സംസ്ഥാനത്ത് റേഷന്‍ മണ്ണെണ്ണയുടെ വില ലീറ്ററിന് 4 രൂപ കൂടി 71 രൂപയായി

തിരുവനന്തപുരം: സംസ്ഥാനത്ത് റേഷന്‍ മണ്ണെണ്ണയുടെ വില ലീറ്ററിന് 4 രൂപ കൂടി 71 രൂപയായി. പശ്ചിമേഷ്യയില്‍ യുദ്ധം തുടരുന്ന സാഹചര്യത്തില്‍ എണ്ണക്കമ്പനികള്‍ അടിസ്ഥാനവില 52.16 രൂപയില്‍ നിന്ന് 56 രൂപയായി വര്‍ദ്ധിപ്പിച്ചതിനെ തുടര്‍ന്നാണ് നികുതികളും കമ്മിഷനും ഉള്‍പ്പെടെ 71 രൂപയാക്കി ഭക്ഷ്യപൊതുവിതരണ വകുപ്പ് ഉത്തരവിറക്കിയത്.

പുതിയ സ്റ്റോക്കെടുക്കുമ്പോഴാണ് സാധാരണ കൂടിയ വില നല്‍കേണ്ടത്. എന്നാല്‍ നിലവിലെ സ്റ്റോക്കനു കൂടി വില വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. നീക്കിയിരുപ്പുള്ള സ്റ്റോക്ക് പഴയ വിലയ്ക്കു വില്‍ക്കാന്‍ സര്‍ക്കാരിന് തടസ്സമൊന്നുമില്ല. പക്ഷെ, വര്‍ദ്ധിപ്പിച്ച വില ഇന്നലെ മുതല്‍ ഈടാക്കി തുടങ്ങി.മണ്ണെണ്ണ റേഷന്‍ കടകളിലും മൊത്തവ്യാപാരികളുടെ പക്കലും നിലവില്‍ 25,71,345 ലിറ്റര്‍ സ്റ്റോക്കുണ്ട്. പുതുക്കിയ വിലയ്ക്ക് ഇത്രയും വിറ്റഴിച്ചാല്‍ സംസ്ഥാന സര്‍ക്കാരിന് 1.02 കോടി രൂപ അധികമായി ലഭിക്കും. ഈ മാസം എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ഒരു ലിറ്റര്‍ മണ്ണെണ്ണ സ്റ്റോക്ക് ലഭ്യതയ്ക്ക് അനുസരിച്ച് നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.

സ്റ്റോക്കുള്ളതിന് വില കൂട്ടില്ലെന്ന് മന്ത്രി

സ്റ്റോക്കുള്ള മണ്ണെണ്ണയുടെ വില വര്‍ദ്ധിപ്പിക്കില്ലെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍.അനില്‍ പറഞ്ഞു. പുതിയ സ്റ്റോക്കെടുക്കുമ്പോള്‍ മാത്രമാണ് കൂടിയ വില നല്‍കേണ്ടതെന്ന് വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *