടങ്ങളിലായി സംസ്‌കരിച്ചു. ബിന്ദുവിന്റെ പണം തട്ടിയെടുക്കാനാണ് കൊലപ്പെടുത്തിയതെന്നാണ് മൊഴിയിലുള്ളത്.

ആലപ്പുഴ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിൽ നിന്നാണ് ഈ വിവരങ്ങൾ ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ സെബാസ്റ്റ്യനെ തെളിവെടുപ്പിനെത്തിച്ചു. മൃതദേഹാവശിഷ്ടങ്ങൾ തണ്ണീർമുക്കത്തും ഉപേക്ഷിച്ചുവെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ ഇവിടെയെത്തിച്ചും തെളിവെടുപ്പ് നടത്തും. വ്യാജരേഖ ചമച്ച് ബിന്ദുവിന്റെ സ്ഥലം വിൽപന നടത്തിയതിന് സെബാസ്റ്റ്യൻ നേരത്തെ അറസ്റ്റിലായിരുന്നു.

2006 മുതലാണ് ബിന്ദുവിനെ കാണാതായത്. 2017 സെപ്തംബർ 17ന് ബിന്ദു പത്മനാഭന്റെ സഹോദരൻ പ്രവീൺകുമാർ ആഭ്യന്തര വകുപ്പിന് പരാതി നൽകി. പരാതി ജില്ലാ പൊലീസ് മേധാവി വഴി 2017 ഒക്ടോബർ ഒൻപതിന് കുത്തിയതോട് സി ഐ ഓഫീസിൽ എത്തി. എന്നാൽ 70 ദിവസത്തിന് ശേഷം ഡിസംബർ 19നാണ് പ്രഥമ വിവര റിപ്പോർട്ട് പുറത്തുവന്നത്. 2006ൽ തന്നെ ബിന്ദു കൊല്ലപ്പെട്ടതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.

സെബാസ്റ്റ്യനുമായി ബിന്ദുവിന് അടുത്ത ബന്ധമുണ്ടായിരുന്നതായും അന്വേഷണ സംഘം കണ്ടെത്തി.ബിന്ദു പത്മനാഭനെ റിയൽ എസ്റ്റേറ്റ് ഇടപാടുകാരനായ സെബാസ്റ്റ്യനും സുഹൃത്തും ചേർന്ന് കൊലപ്പെടുത്തിയെന്ന ശബ്ദരേഖയും ഇതിനിടെ പുറത്തുവന്നിരുന്നു. ദല്ലാളായ സോഡാ പൊന്നപ്പൻ അയൽവാസിയായ കടക്കരപ്പള്ളി സ്വദേശിനി ശശികലയോട് കൊലപാതകവിവരം വെളിപ്പെടുത്തിയ ശബ്ദരേഖയാണ് പുറത്തുവന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *