ഷൈൻ ടോം ചാക്കോയുടെ പിതാവിന്റെ സംസ്‌കാര ചടങ്ങുകൾ പൂർത്തിയായി

0

തൃശൂർ: സേലത്ത് വാഹനാപകടത്തിൽ മരിച്ച നടൻ ഷൈൻ ടോം ചാക്കോയുടെ പിതാവ് സിപി ചാക്കോയുടെ സംസ്‌കാരം മുണ്ടൂർ പരിശുദ്ധ കർമ്മലമാതാ പള്ളി സെമിത്തേരിയിൽ നടന്നു. അന്ത്യാഞ്ജലി അർപ്പിക്കാൻ സുഹൃത്തുക്കളും നാട്ടുകാരും പള്ളിയിൽ എത്തി. പള്ളിയിലെ പ്രാർത്ഥനകൾക്ക് ശേഷമാണ് മൃതദേഹം കല്ലറയിലേക്ക് എത്തിച്ചത്. സിനിമാ മേഖലയിൽ നിന്നുള്ളവരും സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ പള്ളിയിൽ എത്തി.

ന്യൂസിലൻഡിൽ താമസിക്കുന്ന, ഷൈൻ ടോമിന്റെ സഹോദരിമാരായ സുമി മേരി ചാക്കോയും റിയ മേരി ചാക്കോയും നാട്ടിലെത്താനായാണ് സംസ്‌കാരച്ചടങ്ങുകൾ ഇന്നത്തേക്ക് മാറ്റിയത്. ഇരുവരും കുടുംബത്തോടൊപ്പം ഇന്നലെ പുലർച്ചെ മൂന്നോടെ തൃശൂരിലെ വീട്ടിലെത്തി.തൃശൂരിലെ ജൂബിലി മിഷൻ ആശുപത്രി മോർച്ചറിയിൽ നിന്ന് ചാക്കോയുടെ മൃതദേഹം ഇന്നലെ വൈകിട്ട് നാലരയോടെ മുണ്ടൂരിലെ വസതിയിലെത്തിച്ച് പൊതുദർശനത്തിന് വച്ചിരുന്നു. സേലം ബംഗളൂരു പാതയിൽ ധർമ്മപുരി ഹൊഗെനക്കൽ പാലക്കോട്ട് വെള്ളിയാഴ്ച പുലർച്ചെ അഞ്ചരയോടെ നടന്ന അപകടത്തിലാണ് നടൻ ഷൈൻ ടോം ചാക്കോയുടെ പിതാവ് മുണ്ടൂർ ചെറുവത്തൂർ വീട്ടിൽ സി.പി.ചാക്കോ കൊല്ലപ്പെട്ടത്.

ഷൈനിന്റെ ചികിത്സയ്ക്കായി ബംഗളൂരുവിലേക്ക് കുടുംബസമേതം പോകുന്നതിനിടെയായിരുന്നു അപകടം.മുൻപിൽ സഞ്ചരിക്കുകയായിരുന്ന ചരക്കുലോറി പെട്ടെന്ന് ട്രാക്ക് മാറിയപ്പോൾ നിയന്ത്രണം കിട്ടാതെ ഷൈനും കുടുംബവും സഞ്ചരിച്ചിരുന്ന കിയ കാർണിവൽ പിറകിൽ ഇടിക്കുകയായിരുന്നു. ഈ സമയം ഷൈനും പിതാവ് ചാക്കോയും അമ്മ മരിയയും പിറകിലെ സീറ്റിലും ഷൈനിന്റെ സഹോദരൻ ജോ ജോൺ ചാക്കോ ഡ്രൈവർക്ക് ഇടതുവശമുള്ള സീറ്റിലുമായിരുന്നു. ഷൈനിന്റെ സഹായി അനീഷായിരുന്നു കാർ ഓടിച്ചിരുന്നത്.പിതാവ് ചാക്കോയുടെ സംസ്‌കാരത്തിനുശേഷം ഷൈനിന് ശസ്ത്രക്രിയ നടത്താനാണ് തൃശൂർ സൺ ആശുപത്രി മെഡിക്കൽ ബോർഡിന്റെ തീരുമാനം. കൈക്ക് പ്ലാസ്റ്ററിട്ടതിനാൽ ശസ്ത്രക്രിയ പിന്നീട് മതിയെന്ന് ഡോക്ടർ നിർദ്ദേശിച്ചിട്ടുണ്ട്. ഇടുപ്പിന് പരിക്കേറ്റ അമ്മയ്ക്കും ആറാഴ്ചത്തെ ചികിത്സ വേണ്ടിവരും. ഇന്ന് രാവിലെ മുണ്ടൂർ കർമ്മലമാത പള്ളിയിൽ പിതാവ് ചാക്കോയുടെ സംസ്‌കാരച്ചടങ്ങുകളിൽ ഷൈൻ ടോമും പങ്കെടുക്കുമെന്ന് കുടുംബം അറിയിച്ചു.

പരിക്കേറ്റ ഷൈനിനെയും അമ്മ മരിയയെയും വെള്ളിയാഴ്ച രാത്രി പത്തോടെയാണ് തൃശൂരിലെ സൺ ആശുപത്രിയിലെത്തിച്ചത്. ഷൈനിനെ കാണാൻ നിരവധി സിനിമാപ്രവർത്തകരും ആശുപത്രിയിലെത്തുന്നുണ്ട്. നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി, സംവിധായകൻ കമൽ, നടൻമാരായ ടൊവിനോ തോമസ്, ജയസൂര്യ, ശ്രീനാഥ് ഭാസി തുടങ്ങിയവർ ആശുപത്രിയിൽ ഷൈനിനെയും അമ്മയെയും സന്ദർശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here