വേലിക്കകത്ത് വീട്ടിൽ നിന്ന് അവസാന ഇറക്കം; വിലാപയാത്ര സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക്

ആലപ്പുഴ: കേരളത്തിൻ്റെ സമരചരിത്രത്തിലേക്ക് ധീരോദാത്തമായ ഒരു നൂറ്റാണ്ട് സമ്മാനിച്ച വേലിക്കകത്ത് വീട്ടിലേക്ക് ഇനി സമരസൂര്യൻ മടങ്ങിയെത്തില്ല. അന്തരിച്ച മുൻ മുഖ്യമന്ത്രി വിഎസിൻ്റെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര വേലിക്കകത്ത് വീട്ടിൽ നിന്ന് ആലപ്പുഴയിലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് കൊണ്ടുപോയി. ആയിരക്കണക്കിന് ആളുകളാണ് വിഎസിന് അന്ത്യാഭിവാദ്യമർപ്പിക്കാൻ വീട്ടിലെത്തിയത്. നിശ്ചയിച്ച സമയക്രമമെല്ലാം തെറ്റിച്ചാണ് എന്നും സമയനിഷ്ഠ പുലർത്തിയ വിഎസിൻ്റെ അവസാനയാത്ര.
തിരുവനന്തപുരത്ത് സംസ്ഥാന സെക്രട്ടേറിയേറ്റിന് മുന്നിൽ ആൾക്കൂട്ടത്തിൻ്റെ ആദരമേറ്റുവാങ്ങി വിഎസിൻ്റെ വിലാപയാത്ര 22 മണിക്കൂർ കൊണ്ടാണ് പുന്നപ്രയിലെ വീട്ടിലേക്ക് എത്തിയത്. വഴിനീളെ പെരുമഴയത്തും അർധരാത്രിക്കപ്പുറവും തടിച്ചുകൂടിനിന്ന പതിനായിരക്കണക്കിന് മനുഷ്യരുടെ ആദരം അദ്ദേഹം ഏറ്റുവാങ്ങി. ഒടുവിൽ പുന്നപ്രയിലെ വീട്ടിലെത്തിയപ്പോൾ അവിടം മറ്റൊരു ജനസാഗരമായി മാറിക്കഴിഞ്ഞിരുന്നു. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിൽ നിന്നുള്ള നൂറ് കണക്കിനാളുകൾ രാവിലെ മുതല്‍ വീട്ടിലെത്തി കാത്തുനില്‍ക്കുകയായിരുന്നു.
ഇന്ന് രാവിലെ ഒമ്പത് മണിയോടെ പുന്നപ്രയിലെ വീട്ടിലേക്ക് വിലാപയാത്ര എത്തുമെന്നായിരുന്നു കരുതിയിരുന്നത്. തിരുവമ്പാടിയിലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലെ പൊതുദർശനം വെട്ടിച്ചുരുക്കിയിട്ടുണ്ട്. ഇവിടെ നിന്ന് അര മണിക്കൂറിനുള്ളിൽ പൊതുദർശനം പൂർത്തിയാക്കി ബീച്ച് റിക്രിയേഷൻ ഗ്രൗണ്ടിലേക്ക് വിലാപയാത്ര നീങ്ങും. പൊതുജനങ്ങൾക്ക് ഇവിടെയും വിഎസിന് അന്ത്യാഭിവാദ്യം അർപ്പിക്കാനാവും. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം പ്രമുഖ നേതാക്കൾ ജില്ലാ കമ്മിറ്റി ഓഫീസിലുണ്ട്. സംസ്കാര സമയത്തിൽ മാറ്റമുണ്ടാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ വ്യക്തമാക്കിയതാണ്.