കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ

15 വയസിനിടെ പത്താം ക്ളാസുകാരി പിടികൂടിയത് നൂറിലേറെ പാമ്പുകളെ. വൈൽഡ് ലൈഫ് എന്തൂസിയസ്റ്റ്, വൈൽഡ് ലൈഫ് കൺസർവേഷനിസ്റ്റ്, ഹെർപെറ്റോളജിസ്റ്റ്, വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ, പക്ഷി നിരീക്ഷക, എഴുത്തുകാരി, മോട്ടിവേഷണൽ സ്‌പീക്കർ എന്നിങ്ങനെ ടൈറ്റിലുകൾ അനവധിയാണ് പാലക്കാട്ടുകാരി അനന്യ വിശ്വേഷിന്. അമേരിക്ക കേന്ദ്രീകരിച്ചുള്ള ആംഫിബിയൻ ഫൗണ്ടേഷനിൽ നിന്ന് ഹെർപെറ്റോളജിസ്റ്റ് സർഫിട്ടിക്കറ്റ് നേടിയിട്ടുണ്ട് അനന്യ.

11ാം വയസിൽ ഈ സർട്ടിഫിക്കറ്റ് നേടിയ ഒരേയൊരു ഏഷ്യക്കാരി കൂടിയാണ് അനന്യ.പാലക്കാട് കൽപ്പാത്തി അഗ്രഹാരത്തിലെ എൽഎൻ പുരമാണ് അനന്യയുടെ സ്വദേശം. 2011ൽ മുംബയിലാണ് അനന്യ ജനിച്ചത്. അച്ഛൻ വിശ്വേഷ് മുംബയിൽ ഐടി ജീവനക്കാരനായിരുന്നു. അമ്മ ശ്വേത അവിടെ അദ്ധ്യാപികയും. വിശ്വേഷിന്റെ അച്ഛൻ എലപ്പുള്ളി അനന്തനാരായണൻ സുബ്രഹ്മണ്യം ജോലിയിൽ നിന്ന് വിരമിച്ചതോടെ കുടുംബസമേതം തിരികെ നാട്ടിലെത്തി.ഒന്നാം ക്ളാസ് കഴിഞ്ഞതിനുശേഷമുള്ള അവധിക്കാലത്ത് ഊട്ടിയിലേയ്ക്ക് യാത്ര പോയതാണ് അനന്യയുടെ ജീവിതത്തിൽ വഴിത്തിരിവായത്.

കാട്ടിലെ പക്ഷികൾ അനന്യയുടെ മനസിൽ തങ്ങി. ഇനി പഠനം ഊട്ടിയിൽ മതിയെന്ന് അനന്യ നിർബന്ധം പിടിച്ചു. ഒടുവിൽ കുടുംബം മകളുടെ ഇഷ്ടത്തിന് സമ്മതം മൂളി. ഊട്ടി ജീവിതത്തിനിടെ മുതുമല വനമേഖലയിലെ കാർ സവാരിക്കിടെയാണ് അനന്യ ആദ്യമായി കാട്ടാനയെ കണ്ടത്. കാടിന്റെ മക്കളെ കണ്ടപ്പോൾ ഫോട്ടോയെടുക്കണമെന്ന് അനന്യ ആഗ്രഹം പ്രക‌ടിപ്പിച്ചു. പിറ്റേന്നുതന്നെ 20,000 രൂപ കൊടുത്ത് വിശ്വേഷ് സെക്കൻഡ് ഹാൻഡ് ക്യാമറ വാങ്ങി. മസിനഗുഡിയിലെ തെപ്പക്കാട്ടേക്കായിരുന്നു ക്യാമറയുമായി അനന്യയുടെ ആദ്യ യാത്ര. കുട്ടിയാനയുടെ ചിത്രമാണ് ആദ്യമായി പകർത്തിയത്.

അങ്ങനെയിരിക്കെ പ്രശസ്ത വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ രാധിക രാമസ്വാമി കൂനൂരിലെത്തി. മകളുടെ ഫോട്ടോഗ്രാഫി കമ്പം കണ്ടറിഞ്ഞ വിശ്വേഷ്, രാധിക രാമസ്വാമി നയിക്കുന്ന സെമിനാറിൽ പങ്കെടുപ്പിക്കാൻ ശ്രമിച്ചെങ്കിലും ആറുവയസുകാരിയെ കാട്ടിലേയ്ക്ക് കൊണ്ടുപോകാൻ അവർ ആശങ്ക പ്രകടിപ്പിച്ചു. എന്നാൽ വിശ്വേഷിന്റെ അഭ്യർത്ഥനയിൽ അവർ അനന്യയെ ഒപ്പം കൂട്ടി. സെമിനാറിനുശേഷം അനന്യയെക്കുറിച്ച് രാധിക പറഞ്ഞത് ഈ പ്രായത്തിൽ ഇതുപോലെ വൈൽഡ് ലൈഫ് ചിത്രങ്ങളെടുക്കുന്ന കുട്ടികൾ ഇന്ത്യയിൽ വേറെയില്ല എന്നായിരുന്നു. നാലുവർഷത്തിനിടെ മുതുമല വന്യജീവി സങ്കേതത്തിൽ നിന്ന് മാത്രമായി 258 ഇനം പക്ഷികളുടെ ചിത്രങ്ങളാണ് അനന്യ പകർത്തിയത്.

ഇതിനിടെ മസിനഗുഡി ഇക്കോ നാച്ചുറലിസ്റ്റ് ക്ളബ് അനന്യയെ സംഘത്തിൽ ഉൾപ്പെടുത്തി. ക്ളബിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായിരുന്നു അനന്യ. ക്ളബിൽ മുരളി എന്നൊരു പാമ്പ് പിടിത്തക്കാരനുണ്ടായിരുന്നു. കാട്ടിൽവച്ച് ആദ്യമായി പാമ്പിനെ കണ്ടപ്പോൾ അനന്യ അതിനനടുത്തേയ്ക്ക് ഓടിപ്പോകുന്നത് കണ്ട് മുരളി അത്ഭുതപ്പെട്ടു. പിന്നീട് സ്‌നേക്ക് റെസ്‌ക്യൂ മിഷനുകളിൽ അനന്യയെയും അച്ഛനെയും ഒപ്പം കൂട്ടി.

കേരള വനംവകുപ്പിന്റെ സോഷ്യൽ ഫോറസ്‌ട്രി ടീമിൽ അംഗമാണ് അനന്യ. വകുപ്പിന് കീഴിൽ പതിനായിരക്കണക്കിന് വിദ്യാർത്ഥികൾക്ക് വനസംരക്ഷണത്തെക്കുറിച്ച് ക്ളാസെടുത്തു. കാടുകാണാനെത്തുന്ന വിദ്യാർത്ഥികളുടെ ലീഡറായി വനസവാരിയും ചെയ്യാറുണ്ട്. വകുപ്പിന് കീഴിലല്ലാതെയും അനന്യ സ്‌കൂളുകളിൽ മുഖ്യാതിഥിയായെത്തി ക്ളാസെടുക്കുന്നുണ്ട്. കർണാടക, മഹാരാഷ്ട്ര വനംവകുപ്പിൽ നിന്നും അനന്യക്ക് ക്ഷണം വന്നിട്ടുണ്ട്.

അമേരിക്കയിലെ ആംഫിബിയൻ ഫൗണ്ടേഷനിൽ നിന്ന് ജൂനിയർ മാസ്റ്റേഴ്‌സ് ഇൻ ഹെർപെറ്റോളജി സർട്ടിഫിക്കറ്റ് നേടിയിട്ടുള്ളതിനാൽ അനന്യ സർട്ടിഫൈഡ് റെപ്‌ട്ടൈൽ റെസ്‌‌ക്യൂവർ ആണ്. കേരളത്തിലും തമിഴ്‌നാട്ടിലും പാമ്പ് പിടിത്തത്തിന് അനുമതിയുണ്ട്.ബാംഗ്ളൂരിലെ സ്‌കൂൾ വിദ്യാർത്ഥിനിയാണ് അനന്യ. ഹോം സ്‌കൂളിംഗ് ആയതിനാൽ ഫോട്ടോഗ്രഫിക്കും സ്‌നേക് റെസ്‌ക്യൂവിനും പക്ഷി നിരീക്ഷണത്തിനുമെല്ലാം ധാരാളം സമയം ലഭിക്കുന്നുണ്ട്.

നീലഗിരി കളക്‌ടറായിരുന്ന ജെ ഇന്നസെന്റ് ദിവ്യയാണ് അനന്യയെ ഹോം സ്‌കൂളിംഗിനുചേരാൻ ഉപദേശിച്ചത്. കാട്ടിൽ നിന്ന് പകർത്തിയ ചിത്രങ്ങൾ ഉൾപ്പെടുത്തി ‘ദി ബേഡ്‌സ് ഓഫ് മസിനഗുഡി’ എന്ന പേരിൽ പുസ്‌തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2024ൽ നീലഗിരിയിലെത്തിയ രാഷ്ട്രപതി ദ്രൗപതി മുർമുവിന് ഈ പുസ്‌തകം സമ്മാനിച്ചു. മുതുമലയിലെ എൻജിഒ സംഘടനയുടെ പരമോന്നത ബഹുമതിയായ ‘സിങ്കപ്പെണ്ണ്’ പുരസ്‌‌കാരവും അനന്യ സ്വന്തമാക്കിയിട്ടുണ്ട്. കാടിനോടുള്ള ഇഷ്ടം മൂലം ഐഎഫ്‌എസ് നേടണമെന്നാണ് അനന്യയുടെ ആഗ്രഹം. കൽപ്പാത്തിയിലെ യംഗ് ഇന്ത്യ ഐഎഎസ് എന്ന സ്ഥാപനത്തിൽ ഐഎഫ്‌എസ് ഫൗണ്ടേഷൻ കോഴ്‌സിന് ചേർന്നിരിക്കുകയാണ് അനന്യയിപ്പോൾ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *