‘സിപിഎമ്മിന്റെ എക്കാലത്തെയും പ്രമുഖ നേതാവ് വിട്ടുപിരിഞ്ഞു’, പാർട്ടിയുടെ ആദരാ‌ഞ്ജലികൾ അർപ്പിച്ച് എംവി ഗോവിന്ദൻ

തിരുവനന്തപുരം: വിഎസ് അച്യുതാനന്ദന്റെ വേർപാട് പുറംലോകത്തെ അറിയിച്ചത് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കേരളത്തിലെയും ഇന്ത്യയിലെയും കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിൽ അതുല്യമായ പങ്കുവഹിച്ച സിപിഎമ്മിന്റെ എക്കാലത്തെയും പ്രമുഖ നേതാവായ സഖാവിന്റെ നിര്യാണത്തിൽ പാർട്ടി ആദരാ‌ഞ്ജലികൾ അർപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

‘വിഎസിന്റെ ഭൗതികദേഹം ആദ്യം എകെജി പഠനഗവേഷണ കേന്ദ്രത്തിലേയ്ക്ക് കൊണ്ടുപോകാനാണ് തീരുമാനം. പൊതുദർശനം അനുവദിക്കും. ശേഷം രാത്രിയോട് കൂടി വീട്ടിലേയ്ക്ക് കൊണ്ടുപോകും. രാവിലെ ഒൻപത് മണിക്ക് പൊതുദർശനത്തിനായി ദർബാർ ഹാളിലേയ്ക്ക് കൊണ്ടുപോകും. ദ‌ർബാർ ഹാളിൽ ഔദ്യോഗിക യാത്രാമൊഴി നൽകും. ഉച്ചയ്ക്ക് ശേഷം ആലപ്പുഴയിലേയ്ക്ക് കൊണ്ടുപോകും. മറ്റെന്നാൾ രാവിലെ ഭൗതികദേഹം പാർട്ടി ജില്ലാ കമ്മിറ്റി ഓഫീസിലേയ്ക്ക് കൊണ്ടുപോകും.

ഉച്ചയ്ക്ക് ശേഷം ആലപ്പുഴ വലിയ ചുടുകാടിലായിരിക്കും സംസ്‌കാരച്ചടങ്ങുകൾ നടക്കുക. പാർട്ടി പതാകകൾ താഴ്ത്തിക്കെട്ടും, ദുഃഖാചരണം നടത്തുകയും ചെയ്യും’- എംവി ഗോവിന്ദൻ അറിയിച്ചു.കേരളത്തിലെ ജനങ്ങളുടെ ജീവിതപ്രശ്നങ്ങളിൽ ഇടപെട്ട്, ഒരു പുരുഷായുസ് മുഴുവൻ ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനായി നടത്തിയ എണ്ണമറ്റ പോരാട്ടങ്ങളുടെ ചരിത്രമാണ് വിഎസിന്റെ ജീവിതത്തിലുള്ളതെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്‌ണൻ പറഞ്ഞു. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെയും ഇടതുപക്ഷ മുന്നണിയെയും നയിക്കുന്നതിനും രൂപീകരണത്തിനും സഖാവ് വിഎസ് വഹിച്ച പങ്ക് അതുല്യമാണ്. ദീർഘനാളായി രോഗശയ്യയിലായിരുന്നു അദ്ദേഹം. അപ്പോഴും പ്രധാനപ്പെട്ട പ്രശ്നങ്ങളിൽ അദ്ദേഹം പ്രതികരിച്ചുവെന്നും ടി പി രാമകൃഷ്‌ണൻ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *