മൊണാലിസയ്ക്ക് സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത സംവിധായകന്റെ പീഡനം

ന്യൂഡൽഹി: മഹാകുംഭമേളയിൽ വൈറലായ മൊണാലിസ എന്ന യുവതിയെ വച്ച് സിനിമ ചെയ്യുമെന്ന പ്രഖ്യാപനം നടത്തിയ സംവിധായകൻ പീഡനക്കേസിൽ അറസ്​റ്റിലായി. പത്തിലധികം ഹിന്ദി ചിത്രങ്ങൾ സംവിധാനം ചെയ്ത സനോജ് കുമാർ മിശ്രയെയാണ് ഡൽഹി പൊലീസ് അറസ്​റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട് ഇയാൾ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തളളിയതിനെ തുടർന്നാണ് പൊലീസ് കസ്​റ്റഡിയിൽ എടുത്തത്.

2020ലാണ് സനോജ് കുമാറും പരാതിക്കാരിയും സോഷ്യൽ മീഡിയ വഴി പരിചയത്തിലായത്. ആ സമയത്ത് സംവിധായകൻ ഉത്തർപ്രദേശിലെ ത്സാൻസിയിലായിരുന്നു താമസം. സൗഹൃദത്തിലായതോടെ പ്രതി ആത്മഹത്യാ ഭീഷണി മുഴക്കുകയും നേരിട്ട് കാണുകയായിരുന്നുവെന്നും യുവതി പൊലീസിന് മൊഴി നൽകി. തുടർന്ന് 2021 ജൂൺ 18ന് ഒരു റിസോർട്ടിൽ കൊണ്ടുപോയി ലഹരിമരുന്ന് നൽകി തന്നെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതി. സംഭവം പുറത്തറിയാതിരിക്കാൻ സനോജ് തന്റെ സ്വകാര്യചിത്രങ്ങളും വീഡിയോകളും എടുത്തിരുന്നു.

പിന്നീട് വിവാഹം കഴിക്കാമെന്നും സിനിമയിൽ അവസരങ്ങൾ വാങ്ങിതരാമെന്നും പറഞ്ഞ് സനോജ് യുവതിയുമായി വീണ്ടും സൗഹൃദത്തിലാകുകയായിരുന്നു. ഇതിനിടയിൽ ലിവിംഗ് റിലേഷനിലാകാമെന്ന് സനോജ് യുവതിയോട് ആവശ്യപ്പെട്ടിരുന്നു. പ്രതി തന്നെ നിരന്തരമായി ലൈംഗികമായി പീഡിപ്പിച്ചെന്നും മൂന്ന് തവണ ഗർഭഛിദ്രം നടത്തേണ്ടി വന്നെന്നും യുവതി ആരോപിക്കുന്നു. ഒടുവിൽ 2025 ഫെബ്രുവരിയോടെ ഇരുവരും വേർപിരിയുകയായിരുന്നു.തനിക്കെതിരെ പരാതി കൊടുത്താൽ സ്വകാര്യചിത്രങ്ങൾ പ്രചരിപ്പിക്കുമെന്നും സനോജ് പരാതിക്കാരിയെ ഭീഷണിപ്പെടുത്തിയിരുന്നു. ഇയാൾക്കെതിരെ പീഡനം,ഗർഭം അലസിപ്പിക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കു​റ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.യുവതിക്ക് ഗർഭഛിദ്രം നടത്തിയതുമായി ബന്ധപ്പെട്ടുളള മെഡിക്കൽ രേഖകൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. 45കാരനായ സനോജ് കുമാർ മിശ്ര കുടുംബത്തോടൊപ്പം മുംബയിലായിരുന്നു താമസിച്ചിരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *