ലാൻഡ് ചെയ്യുന്നതിനിടെ വിമാനം റൺവേയിലുണ്ടായിരുന്ന വാഹനവുമായി കൂട്ടിയിടിച്ചു

ന്യൂയോർക്ക്: ലാൻഡിംഗിനിടെ വിമാനം റൺവേയിലുണ്ടായിരുന്ന വാഹനവുമായി കൂട്ടിയിടിച്ച് അപകടം. ന്യൂയോർക്ക് ലാഗ്വാർഡിയ വിമാനത്താവളത്തിലെ റൺവേ നാലിലാണ് സംഭവം. കാനഡയിലെ മോൺട്രിയലിൽ നിന്ന് വരികയായിരുന്ന എയർ കാനഡ വിമാനമാണ് അപകടത്തിൽപ്പെട്ടത്. നിരവധിപേർക്ക് പരിക്കേറ്റതായി ഫ്ലൈറ്റ് ട്രാക്കിംഗ് വെബ്‌സൈറ്റ് ഫ്ലൈറ്റ് റഡാർ 24 റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.
വിമാനത്താവളത്തിൽ രക്ഷാപ്രവർത്തനം നടക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നിട്ടുണ്ട്. വിമാനത്തിന്റെ മുൻഭാഗം തകർന്നതായി ഈ ദൃശ്യങ്ങളിൽ കാണാം. ന്യൂയോർക്ക് പോസ്റ്റിന്റെ റിപ്പോർട്ട് പ്രകാരം പ്രാദേശിക സമയം രാത്രി 11.38നാണ് അപകടമുണ്ടായിരിക്കുന്നത്. നിരവധിപേർക്ക് ഗുരുതരമായി പരിക്കേറ്റു.
പൈലറ്റ്, സഹപൈലറ്റ്, അഗ്നിശമന സേനാംഗങ്ങൾ, പോർട്ട് അതോരിറ്റി പൊലീസ് ഉദ്യോഗസ്ഥർ എന്നിവർക്കാണ് പരിക്കേറ്റത്.വിമാനത്തിൽ നാല് ക്രൂ അംഗങ്ങളും 76 യാത്രക്കാരുമാണ് ഉണ്ടായിരുന്നത്. ഇവർക്ക് പരിക്കേറ്റിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല. അപകടത്തെത്തുടർന്ന് വിമാനത്താവളം താൽക്കാലികമായി അടച്ചിട്ടിരിക്കുകയാണ്. പല വിമാനങ്ങളും മറ്റ് വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിട്ടിട്ടുണ്ട്.



