‘വീട്ടിലെ വീണയും മന്ത്രിസഭയിലെ വീണയും ബാദ്ധ്യത’, വിവാദ പരാമര്‍ശവുമായി കെ മുരളീധരന്‍

തിരുവനന്തപുരം: വീട്ടിലെ വീണയും മന്ത്രിസഭയിലെ വീണയും പിണറായി വിജയനു ബാധ്യതയാണ്. രണ്ടു വീണമാരും വിജയനെയും കൊണ്ടെ പോകൂ എന്ന അവസ്ഥയാണ്. ആരോഗ്യ മന്ത്രിയെ രാജി വയ്പിച്ച് വീണ്ടും വാര്‍ത്ത വായനക്ക് പറഞ്ഞു വിടുന്ന താണ് കേരളത്തിന് നല്ലത് എന്നു കെ.മുരളീധരന്‍. വാര്‍ത്ത വായിച്ച ചാനല്‍ എന്നേക്കുമായി പൂട്ടിച്ച ഐശ്വര്യമുള്ള വ്യക്തിയാണ് ആരോഗ്യ മന്ത്രി. സി പി എമ്മില്‍ ചേര്‍ന്നതോടെ പാര്‍ട്ടിയുടെ കണ്ടകശ്ശനി തുടങ്ങി. ഇപ്പോള്‍ ആരോഗ്യവകുപ്പിനെ ആരോഗ്യ മന്ത്രി തന്നെ നേരിട്ടു കൊല്ലുന്നു.

ചികിത്സയ്ക്ക് നടന്ന് ആശുപത്രിയില്‍ കയറുന്നവന്‍മൂക്കില്‍ പഞ്ഞി വച്ച് വീട്ടിലെത്തുന്ന കാഴ്ചയാണ് കാണുന്നത്. പേപ്പട്ടി കടിച്ചാല്‍ കുത്തിവയ്പ് എടുത്തില്ലെങ്കില്‍ കുറച്ച് ദിവസത്തിന് ശേഷവും ഇഞ്ചക്ഷന്‍ എടുത്താല്‍ അഞ്ച് ദിവസത്തിനകവും മരിക്കുന്ന കാഴ്ചയാണ് കേരളത്തില്‍ ഉള്ളത്. മന്ത്രി സജി ചെറിയാന്‍ പറഞ്ഞതിന് ശേഷവും വീണാ ജോര്‍ജ് ആരോഗ്യ മേഖലയക്കുറിച്ച് വമ്പ് പറയുന്നത് അപമാനകരമാണ്.സംസ്ഥാനത്തിന്റെ ആരോഗ്യമന്ത്രി സര്‍ക്കാര്‍ വാഹനവും അകമ്പടിയും ഉപേക്ഷിച്ച് സ്വകാര്യ വാഹനത്തില്‍ ഗുണ്ടകളുടെ അകമ്പടിയിലാണ് ആരോഗ്യ വകുപ്പ് കൊന്നു കളഞ്ഞ ബിന്ദുവിന്റെ വീട്ടിലെത്തിയത്.

ആരോഗ്യ മന്ത്രിയ്‌ക്കെതിരെ പ്രതിഷേധിക്കുന്നവരെ മൂക്കില്‍ കയറ്റുമെന്ന ഡിവൈഎഫ്‌ഐ പ്രഖ്യാപനത്തെ അവജ്ഞയോടെ തള്ളുന്നു. അത്തരം വിരട്ടുകള്‍ ഒന്നും ഇങ്ങോട്ട് വേണ്ട എന്നും മുരളീധരന്‍ പറഞ്ഞു. ആരോഗ്യ രംഗത്തോടുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവഗണനക്കും അനാസ്ഥക്കുമെതിരെ ജില്ലാകോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ താലൂക്ക് കേന്ദ്രങ്ങളിലെ ആശുപത്രിക്ക് മുന്നില്‍ നടത്തിയ ധര്‍ണകളുടെ ജില്ലാ തല ഉദ്ഘാടനം നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിക്ക് മുന്നില്‍ നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. ഡിസിസി പ്രസിഡന്റ് പാലോട് രവി അദ്ധ്യക്ഷത വഹിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *