“ഒരു ചർച്ചയുമില്ല, പോയി പണി നോക്കാൻ അമേരിക്കൻ പ്രസിഡൻ്റ് ഡോണള്‍ഡ് ട്രംപിൻ്റെ മുഖത്ത് നോക്കി, അലി ലാരിജാനി

“ഒരു ചർച്ചയുമില്ല, പോയി പണി നോക്കാൻ അമേരിക്കൻ പ്രസിഡൻ്റ് ഡോണള്‍ഡ് ട്രംപിൻ്റെ മുഖത്ത് നോക്കി, ഈ പ്രതികൂല കാലാവസ്ഥയിലും പറഞ്ഞ ” ഒരു ധീരനായ മനുഷ്യനുണ്ട് ഇറാനില്‍, അതാണ് അലി ലാരിജാനി
കൊല്ലപ്പെട്ട ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ മുഖ്യ ഉപദേഷ്ടാവ് ആയിരുന്ന ലാരിജാനിയാണ് ഇപ്പോള്‍ ഇറാൻ്റെ സകല സൈനിക നടപടികള്‍ക്കും ചുക്കാൻ പിടിക്കുന്നത്.
ഇറാൻ്റെ മാരക പ്രഹരത്തിന് മുന്നില്‍ പശ്ചിമേഷ്യ തന്നെ വിറക്കുമ്പോള്‍, എന്താണ് അലി ലാരിജാനിയുടെ ചരിത്രമെന്നത് നമുക്കൊന്ന് പരിശോധിക്കാം. പതിറ്റാണ്ടുകളായി, ഇറാനിയൻ ഭരണകൂടത്തിന്റെ ശാന്തനും പ്രായോഗികവാദിയുമായ മുഖമായിരുന്നു അലി ലാരിജാനി. പതിനെട്ടാം നൂറ്റാണ്ടിലെ ജർമ്മൻ തത്ത്വചിന്തകനായ ഇമ്മാനുവല്‍ കാന്തിനെക്കുറിച്ച് പുസ്തകങ്ങള്‍ എഴുതുകയും പാശ്ചാത്യരാജ്യങ്ങളുമായി ആണവ കരാറുകള്‍ ചർച്ച ചെയ്യുകയും ചെയ്ത വ്യക്തി കൂടിയാണ് അദ്ദേഹം. എന്നാല്‍ ഈ മാർച്ച് 1 മുതല്‍, ഇറാൻ്റെ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ ശക്തമായ മുഖമായാണ് 67 വയസ്സുള്ള അലി ലാരിജാനി മാറിയിരിക്കുന്നത്.
അമേരിക്കയുടെയും ഇസ്രയേലിൻ്റെയും സംയുക്ത വ്യോമാക്രമണത്തില്‍ സുപ്രീം നേതാവ് ആയത്തുള്ള അലി ഖമേനിയും ഇറാനിയൻ റെവല്യൂഷണറി ഗാർഡ് കോർപ്സ് കമാൻഡർ മുഹമ്മദ് പക്പൂരും കൊല്ലപ്പെട്ടതിന് വെറും 24 മണിക്കൂറിന് ശേഷം സ്റ്റേറ്റ് ടെലിവിഷനില്‍ പ്രത്യക്ഷപ്പെട്ട ലാരിജാനി ലോകത്തോടായി പറഞ്ഞത് ഇതാണ്.
“അമേരിക്കയും സയണിസ്റ്റ് ഭരണകൂടവും ഇറാനിയൻ രാഷ്ട്രത്തിന്റെ ഹൃദയത്തെയാണ് തൊട്ടിരിക്കുന്നത്, പകരം “നമ്മള്‍ അവരുടെ ഹൃദയങ്ങളെ കത്തിക്കുക തന്നെ ചെയ്യും. ലാരിജാനിയുടെ ഈ വാക്കുകളാണ് ഇറാൻ സേന ഇപ്പോള്‍ നടപ്പാക്കി കൊണ്ടിരിക്കുന്നത്. ഒരു ഇടവേളയും നല്‍കാതെ വലിയ രൂപത്തിലുള്ള തിരിച്ചടിയാണ് ഇസ്രയേലിന് നേർക്കും അമേരിക്കൻ താവളങ്ങള്‍ക്ക് നേരെയും ഇറാൻ സൈന്യം ഇപ്പോള്‍ നടത്തി കൊണ്ടിരിക്കുന്നത്.
അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒരു “ഇസ്രയേല്‍ കെണിയില്‍” അകപ്പെട്ടുവെന്ന് ആരോപിക്കുന്ന ലാരിജാനി, 1979 ന് ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയോടുള്ള ഇറാൻ്റെ പ്രതികരണത്തിന്റെ കേന്ദ്രബിന്ദുവായാണ് ഇപ്പോള്‍ മാറിയിരിക്കുന്നത്. ഖമേനിയുടെ മരണശേഷം ഇറാൻ ഭരിക്കുന്ന മൂന്നംഗ പരിവർത്തന കൗണ്‍സിലിനൊപ്പവും പുതിയ നേതൃത്വത്തിന് ഒപ്പവും അദ്ദേഹത്തിന് ഒരു പ്രധാന പങ്കു വഹിക്കാൻ കഴിയുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളും ചൂണ്ടിക്കാട്ടുന്നത്.
ഇസ്രയേലുമായും അമേരിക്കയുമായും ഉള്ള യുദ്ധത്തില്‍ ഇറാന്റെ സുരക്ഷാ തന്ത്രത്തിന് നേതൃത്വം നല്‍കാൻ ചുമതലപ്പെടുത്തിയിരിക്കുന്ന വ്യക്തികൂടി ആയാണ് ഈ പോരാളി മാറുന്നത്ത്. 1958 ജൂണ്‍ 3 ന് ഇറാഖിലെ നജാഫില്‍ അമോലില്‍ നിന്നുള്ള ഒരു സമ്പന്ന കുടുംബത്തില്‍ ജനിച്ച ലാരിജാനി, വളരെ സ്വാധീനമുള്ള ഒരു രാജവംശത്തില്‍ പെട്ടയാളാണ്. 2009 ല്‍ ടൈം മാഗസിൻ അവരെ “ഇറാന്റെ കെന്നഡികള്‍” എന്നാണ് വിശേഷിപ്പിച്ചിരുന്നത്.
അദ്ദേഹത്തിന്റെ പിതാവ് മിർസ ഹാഷിം അമോലി ഒരു പ്രമുഖ മതപണ്ഡിതനായിരുന്നു. ലാരിജാനിയെപ്പോലെ, അദ്ദേഹത്തിന്റെ സഹോദരന്മാരും ഇറാനിലെ ഏറ്റവും ശക്തമായ ചില സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. അതില്‍ ജുഡീഷ്യറിയും വിദഗ്ദ്ധരുടെ അസംബ്ലിയും ഉള്‍പ്പെടുന്നുണ്ട്. 1979-നു ശേഷമുള്ള ഇറാനിലെ വിപ്ലവകരമായ വരേണ്യവർഗവുമായുള്ള ലാരിജാനിയുടെ ബന്ധവും വ്യക്തിപരമാണ്. 20-ാം വയസ്സില്‍ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്റെ സ്ഥാപകനായ റുഹൊല്ല ഖൊമേനിയുടെ അടുത്ത വിശ്വസ്തയായ മൊർട്ടെസ മൊതഹാരിയുടെ മകളായ ഫരീദേ മൊതഹാരിയെ ആണ് അദ്ദേഹം വിവാഹം കഴിച്ചിരുന്നത്.
കുടുംബത്തിന്റെ യാഥാസ്ഥിതിക മത വേരുകള്‍ ഉണ്ടായിരുന്നിട്ടും അദ്ദേഹത്തിന്റെ മക്കളുടെ പാത വൈവിധ്യപൂർണ്ണമായിരുന്നു. ടെഹ്‌റാൻ സർവകലാശാലയില്‍ നിന്ന് മെഡിക്കല്‍ ബിരുദം നേടിയ മകള്‍ ഫാത്തിമ, അമേരിക്കയിലെ ഒഹായോയിലുള്ള ക്ലീവ്‌ലാൻഡ് സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് സ്പെഷ്യലൈസേഷൻ പൂർത്തിയാക്കിയിരിക്കുന്നത്.
പതിറ്റാണ്ടുകളായി ഇറാനിയൻ ഭരണകൂടത്തിന്റെ ശാന്തനും പ്രായോഗികവാദിയുമായ മുഖമായിരുന്നു അലി ലാരിജാനിയുടേത് എങ്കില്‍, പരമോന്നത നേതാവായ ആയത്തുള്ള അലി ഖമേനിയുടെ കൊലപാതകത്തിന് ശേഷം, ഈ ശാന്തതയൊക്കെ മാറി ഇപ്പോള്‍ വയലൻസ് മൂഡില്‍ എത്തിയിരിക്കുകയാണ്. മതപരമായ സെമിനാരികളില്‍ നിന്ന് മാത്രം വന്ന തന്റെ പല സമപ്രായക്കാരില്‍ നിന്നും വ്യത്യസ്തമായി, ലാരിജാനിക്ക് ഒരു മതേതര അക്കാദമിക് പശ്ചാത്തലവുമുണ്ട്.
1979-ല്‍ അദ്ദേഹം ഷെരീഫ് യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയില്‍ നിന്ന് ഗണിതത്തിലും കമ്പ്യൂട്ടർ സയൻസിലും ബിരുദം നേടി. പിന്നീട് ടെഹ്റാൻ യൂണിവേഴ്സിറ്റിയില്‍ നിന്ന് പാശ്ചാത്യ തത്ത്വചിന്തയില്‍ ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റ് ബിരുദവും നേടിയിട്ടുണ്ട്. ഇതൊക്കെ ആണെങ്കിലും അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകളാണ് കരിയർ മാറ്റി മറിച്ചിരിക്കുന്നത്.
1979-ലെ വിപ്ലവത്തിനുശേഷം 1980-കളുടെ തുടക്കത്തിലാണ് ലാരിജാനി ഐആർജിസിയില്‍ ചേർന്നത്. സർക്കാരിലേക്ക് മാറുന്നതിനുമുമ്പ്, 1994 നും 1997 നും ഇടയില്‍ പ്രസിഡന്റ് അക്ബർ ഹാഷെമി റഫ്സഞ്ജാനിയുടെ കീഴില്‍ സാംസ്കാരിക മന്ത്രിയായും പിന്നീട് 1994 മുതല്‍ 2004 വരെ സ്റ്റേറ്റ് ടിവിയുടെ തലവനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഐആർഐബിയിലെ ഈകാലത്ത്, ഇറാനിയൻ യുവാക്കളെ വിദേശ മാധ്യമങ്ങളിലേക്ക് ആകർഷിക്കുന്നതായി വിവിധ പദ്ധതികളും ആവിഷ്ക്കരിക്കുകയുണ്ടായി.
2008 നും 2020 നും ഇടയില്‍, തുടർച്ചയായി മൂന്ന് തവണ പാർലമെന്റ് സ്പീക്കറായി സേവനമനുഷ്ഠിച്ച ലാരിജാനിക്ക് ഇറാൻ്റെ ആഭ്യന്തര, വിദേശ നയങ്ങള്‍ രൂപപ്പെടുത്തുന്നതിലും നിർണ്ണായക പങ്കാണുള്ളത്. 2005-ല്‍ ഒരു യാഥാസ്ഥിതിക സ്ഥാനാർത്ഥിയായി ലാരിജാനി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുകയുണ്ടായി. പക്ഷേ രണ്ടാം റൗണ്ടില്‍ ഇടം നേടാനായിരുന്നില്ല. എന്നാല്‍ അതേ വർഷം തന്നെ ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാ കൗണ്‍സിലിന്റെ സെക്രട്ടറിയായും, രാജ്യത്തിന്റെ മുഖ്യ ആണവ ചർച്ചക്കാരനായും അദ്ദേഹം നിയമിക്കപ്പെടുകയുണ്ടായി.
2025 ഓഗസ്റ്റില്‍ ഇറാൻ പ്രസിഡൻ്റായി മസൂദ് പെസെഷ്കിയാൻ തിരഞ്ഞെടുക്കപ്പെട്ടപ്പോഴും, സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ സെക്രട്ടറിയായി നിയമിച്ചതും ലാരിജാനിയെ തന്നെ ആയിരുന്നു. ഈ സ്ഥാനമേറ്റതിനുശേഷം അദ്ദേഹത്തിന്റെ നിലപാട് കൂടുതല്‍ കഠിനമായി മാറി എന്നതും ഒരു വസ്തുതയാണ്. 2025 ഒക്ടോബറില്‍ അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുമായുള്ള സഹകരണ കരാർ ലാരിജാനി റദ്ദാക്കിയതായും ഏജൻസിയുടെ റിപ്പോർട്ടുകള്‍ “ഇനി ഫലപ്രദമല്ല” എന്ന് പ്രഖ്യാപിച്ചതായും റിപ്പോർട്ടുകള്‍ പുറത്തുവന്നിരുന്നു.
ആ കടുത്ത നിലപാട് ഉണ്ടായിരുന്നിട്ടും ലാരിജാനിയെ പലപ്പോഴും പ്രായോഗികവാദിയായും ഇറാനിയൻ സംവിധാനത്തിനുള്ളില്‍ വിട്ടുവീഴ്ച ചെയ്യാൻ തയ്യാറായേക്കാവുന്ന ഒരാളായുമാണ് കണക്കാക്കിയിരുന്നത്. നിലവിലെ സംഘർഷാവസ്ഥയ്ക്ക് ആഴ്ചകള്‍ക്ക് മുമ്പ്, ലാരിജാനി അമേരിക്കയുമായി പരോക്ഷ ചർച്ചകളില്‍ ഏർപ്പെട്ടിരുന്നതായും റിപ്പോർട്ടുണ്ട്. ഇറാനെതിരായ അമേരിക്കയുടെയും ഇസ്രയേലിന്റെയും ആക്രമണങ്ങള്‍ക്ക് മുമ്പ് അല്‍ ജസീറയ്ക്ക് നല്‍കിയ
അഭിമുഖത്തില്‍, ചർച്ചകളെക്കുറിച്ചുള്ള തന്റെ രാജ്യത്തിന്റെ നിലപാട് “പോസിറ്റീവ്” ആണെന്നാണ് ലാരിജാനി വിശേഷിപ്പിച്ചിരുന്നത്. സൈനിക ഓപ്ഷൻ പ്രായോഗികമല്ലെന്ന് അമേരിക്ക തിരിച്ചറിഞ്ഞിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. “ചർച്ചകള്‍ തേടുന്നത് യുക്തിസഹമായ ഒരു പാതയാണ്,” എന്ന് അന്ന് പറഞ്ഞ ഈ ഇറാൻ നേതാവിന് തന്നെ, ഇനി ഒരു ചർച്ചയും ഇല്ലന്ന് പറയേണ്ടി വന്നത് ചർച്ചകള്‍ മറയാക്കി അമേരിക്ക നടത്തിയ ചതി തിരിച്ചറിഞ്ഞതു കൊണ്ടു കൂടിയാണ്.
ഭരണഘടന അനുസരിച്ച്, നേതൃത്വ പിന്തുടർച്ച ക്രമീകരിക്കാനുള്ള പദ്ധതികള്‍ നിലവിലുണ്ടെന്ന് ലാരിജാനി തന്റെ പുതിയ പ്രസംഗത്തില്‍ രാഷ്ട്രത്തിന് ഉറപ്പ് നല്‍കിയിട്ടുണ്ട്. നേതാക്കളെ കൊല്ലുന്നത് ഇറാനെ അസ്ഥിരപ്പെടുത്തുമെന്ന് കരുതുന്നത് വ്യാമോഹമാണെന്നാണ് അദ്ദേഹം അമേരിക്കയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. “ഞങ്ങള്‍ മേഖലയിലെ രാജ്യങ്ങളെ ആക്രമിക്കാൻ ഉദ്ദേശിക്കുന്നില്ല”, “പക്ഷേ അമേരിക്ക ഉപയോഗിക്കുന്ന ഏതൊരു താവളത്തെയും ഞങ്ങള്‍ ലക്ഷ്യമിടുന്നു” എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. അത് തന്നെയാണ് ഇറാൻ സേന ഇപ്പോള്‍ നടപ്പാക്കി കൊണ്ടിരിക്കുന്നത്. “മുമ്പ് ഒരിക്കലും അനുഭവിച്ചിട്ടില്ലാത്ത ഒരു ശക്തിയോടെ” അമേരിക്കയ്ക്കും ഇസ്രയേലിനും മറുപടി നല്‍കുമെന്നാണ് ലാരിജാനി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇറാൻ്റെ പ്രതികരണത്തിലെ സ്വഭാവം മാറുന്നത് ആ വാക്കുകളെ സ്ഥിരീകരിക്കുന്നതു തന്നെയാണ്



