‘സൂക്ഷിച്ചുവച്ചിരിക്കുന്ന നഖം മോഹൻലാലിന്റെതാണ്, ജീവിച്ചു പൊയ്ക്കോട്ടെ’; വിമർശനങ്ങൾക്ക് മറുപടിയുമായി നടി

മോഹൻലാലിന് ദാദാസാഹേബ് ഫാൽക്കെ അവാർഡ് ലഭിച്ചതിന് പിന്നാലെ നടി ലക്ഷ്മിപ്രിയ പങ്കുവച്ച പോസ്റ്റ് ഏറെ ചർച്ചയായിരുന്നു. ഈ ലോകത്തെ മികച്ച അഭിനേതാവിന് നൽകാവുന്ന സകലമാന പുരസ്‌കാരങ്ങളും മോഹൻലാലിന്റെ കാൽച്ചുവട്ടിൽ വച്ച് നമസ്കരിച്ചാലും അതിൽ അതിശയോക്തിയില്ലെന്നും ഹോഗ്ഗനക്കലെ കാട്ടിൽ മോഹൻലാൽ വെട്ടിക്കളഞ്ഞ നഖം പോലും താനെടുത്ത് സൂക്ഷിച്ചുവച്ചിട്ടുണ്ടെന്നുമാണ് നടി ഫേസ്‌ബുക്കിൽ കുറിച്ചത്. ഇത് ഏറെ വിമർശനങ്ങൾക്കിടയാക്കിയിരുന്നു. ഇപ്പോഴിതാ വിമ‌ർശനങ്ങളിൽ പ്രതികരിച്ചിരിക്കുകയാണ് നടി.

താൻ മോഹൻലാലിന്റെ നഖം സൂക്ഷിച്ചുവച്ചിട്ടുണ്ടെന്നും തന്റെ കൊച്ചു കൊച്ചു സന്തോഷങ്ങളുമായി ജീവിച്ചു പൊയ്ക്കോട്ടെയെന്നും നടി കുറിച്ചു. ദയവായി ചുറ്റിനും ഉള്ളവർ നിങ്ങളുടെ കാലിലെ ചെരുപ്പാവണം എന്ന് വാശി പിടിക്കരുതെന്നും നടി കുറിപ്പിൽ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

അതേ, ഞാൻ സൂക്ഷിച്ചുവച്ചിട്ടുണ്ട്. ഞാൻ സൂക്ഷിച്ചു വച്ചിരിക്കുന്ന നഖം മോഹൻലാലിന്റെതാണ്. അത്രയധികം ആരാധനയും സ്നേഹവും ബഹുമാനവും എനിക്ക് അദ്ദേഹത്തോടുണ്ട്. ആ പോസ്റ്റിൽ എഴുതിയ മിക്ക ചിത്രങ്ങളും 1991,92 വർഷങ്ങളിലേതാണ്. പാദമുദ്രയും, ചിത്രവും, ഉത്സവപ്പിറ്റേന്നും ആര്യനും വെള്ളാനകളുടെ നാടുമെല്ലാം ചെയ്തത് 1988 ൽ ആണ്. 1989ൽ ആണ് കിരീടം. വരവേല്പ്പും ആ വർഷം തന്നെയാണ്.

അതിനും മുൻപേ 1986 ൽ ആണ് സന്മനസ്സുള്ളവർക്ക് സമാധാനവും ടി പി ബാലഗോപാലനുമൊക്കെ! 1986ൽ. അതൊക്കെ അദ്ദേഹത്തിന്റെ ഇരുപതുകളുടെ തുടക്കത്തിൽ ആണ്.പിന്നെയും വർഷങ്ങളും, ഓരോ വർഷവും അദ്ദേഹം ചെയ്ത ചിത്രങ്ങളുടെ എണ്ണവും അദ്ദേഹത്തിന്റെ വയസ്സും എടുത്താൽ ഈ പോസ്റ്റ് നീണ്ടു നീണ്ടുപോകും.

എത്ര എത്ര വ്യത്യസ്തമാർന്ന കഥാപാത്രങ്ങളാണ് ചെയ്തിരിക്കുന്നത്? ഇന്ത്യൻ സിനിമയിൽ ഒരു നടനും അവകാശപ്പെടാനും ഭേദിക്കുവാനും കഴിയാത്ത റെക്കോർഡുകൾ ആണ് അതെല്ലാം…. അതിനുശേഷം എത്രയോ നടന്മാര് വന്നു? ആ വയസ്സിൽ മികവുറ്റതാക്കിയ എത്ര കഥാപാത്രങ്ങളുണ്ട്? ആ എണ്ണമൊക്കെ എടുത്താൽ ഇനി ഒരു നടന് അത്തരം ഭാഗ്യം ഉണ്ടാവുമെന്നും എനിക്ക് തോന്നുന്നില്ല.

മോഹൻലാൽ എന്നത് സൂക്ഷ്മാഭിനയത്തിന്റെ പാഠപുസ്തകമാണ്. അദ്ദേഹം ഒരു ഇംഗ്ലീഷ് നടനായിരുന്നുവെങ്കിൽ ഓസ്കാർ അവാർഡ് എത്രയെണ്ണം അദ്ദേഹത്തിന്റെ വീട്ടിൽ ഉണ്ടാകുമായിരുന്നു? ഞാൻ അഭിമാനിക്കുന്നു, അദ്ദേഹം ഒരു ഭാരതീയനായതിലും മലയാളിയായതിലും അദ്ദേഹത്തിനോടൊപ്പം കുറച്ചു ചിത്രങ്ങൾ അഭിനയിക്കാൻ കഴിഞ്ഞതിലും.

സർവ്വോപരി അദ്ദേഹവും കൂടി മെമ്പറായ ഒരു സംഘടനയിൽ ഞാനുമുണ്ട് എന്നതിലും.എന്റെ കൊച്ചു കൊച്ചു സന്തോഷങ്ങളുമായി ഞാൻ ജീവിച്ചു പൊയ്ക്കോട്ടെ. ദയവായി ചുറ്റിനും ഉള്ളവർ നിങ്ങളുടെ കാലിലെ ചെരുപ്പാവണം എന്ന് വാശി പിടിക്കരുത്. അവർ അവർക്ക് അനുയോജ്യമായ ചെരിപ്പിട്ട് യാത്ര തുടരട്ടെ…. അതിനവരെ അനുവദിക്കൂ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *