ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നതിനായുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചതായി ദേശീയ തിരഞ്ഞെടുപ്പ് കമ്മിഷന്‍

ന്യൂഡല്‍ഹി: ജഗ്ദീപ് ധന്‍കറിന്റെ അപ്രതീക്ഷിത രാജിയുടെ പശ്ചാത്തലത്തില്‍ ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നതിനായുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചതായി ദേശീയ തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. പുതിയ ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നതിനായി പാര്‍ലമെന്റിലെ ഇരുസഭകളിലെയും അംഗങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഇലക്ടറല്‍ കോളേജ് രൂപവത്കരിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളുടെ സുഗമമായ നടത്തിപ്പിന് റിട്ടേണിംഗ് ഓഫീസര്‍മാരെ തീരുമാനിച്ചുകൊണ്ടിരിക്കുകയാണെന്നും കമ്മിഷന്‍ വ്യക്തമാക്കി. മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയതിനുശേഷമായിരിക്കും തിരഞ്ഞെടുപ്പ് ഷെഡ്യൂള്‍ പ്രഖ്യാപിക്കുക.

പിന്നാക്ക വിഭാഗത്തിൽ നിന്നുള്ള ഒരാളെയാകും അടുത്ത ഉപരാഷ്‌ട്രപതിയായി എൻഡിഎ പരിഗണിക്കുക എന്നാണ് റിപ്പോർട്ടുകൾ. കേന്ദ്ര കൃഷിവകുപ്പ് സഹമന്ത്രിയും എൻഡിഎയുടെ സഖ്യകക്ഷിയായ ജെഡിയു നേതാവുമായ രാംനാഥ് ഠാക്കൂറിന്റെ പേരും ഉയർന്നുകേൾക്കുന്നുണ്ട്.സർക്കാരുമായുള്ള അഭിപ്രായ ഭിന്നതയാണ് ഉപരാഷ്‌ട്രപതി ജഗ്‌ദീപ് ധൻകറിന്റെ അപ്രതീക്ഷിത രാജിക്ക് പിന്നിലെന്നാണ് സൂചന.

രാജിക്കത്ത് ഇന്നലെ രാവിലെ രാഷ്‌ട്രപതി ദ്രൗപദി മുർമു സ്വീകരിച്ചു. തിങ്കളാഴ്‌ച ഉച്ചയ്‌ക്കുശേഷമുണ്ടായ സംഭവങ്ങളാണ് രാജിക്ക് പിന്നിലെന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. രാത്രി 9.25ന് എക്‌സ് അക്കൗണ്ടിലൂടെ ധൻകർ തന്നെയാണ് രാജി പ്രഖ്യാപിച്ചത്.വർഷകാല സമ്മേളനം തുടങ്ങിയ ദിവസം രാജ്യസഭയിൽ ധൻകർ സജീവമായിരുന്നു. എന്നാൽ, ഡൽഹി ഹൈക്കോടതി മുൻ ജഡ്‌ജി യശ്വന്ത് വർമ്മയുടെ ഇംപീച്ച്മെന്റ് പ്രമേയത്തിനുള്ള പ്രതിപക്ഷ നോട്ടീസ് സ്വീകരിച്ചത് സർക്കാരിന്റെ അപ്രീതിക്ക് കാരണമായെന്നാണ് വിവരം.

ഇതിലൂടെ ജഡ്‌ജിക്കെതിരെയും ജുഡീഷ്യറിയിലെ അഴിമതിക്കെതിരെയും നടപടി സ്വീകരിക്കാനുള്ള അവസരം സർക്കാരിന് നഷ്‌ടമായി. ഇതേച്ചൊല്ലി രാജ്യസഭാനേതാവും മന്ത്രിയുമായ ജെ.പി. നദ്ദയും ധൻകറും ഫോണിൽ ദീർഘനേരം തർക്കിച്ചതായും വിവരമുണ്ട്. വൈകിട്ട് നടന്ന രാജ്യസഭ ബിസിനസ് അഡ്വൈസറി യോഗത്തിൽ ജെ.പി. നദ്ദയും പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജുവും പങ്കെടുത്തിരുന്നില്ല. അടുത്തകാലത്ത് ധൻകറും സർക്കാരുമായുള്ള ബന്ധത്തിൽ വിള്ളലുണ്ടായെന്നും സൂചനയുണ്ട്. ഇതിന്റെ തുടർച്ചയായാണ് ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടിയുള്ള രാജി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *