സദ്ദാമിനെ കണ്ടു ഇന്ത്യക്കാരെ രക്ഷിച്ച മനുഷ്യൻ, കെപി ഉണ്ണികൃഷ്ണൻ വിടവാങ്ങി

1971 മുതൽ 1996 വരെ 25 വർഷം തുടർച്ചയായി വടകരയെ ലോകസഭയിൽ പ്രതിനിധീകരിച്ചത് കെപി ഉണ്ണികൃഷ്ണനായിരുന്നു. ഡൽഹിയിൽ മുഴുവൻ സമയ പത്രപ്രവർത്തകനായിരുന്ന കെപി ഉണ്ണികൃഷ്ണനെ സജീവരാഷ്ട്രീയത്തിലേക്ക് കൊണ്ടുവരുന്നത് ഇന്ദിരാ ഗാന്ധിയായിരുന്നു. 71 ൽ ആദ്യമായി ലോക്സഭയിൽ എത്തുമ്പോൾ ഇന്ദിരാ ഗാന്ധിയുടെ വിശ്വസ്തനായിരുന്നു.

1980 വരെ കോൺഗ്രസ്സ് പാർടിക്കാരനായിരുന്ന ഉണ്ണികൃഷ്ണൻ 80 ൽ കോൺഗ്രസ്സ് വിട്ട് LDF സ്‌ഥാനാർത്ഥിയായി വടകര മണ്ഡലം പിടിച്ചു. 84 ലും 89ലും 91ലും ഇടതുസ്‌ഥാനാർത്ഥിയായി വിജയം ആവർത്തിച്ചു. 89 ലെ വിപി സിങ് മന്ത്രിസഭയിൽ ക്യാബിനറ്റ് റാങ്കോടെ കേന്ദ്ര ടെലികമ്മ്യൂണിക്കേഷൻ, ഷിപ്പിംഗ്, ഉപരിതല ഗതാഗത മന്ത്രിയായിരുന്നു.

കേരളത്തിൽ നിന്നുള്ള പ്രവാസികളെ ആശങ്കയിലാഴ്ത്തിയ സംഭവമായിരുന്നു 1990-ലെ ഇറാഖിന്റെ കുവൈത്ത് ആക്രമണവും തുടർന്നുള്ള യുദ്ധവും. ഒന്നര ലക്ഷത്തോളം മലയാളികൾ അന്ന് കുവൈത്തിൽ കുടുങ്ങിക്കിടക്കുകയായിരുന്നു.
വി.പി. സിംഗ് മന്ത്രിസഭയിലെ രാഷ്ട്രീയ കാര്യങ്ങൾക്കായുള്ള ക്യാബിനറ്റ് കമ്മിറ്റി അംഗമായിരുന്ന ഉണ്ണിക്കൃഷ്ണൻ കുവൈത്തിൽ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കാൻ അടിയന്തര നടപടികൾ വേണമെന്ന് പ്രധാന മന്ത്രിയെ ധരിപ്പിച്ചു.
ഐ.കെ. ഗുജ്‌റാളിനെ ഈ വിഷയം കൈകാര്യം ചെയ്യാൻ ചുമതലപ്പെടുത്തി. ഒരു ഘട്ടത്തിൽ ദൗത്യം ഉണ്ണികൃഷ്ണൻ തന്നെ ഏറ്റെടുക്കുകയും ചെയ്തു.

സദ്ദാം ഹുസൈനെ പിടികൂടാൻ യുഎസ് സൈന്യം വലിയ രീതിയിൽ കോപ്പുകൂട്ടിയ ഘട്ടത്തിലാണ് പ്രധാനമന്ത്രിയുടെ പ്രത്യേക നിർദ്ദേശപ്രകാരം ഉണ്ണികൃഷ്ണൻ ബാഗ്ദാദിലേക്ക് പോയത്. രഹസ്യകേന്ദ്രത്തിൽ വെച്ചാണ് അദ്ദേഹം സദ്ദാമിനെ കണ്ടത്. മലയാളി അഭയാർത്ഥികളെ സുരക്ഷിതമായി ജോർദാനിലെത്തിക്കാൻ സദ്ദാം എല്ലാ സഹായവും വാഗ്ദാനം ചെയ്തു.

ഇന്ത്യൻ വിമാനങ്ങൾ മാത്രമേ ഉപയോഗിക്കാവൂ എന്നും അമേരിക്കയുടെ ഒരു സഹായവും സ്വീകരിക്കാൻ പാടില്ലെന്നുമുള്ള സദ്ദാമിന്റെ നിബന്ധന ഉണ്ണികൃഷ്ണൻ അംഗീകരിച്ചു. ലോകം അതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ അഭയാർത്ഥി പലായനത്തിന് നേതൃത്വം നൽകാൻ കേന്ദ്രമന്ത്രി എന്ന നിലയിൽ ഉണ്ണിക്കൃഷ്ണനു കഴിഞ്ഞു.

രാമജന്മഭൂമി സമരങ്ങളുടെ ഭാഗമായി എൽകെ അദ്വാനി രഥയാത്രയുമായി വിഷം കലക്കാനിറങ്ങിയ ഘട്ടമായിരുന്നു അത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ കോൺഗ്രസ്സ് മുഖ്യമന്ത്രിമാർ അദ്വാനിയെ പിടിച്ചുകെട്ടാൻ തയ്യാറാവാതെ നിന്നപ്പോൾ പ്രധാനമന്ത്രി വിപി സിംഗിന്റെ നിർദ്ദേശപ്രകാരം അതിനു ധൈര്യം കാട്ടിയത് അയാളുടെ പാർടിക്കാരനായ ലാലു പ്രസാദ് യാദവായിരുന്നു. കെപി ഉണ്ണികൃഷ്ണനെപ്പോലുള്ള കാബിനറ്റ് മന്ത്രിമാർ പ്രധാനമന്ത്രിക്കു കരുത്തേകി.

1990 ഒക്ടോബർ 23-നാണ് ലാലു പ്രസാദ് യാദവിന്റെ പൊലീസ് സമഷ്ടിപൂരിൽ വെച്ച് അദ്വാനിയെ അറസ്റ്റുചെയ്തത്. 1990 നവംബർ 7 ന് അവിശ്വാസ പ്രമേയ വോട്ടെടുപ്പിൽ കോൺഗ്രസ്സും ബിജെപിയും ഒരുമിച്ചു നിന്ന് വിപി സിങ്ങിനെ താഴെയിറക്കി. രഥയാത്ര തടഞ്ഞ കുറ്റത്തിനും മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കാൻ ശ്രമിച്ചതിനുമാണ് കോൺഗ്രസും ബിജെപിയും വിപി സിംഗിനെതിരെ ഒത്തുചേർന്നത്. ആ ഒത്തൊരുമ പിന്നീട് വടകരയിൽ ഉണ്ണികൃഷ്ണനെതിരെയുമുണ്ടായി.

91-ലെ ലോകസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയായി വടകരയിൽ വീണ്ടും കെപി ഉണ്ണികൃഷ്ണനെ മുന്നണി തീരുമാനിച്ചു. ആ തെരഞ്ഞെടുപ്പിൽ ഉണ്ണികൃഷ്ണനെതിരെയായിരുന്നു കോലീബി സഖ്യം അവതരിച്ചത്. അഡ്വ. എം രത്നസിംഗ് കോലീബി സ്‌ഥാനാർത്ഥിയായി ഉണ്ണികൃഷ്ണനെ നേരിട്ടു. ബിജെപിക്കും യുഡിഎഫിനും ഒറ്റ സ്ഥാനാർഥി. രാമജന്മഭൂമി മൂവ്മെന്റ് രാജ്യത്തെ കലാപ കലുഷിതമാക്കിക്കൊണ്ടിരിക്കുന്ന കാലത്താണ് കോൺഗ്രസ്സിന്റെയും ലീഗിന്റെയും മുൻകൈയിൽ ഇടതുപക്ഷത്തെ പരാജയപ്പെടുത്താൻ പരസ്യമായ കോലീബി സഖ്യം അവതരിച്ചത് എന്നോർക്കണം.

പെട്ടന്നൊരു സുപ്രഭാതത്തിൽ പൊട്ടിമുളച്ചതൊന്നും ആയിരുന്നില്ല ഈ കോലീബി. വടകര ലോക്സഭാ തെരഞ്ഞെടുപ്പിലും ബേപ്പൂർ നിയമസഭാ തെരഞ്ഞെടുപ്പിലും മാത്രമല്ല വാർഡുമുതലങ്ങോട്ട് കേരളത്തിലങ്ങോളം അങ്ങനെയൊരു സഖ്യസാധ്യത തേടാൻ ഇക്കൂട്ടർ ശ്രമിച്ചിരുന്നു. കോൺഗ്രസ് – ലീഗ് – ബിജെപി നേതൃത്വങ്ങൾ തമ്മിൽ ഏറെക്കാലമായി നടത്തിയ ചർച്ചകളുടെ പരിസമാപ്തിയായിരുന്നു കോലീബി സഖ്യം.

തൊണ്ണൂറുകൾ പോലെ പരിവാർ അത്രയും അഗ്രസ്സീവായി ഹിന്ദുത്വ രാഷ്ട്രീയം പറഞ്ഞിരുന്ന കാലത്തുപോലും RSS-BJP യെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ പരസ്യമായി ആശ്ലേഷിക്കാൻ ഒരു ഉളുപ്പും കോൺഗ്രസ്-ലീഗ് നേതൃത്വങ്ങൾക്കുണ്ടായിരുന്നില്ല. ബേപ്പൂരിനും വടകരയ്ക്കും പുറമേ മഞ്ചേശ്വരത്ത് കെ ജി മാരാർ, തിരുവനന്തപുരം ഈസ്റ്റിൽ കെ രാമൻപിള്ള, തിരുവനന്തപുരം ലോക‌്സഭാ മണ്ഡലത്തിൽ ഒ രാജഗോപാൽ എന്നീ ബിജെപി സ്‌ഥാനാർഥികൾക്കും യുഡിഎഫ് രഹസ്യ പിന്തുണ നൽകാൻ ധാരണയിലെത്തി. പകരം ബാക്കി മുഴുവൻ മണ്ഡലങ്ങളിലും ബിജെപി വോട്ടുകൾ യുഡിഎഫിനു നൽകും എന്നായിരുന്നു ഡീൽ.

ബിജെപി സഹായത്തിൽ കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിച്ചെങ്കിലും പരസ്യ കോലീബി സഖ്യത്തെ കേരളം തൂത്തെറിഞ്ഞു. വടകരയിലെയും ബേപ്പൂരിലെയും ജനത തങ്ങളുടെ രാഷ്ട്രീയ പ്രബുദ്ധത തെളിയിച്ചു. ഇടതുപക്ഷത്തിനും ഉണ്ണികൃഷ്ണനുമായിരുന്നു വടകരയിലെ ജയം.

ഇന്ത്യൻ രാഷ്ട്രീയത്തിൽ നിറഞ്ഞു നിന്ന മലയാളിയാണ് വിടവാങ്ങിയത്.
കോൺഗ്രസ്സ് പാർടിയെ കെപി ഉണ്ണികൃഷ്ണനോളം അടുത്തുനിന്നും വിലയിരുത്തിയ മറ്റൊരു പത്ര പ്രവർത്തകനുണ്ടാവില്ല. ദേശീയ രാഷ്ട്രീയത്തിൽ ഉണ്ണികൃഷ്ണനോളം നിറഞ്ഞുനിന്ന മറ്റൊരു കോൺഗ്രസ്സുകാരനും സമീപകാലത്ത് കേരളത്തിൽ നിന്നുണ്ടായിട്ടുമില്ല. കോൺഗ്രസുകാരനിൽ നിന്നും വടകരയിലെ ഇടതുതേരോട്ടത്തിന്റെ മുന്നണിപ്പോരാളിയായി മാറുകയായിരുന്നു അദ്ദേഹം. കോൺഗ്രസ്സ് ഹിന്ദുത്വ രാഷ്ട്രീയത്തിന് അറിയറവു പറഞ്ഞതാണ് ബിജെപിയുടെ വളർച്ചയ്ക്കു കാരണമെന്ന് എക്കാലവും വിലയിരുത്തിയയാളാണ് കെപി ഉണ്ണികൃഷ്ണൻ. വടകരയുടെ മണ്ണിൽ കോലീബിയെ നേരിടേണ്ടി വന്ന ഉണ്ണികൃഷ്ണന് മറ്റാരേക്കാളും അതു മനസ്സിലാകുമല്ലോ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *